യാസിര്‍ അറഫാത്തിനെ വിഷം കൊടുത്തു കൊന്നതാണെന്ന് തെളിഞ്ഞു

Posted on: November 7, 2013 2:39 am | Last updated: November 7, 2013 at 5:48 pm

arafath

ലണ്ടന്‍: മുന്‍ ഫലസ്തീന്‍ പ്രസിഡന്റും ഫലസ്തീന്‍ പോരാളി നേതാവുമായിരുന്ന യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നുള്ള സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് അല്‍ ജസീറ പുറത്തുവിട്ടു. സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പരിശോധന നടത്തിയത്. 2004ല്‍ അറഫാത്ത് മരണപ്പെട്ടത് സ്‌ട്രോക്ക് കാരണമാണെന്നായിരുന്നു ഔദ്യോഗികമായി പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തെ കൊന്നതാണെന്ന ആരോപണം ശക്തമായപ്പോള്‍ പരിശോധനക്കായി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം കുഴിച്ചെടുക്കുകയായിരുന്നു. റിപ്പോര്‍ട്ട് അറഫാത്തിന്റെ ഭാര്യ സുഹക്ക് കൈമാറി എന്നും അല്‍ജസീറ അറിയിച്ചു.

അണുവികിരണമായ പൊളോണിയം എന്ന രാസവസ്തുവിന്റെ അമിതമായ സാന്നിദ്ധ്യം അറഫാത്തിന്റെ ശരീരത്തില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫലസ്തീന്‍ ആരോപിച്ചിരുന്നത് ഇസ്രായേലാണ് അറഫാത്തിന്റെ മരണത്തിന് പിന്നില്‍ എന്നായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇത് നിഷേധിച്ചിരുന്നു.

2004 ഒക്ടോബര്‍ 12ന് ഭക്ഷണം കഴിച്ച ഉടനെ ഛര്‍ദിക്കുയും അതിനു ചികിത്സ തേടുകയുമായിരുന്നു അറഫാത്ത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജോര്‍ദാനിലെ ആശുപത്രിയിലും പിന്നീട് പാരീസിലെ സൈനിക ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് 2004 നവംബര്‍ 11ന് അറഫാത്ത് മരണപ്പെട്ടത്.