Connect with us

Gulf

എറണാകുളം പ്രവാസി അസോസിയേഷന്‍ ദശവത്സരാഘോഷ സമാപനം ഒമ്പതിന്‌

Published

|

Last Updated

ദുബൈ: എറണാകുളം ജില്ലയിലെ വിദേശ മലയാളികളുടെ കൂട്ടായ്മയായ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (ഇ പി ഡബ്ലു എ) ദശവത്സരാഘോഷ പരിപാടികള്‍ക്ക് ഒമ്പതിന് സമാപനം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജ്മാനിലാണ് ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികള്‍ക്ക് തിരശീല വീഴുക.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. അജ്മാന്‍ റമദ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി അറബ് പ്രമുഖനും യു എ ഇ ഭരണകുടുംബാംഗവും അറബ് ബേങ്ക് വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ റാശിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യും.
എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഇസ്മായേല്‍ റാവുത്തര്‍ ആമുഖ പ്രഭാഷണം നടത്തും. പ്രസിഡന്റ് വി കെ ബേബി അധ്യക്ഷത വഹിക്കും. ജന. സെക്രട്ടറി കെ വി ഇബ്രാഹിം കുട്ടി ദശവത്സര സംഘടനാ റിപ്പോര്‍ട് അവതരിപ്പിക്കും. അറബ് പ്രമുഖരും വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി വിപുലമായ കലാസന്ധ്യയോടെയാണ് സമാപിക്കുക. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ജനസമ്മാന്‍ കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ വി തോമസിന് സമ്മാനിക്കും.
2002ല്‍ യു എ ഇ കേന്ദ്രീകരിച്ചാണ് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തുടക്കം കുറിച്ചത് അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിവരുന്ന സംഘടന കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാല് കോടിയിലധികം രൂപ ഈ കാലയളവില്‍ നിര്‍ധന രോഗികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവാഹ സഹായത്തിനുമായി അസോസിയേഷന്‍ ചെലവഴിച്ചു. തൃപ്പൂണിത്തറ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രത്യേക പ്രവാസി സംഗമങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇസ്മായേല്‍ റാവുത്തര്‍, വി കെ ബേബി, കെ വി ഇബ്രാഹിം കുട്ടി സംബന്ധിച്ചു.