Wayanad
കോണ്‍ഗ്രസ് മതിയായ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി ഈഴവ, തിയ്യ വിഭാഗങ്ങള്‍

കല്‍പറ്റ: കോണ്‍ഗ്രസ് മതിയായ പരിഗണന നല്‍കുന്നില്ലെന്ന് വയനാട്ടിലെ ഈഴവ, തിയ്യ വിഭാഗങ്ങള്‍ക്ക് പരിഭവം. നേതൃസ്ഥാനങ്ങളും അധികാര കസേരകളും പാര്‍ട്ടിയിലെ ക്രിസ്ത്യന്‍, നായര്‍ ശക്തികള്‍ കയ്യടക്കുകയും ചില അപ്പത്തുണ്ടുകള്‍ മാത്രം നല്‍കി തങ്ങളെ ഒതുക്കുകയുമാണെന്നാണ് അവരുടെ വിലയിരുത്തല്‍. ഇക്കാര്യം എസ്.എന്‍.ഡി.പി യൂനിയന്‍ യോഗങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നുമുണ്ട്.
ജില്ലയില്‍ ജനസംഖ്യയില്‍ 37 ശതമാനത്തോളം ഈഴവ, തിയ്യ വിഭാഗങ്ങളാണ്. മറ്റുപല ജില്ലകളിലേതില്‍നിന്നു വ്യത്യസ്തമായി വയനാട്ടില്‍ ഈ വിഭാഗങ്ങളിലേറെയും കോണ്‍ഗ്രസിനൊപ്പമാണ്. എന്നിട്ടും പാര്‍ട്ടി നേതൃത്വത്തിലും അധികാരസ്ഥാനങ്ങളിലും മാന്യമായ പരിഗണന ലഭിക്കാത്തതിനെതിരെ ശക്തമായി രംഗത്തുവരാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസിലെ സജീവപ്രവര്‍ത്തകരായ ഈഴവ, തിയ്യ സമുദായാംഗങ്ങളില്‍ ചിലര്‍ പറഞ്ഞു.
നിലവില്‍ ഡി.സി.സി ഭാരവാഹികളില്‍ കെ.സി.നാണു, കെ.കെ.ഗോപിനാഥന്‍, പി.എം.പ്രസന്നസേനന്‍, ശകുന്തള ഷണ്‍മുഖന്‍, വി.എന്‍. ലക്ഷ്മണന്‍ എന്നിവര്‍ മാത്രമാണ് ഈഴവ, തിയ്യ വിഭാഗങ്ങളില്‍നിന്നുള്ളത്. ഡി.സി.സി അധ്യക്ഷസ്ഥാനം പതിറ്റാണ്ടുകളായി പാര്‍ട്ടിയിലെ നായര്‍, ക്രിസ്ത്യന്‍ ലോബികളുടെ വരുതിയിലാണ്. നേതൃപാടവമുള്ള നിരവധി ഈഴവ,തിയ്യ സമുദായാംഗങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ട്. എങ്കിലും ഇവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ ജില്ലാ സാരഥ്യത്തിലേക്ക് കടന്നുവരുന്നതിനു ക്രിസ്ത്യന്‍, നായര്‍ കൂട്ടുകെട്ട് തടയിടുകയാണെന്ന് ഈഴവരും തിയ്യരും കരുതുന്നു.
ജില്ലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നില്‍പ്പോലും പ്രസിഡന്റ് പദവിയില്‍ ഈഴവ, തിയ്യ വിഭാഗക്കാരില്ല. അമ്പലവയല്‍ പഞ്ചായത്തില്‍ ഈഴവ വിഭാഗത്തില്‍നിന്നുള്ള എന്‍.സി.കൃഷ്ണകുമാറിന് ഭരണകാലയളവിന്റെ രണ്ടാം പകുതിയില്‍ പ്രസിഡന്റ് സ്ഥാനം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തേ പറഞ്ഞുവെങ്കിലും കാര്യത്തോട് അടുത്തപ്പോള്‍ നിലപാട് മാറ്റി.
ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കിന്റെ വൈസ്‌ചെയര്‍മാന്‍ സ്ഥാനം ഈഴവ സമുദായത്തിലെ ആര്‍.പി.ശിവദാസിനു നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു പദവിയില്‍നിന്നു നീക്കി. ബാങ്കില്‍ ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റങ്ങളിലും നടന്ന ക്രമക്കേടുകള്‍ക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് ശിവദാസിനു കസേര നഷ്ടപ്പെട്ടത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ ക്രിസ്ത്യന്‍ ലോബിയാണ് ഇതിനു പിന്നിലെന്ന ചിന്താഗതിയും ഈഴവ, തിയ്യ വിഭാഗങ്ങളില്‍ ശക്തമാണ്.
ബത്തേരി കാര്‍ഷിക വികസന ബാങ്ക്, തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വസ് സഹകരണ ബാങ്ക് എന്നിവ ഒഴികെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളുടെ സാരഥ്യത്തിലും ഈഴവ, തിയ്യ സമുദായക്കാര്‍ ഇല്ല.
ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും മറ്റധികാരസ്ഥാനങ്ങളിലും തങ്ങള്‍ തീര്‍ത്തും തഴയപ്പെട്ടുവെന്ന് ഈഴവരും തിയ്യരും കരുതുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ജില്ലയില്‍ നറുക്കുവീണത് ക്രിസ്ത്യാനിയായ കെ.സി.റോസക്കുട്ടി ടീച്ചര്‍ക്കാണ്. മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പദവി ലഭിച്ചത് നായര്‍ വിഭാഗത്തിലെ പി.കെ.ഗോപാലന്. ക്രൈസ്തവനായ എന്‍.ഡി.അപ്പച്ചനെയാണ് മലയോര വികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ കസേരയില്‍ പാര്‍ട്ടി ഇരുത്തിയത്. കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡിലേക്ക് പരിണിച്ചത് മുസ്‌ലിം സമുദായാംഗമായ വി.എ.മജീദിനെ. ഈ പദവികള്‍ വഹിക്കാന്‍പോന്നവര്‍ തങ്ങളുടെ സമുദായത്തില്‍ വേണ്ടുവോളം ഉണ്ടായിട്ടും പരിഗണന ലഭിച്ചില്ലെന്ന് ഈഴവ, തിയ്യ വിഭാഗങ്ങളില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നു. മീനങ്ങാടിയില്‍ എന്‍.കുമാരന്‍ മാസ്റ്ററെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍നിന്നു അകറ്റിയതും പുല്‍പള്ളിയില്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി.എന്‍.ശിവനെ നിരന്തരം ഒതുക്കുന്നതും കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍, നായര്‍ ചങ്ങാതിക്കൂട്ടമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
1987ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നായര്‍ വിഭാഗത്തില്‍നിന്നുള്ള കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. വിമതനായി പുല്‍പള്ളിയില്‍നിന്നുള്ള ടി.യു.ജേക്കബ്ബും രംഗത്തുണ്ടായിരുന്നു. വാശിയേറിയ ത്രികോണ മത്സരത്തില്‍ ടി.യു.ജേക്കബ്ബ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രാമചന്ദ്രന്‍ മാസ്റ്ററാണ് ജയിച്ചുകയറിയത്. ഈ വിജയത്തിനു പിന്നില്‍ ഈഴവ, തിയ്യ വോട്ടുകളായിരുന്നു. ഈ യാഥാര്‍ഥ്യം പാര്‍ട്ടിയിലെ ക്രിസ്ത്യന്‍,നായര്‍ അച്ചുതണ്ട് പിന്നീട് വിസ്മരിച്ചുവെന്ന് ഈഴവ, തിയ്യ പ്രമുഖര്‍ പറയുന്നു.