Connect with us

Palakkad

കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോ നവീകരണ പ്രവൃത്തി അടുത്ത മാസം

Published

|

Last Updated

പാലക്കാട്: കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോയുടെ നവീകരണ പ്രവൃത്തി ഡിസംബര്‍ ആദ്യവാരത്തില്‍ തുടങ്ങും. 15 കോടി രൂപ ചെലവില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡും ഒപ്പം വിവിധോദ്ദേശ്യ വ്യാപാരസമുഛയവുമാണ് നിര്‍മിക്കുക.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നവീകരണ പ്രവൃത്തി തുടങ്ങാന്‍ തീരുമാനമായത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി വരുത്തുന്ന താല്‍ക്കാലിക ക്രമീകരണങ്ങളെക്കുറിച്ച് കലക്ടറേറ്റില്‍ ഉന്നതതല ആലോചനായോഗം ചേര്‍ന്നു. ബസ് ഗ്യാരേജും ഭരണവിഭാഗവും അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിനുസമീപം പ്രവര്‍ത്തിക്കും.
ബസുകളെല്ലാം സ്‌റ്റേഡിയം സ്റ്റാന്‍ഡിനു സമീപം കിഴക്കുവശത്തുള്ള താത്ക്കാലിക സ്റ്റാന്‍ഡില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. പട്ടാമ്പി, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ടൗണ്‍ സ്റ്റാന്‍ഡില്‍നിന്നായിരിക്കും സര്‍വീസ് തുടങ്ങുക. നവീകരണത്തിന്റെ ഭാഗമായി ഇതരവകുപ്പുകളുമായുള്ള നടപടിക്രമം ത്വരിതഗതിയിലാക്കാന്‍ യോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ടെന്‍ഡര്‍ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കെ എസ് ആര്‍ ടി സി. എം ഡി. കെ ജി മോഹന്‍ലാല്‍, ചീഫ് എന്‍ജിനി യര്‍ സിന്ധു, എഡി എം. കെ ഗണേശന്‍, കെ എസ് ആര്‍ ടി സി ഉന്നത ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ ചെയര്‍മാന്‍ എ അബ്ദുള്‍ഖുദ്ദൂസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

Latest