Connect with us

Malappuram

തറയില്‍ കിടക്കാന്‍ തയ്യാറാണോ? ആശുപത്രിയില്‍ ചികിത്സ റെഡി

Published

|

Last Updated

മലപ്പുറം: ചികിത്സ നല്‍കാം, ആശുപത്രിയുടെ തറയില്‍ കിടക്കേണ്ടിവരും. ഇതാണ് മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ നട്ടംതിരിയുകയാണ്. 116 കിടക്കകളാണ് ആശുപത്രിയിലുള്ളത്. രോഗികളുടെ തിരക്കുകാരണം തറയില്‍ കിടക്കാന്‍ തയ്യാറുള്ളവരെ മാത്രമേ ഇപ്പോള്‍ പ്രവേശിപ്പിക്കുന്നുള്ളു.
ഇതോടെ ആശുപത്രിയുടെ തറയില്‍ കിടക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റിയിരിക്കുകയാണിപ്പോള്‍. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ശേഷവും ഇതുവരെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
അടുത്തിടെ രണ്ടുതവണ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒന്നുപോലും നടപ്പിലായിട്ടില്ല. കഴിഞ്ഞ മാസം 30,000 പേരാണ് ഒ പി വിഭാഗത്തില്‍ മാത്രം പരിശോധനക്കെത്തിയത്.
24 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 11 പേരാണുള്ളത്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ഒരുഡോക്ടര്‍ മാത്രമാണ് ഇവിടെയുള്ളത്. നാല് കാഷ്യാലിറ്റി ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ പോലുമില്ല.
നിലവിലുള്ള ഡോക്ടര്‍മാരാണ് കാഷ്യാലിറ്റിയിലും പരിശോധിക്കുന്നത്. 24 നഴ്‌സുമാര്‍ വേണ്ടിടത്ത് 11 സ്ഥിരം നഴ്‌സുമാരാണുള്ളത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് എട്ടുപേരെ നിയമിച്ചിട്ടുണ്ട്.
ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കേണ്ട തുകയാണ് നഴ്‌സുമാര്‍ക്ക് ശമ്പളത്തിനായി ചിലവഴിക്കുന്നത്. ജീവനക്കാരുടെ നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ധനമന്ത്രി കെ എം മാണിയുടെ പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്ന നിലപാടാണ് ആശുപത്രിക്ക് വിനയായത്.