Connect with us

Kerala

ഇടത് ചേരിയില്‍ ഇനി പിണറായി യുഗം

Published

|

Last Updated

തിരുവനന്തപുരം: പതിവുകാര്‍ക്കശ്യം പടിപ്പുറത്ത് നിര്‍ത്തി ചെറുപുഞ്ചിരിയോടെയാണ് ഇന്നലെ പിണറായി വിജയന്‍ എ കെ ജി സെന്ററിലെ വാര്‍ത്താസമ്മേളന ഹാളിലെത്തിയത്. എട്ടു വര്‍ഷമായി തന്റെ നേരിപ്പോടില്‍ വെന്തുനീറിയിരുന്നതെന്തോ അത് നീങ്ങിയതിന്റെ ലക്ഷണം ആ ശരീരഭാഷയില്‍ പ്രകടം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയൊരു യുഗപ്പിറവിയാണിതെന്ന് വാക്കുകളില്‍ വ്യക്തം. രാഷ്ട്രീയ കേരളം ഇനി കാണാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചേരിയുടെ നായകന്‍ പിണറായി വിജയനാകുമെന്ന് അടിവരയിടുകയാണ് സി ബി ഐ കോടതി വിധി. താന്‍ നേരിട്ട പ്രതിസന്ധിയുടെ ആഴം വായിച്ചെടുക്കാവുന്ന വാക്കുകളായിരുന്നു പിണറായിയുടേത്.
സമീപകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരാളുണ്ടാകില്ല. പിണറായിയുടെ വാക്കുകള്‍ കടം കൊണ്ടാല്‍ വളഞ്ഞിട്ടുള്ള അക്രമം. ഇക്കാര്യത്തില്‍ പക്ഷം മറന്നുള്ള യോജിപ്പ്. പുതിയ വെളിപ്പെടുത്തലുകളും സി ബി ഐയുടെ നിഗമനങ്ങളും വിലയിരുത്തി മാധ്യമങ്ങളും നിലയുറപ്പിച്ചു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പിന്നില്‍ നിന്ന് കുത്തിയപ്പോള്‍ പിണറായി വല്ലാതെ വിയര്‍ത്തു. രാഷ്ട്രീയത്തിലെ ബാലപാഠം നല്‍കിയ പോരാട്ടവീര്യം ഇതിനെയെല്ലാം നേരിടാന്‍ പിണറായിയെ പ്രാപ്തനാക്കി. തല്ലുകളെയും തലോടലുകളെയും സ്വതസിദ്ധ ശൈലിയില്‍ പിണറായി നേരിട്ടു. പാര്‍ട്ടി നിരത്തിയ കാരണങ്ങള്‍ വേറെയാണെങ്കിലും ലാവ്‌ലിന്‍ മൂലം രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിന്ന് പിണറായിക്ക് മാറി നില്‍ക്കേണ്ടി വന്നു. പാര്‍ലിമെന്ററി ജീവിതം അന്യമായി കൊണ്ടിരുന്ന ഘട്ടത്തിലാണ് സി ബി ഐ കോടതിയില്‍ ആശ്വാസ വിധി വരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് അടുത്ത സമ്മേളനത്തോടെ പിണറായിക്ക് സെക്രട്ടറി പദം ഒഴിയേണ്ടതുണ്ട്. അതിനാല്‍ പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായിയുടെ വഴി ഇനി എളുപ്പമാകും.
സോളാര്‍ സമരത്തോടെ തന്നെ പിണറായി ഇടത് ചേരിയിലെ നായകന്റെ പരിവേഷത്തിലെത്തിയിരുന്നു. പതിനായിരങ്ങളെ അണിനിരത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദാഹരണം. എല്‍ ഡി എഫിന്റെ നേതൃതലത്തില്‍ പിണറായി വരണമെന്ന മുറവിളി ഘടകകക്ഷികളില്‍ നിന്ന് തന്നെ ഉയര്‍ന്നു തുടങ്ങിയിട്ടുമുണ്ട്.
അടിയന്തരാവസ്ഥയുടെ ദുരിത പര്‍വങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീക്കാറ്റിലാണ് പിണറായിയെ കേരളം തിരിച്ചറിഞ്ഞത്. അനുഭവങ്ങളുടെ കരുത്ത് തന്നെയാണ് പ്രതിസന്ധികളെ നേരിടാന്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ പാകപ്പെടുത്തിയത്. മികച്ച നേതൃപാടവം, സംഘാടക മികവ്, പാര്‍ട്ടി അച്ചടക്കത്തിന് മേല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.
സി പി എം നേതൃനിരയിലെ കാര്‍ക്കശ്യമുള്ള ശബ്ദമാണ് പിണറായിയുടേത്. സംഘടനാ നേതൃപാടവത്തില്‍ ഒരുതരം പിണറായി സ്റ്റൈല്‍ തന്നെ അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമില്ല. എതിര്‍പ്പിന്റെ ചെറുകണികയെ പോലും നിഷ്‌കരുണം അറുത്തു മാറ്റും.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ ജനനം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രവേശം. തലശ്ശേരി ബ്രണ്ണന്‍കോളജില്‍ ബി എ ഇക്കണോമിക്‌സിന് പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (കെ എസ് എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകന്‍. കെ എസ് എഫ് സംസ്ഥാന സെക്രട്ടറി, കെ എസ്‌വൈ എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാ പ്ലീനത്തില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 60കളുടെ ആദ്യംമുതലേ പലപ്പോഴായി പോലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് എം എല്‍ എയായിരിക്കെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. ആ സമയത്ത് പതിനെട്ട് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെത്തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത് മുതല്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരിക്കെ 1998 സെപ്തംബറിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനവും 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനവും കോട്ടയത്ത് 2008 ഫെബ്രുവരിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനവും പിണറായിയെ തന്നെ സെക്രട്ടറിയാക്കി. 1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി, പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവ് പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1996ല്‍ പയ്യന്നൂരില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ മന്ത്രിയായി.

---- facebook comment plugin here -----