Connect with us

Editorial

ധാര്‍മിക വിദ്യാഭ്യാസത്തിന് കോടതി ആഹ്വാനം

Published

|

Last Updated

ധാര്‍മിക വിദ്യാഭ്യാസം നല്‍കി കുട്ടികളുടെ സദാചാരനിഷ്ഠമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ക്കുള്ള താക്കീതാണ് തിങ്കളാഴ്ചത്തെ ഡല്‍ഹി കോടതി വിധി. മൊബൈല്‍ ഫോണും ടി വി ചാനലുകളും സോഷ്യല്‍ മീഡിയയും വ്യാപകമായ നിലവിലെ ചുറ്റുപാടില്‍ സന്താനങ്ങള്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടത് രക്ഷിതാക്കളുടെ അനിവാര്യ ഉത്തരവാദിത്വമാണെന്നും അതുവഴി കുട്ടികളില്‍ ധാര്‍മിക ബോധം ഊട്ടിയുറപ്പിക്കുകയും ആകര്‍ഷകമായതെല്ലാം നല്ലതല്ലെന്ന തിരിച്ചറിവുണ്ടാക്കുകയുമാണ് ഒളിച്ചോട്ടം പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗമെന്നുമാണ് കോടതിയുടെ ഉപദേശം. മറ്റൊരു ജാതിക്കാരനായ യുവാവിന്റെ കൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒളിച്ചോടിയതിനെ തുടര്‍ന്ന്, യുവാവിനെതിരെ ബലാംത്സംഗത്തിന് കേസ് ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് കോടതിയെ സമീപിച്ച സംഭവത്തിലാണ് കോടതിയുടെ ഈ വിധി. വ്യാജ ബലാത്സംഗക്കേസുകള്‍ കൊടുക്കുന്നതിലൂടെ ഒളിച്ചോട്ടവും മാതാപിതാക്കളെ ധിക്കരിച്ചുള്ള വിവാഹങ്ങളും നിയന്ത്രിക്കാനാകില്ല. കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയും കൗമാരപ്രായത്തില്‍ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയുമാണ് വേണ്ടതെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് രക്ഷാകര്‍തൃ സമൂഹത്തെ ഉണര്‍ത്തുകയുണ്ടായി.
ഒളിച്ചോടുന്ന കൗമാരപ്രായക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് 2010ല്‍ 53,897 ഉം 2011ല്‍ 59,668 ഉം 2012ല്‍ 65,038 ഉം കുട്ടികളെ കാണാതായതായി ഡല്‍ഹി ആസ്ഥാനമായുള്ള “ബച്പന്‍ ബചാവോ ആന്ദോലന്‍” നടത്തിയ സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. ആഭ്യന്തര വകുപ്പിലെ െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 2013ല്‍ 830 ഉം 2011ല്‍ 902 ഉം 2012ല്‍ 1085ഉം ഈ വര്‍ഷം സെപ്തംബര്‍ വരെ 920ഉം വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. വിദ്യാര്‍ഥിനികളാണ് ഇവരില്‍ കൂടുതലും. ഈ വര്‍ഷം കാണാതായവരില്‍ 612 ഉം പെണ്‍കുട്ടികളാണ്. എട്ട് മണിക്കൂറില്‍ ഒന്ന് എന്ന തോതില്‍ വരും സംസ്ഥാനത്ത് അപ്രത്യക്ഷരാകുന്ന കുട്ടികളുടെ എണ്ണം. മോശമായ കുടുംബാന്തരീക്ഷവും കുടുംബത്തിലെ പീഡനങ്ങളും കുറ്റപ്പെടുത്തലുകളും മനഃപ്രയാസങ്ങളുമാണ് വിദ്യാര്‍ഥികളെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പ്രണയങ്ങളും ചങ്ങാത്തങ്ങളുമാണ് പെണ്‍കുട്ടികളെ കാണാതാകുന്നതിന്റെ പ്രധാന കാരണങ്ങമെന്നും ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വിലയിരുത്തുന്നു.
ചാപല്യങ്ങളും ചാഞ്ചല്യങ്ങളും കൗമാരത്തിന്റെ സവിശേഷതകളാണ്. വിശിഷ്യാ സൈബര്‍ യൂഗത്തില്‍. വിവരസാങ്കേതിക വിദ്യ സൃഷ്ടിച്ച വിപഌവത്തിലും മുന്നേറ്റത്തിലും ആധുനിക സമൂഹം ഊറ്റം കൊള്ളാറുണ്ട്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ടാബ്‌ലറ്റുമൊക്കെ വിജ്ഞാനത്തിന്റെ വ്യാപനത്തിലും ആശയ വിനിമയത്തിലെ ദൂരപരിധികള്‍ കുറക്കുന്നതിലും വഹിച്ച പങ്ക് അംഗീകരിക്കുമ്പോള്‍ തന്നെ ഇവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചു വിസ്മരിക്കാവതല്ല. പെരുകുന്ന കുറ്റകൃത്യങ്ങളിലും ബന്ധശൈഥില്യത്തിലും സാംസ്‌കാരിക ജീര്‍ണതയുടെ രൂക്ഷതയിലും ഇവയുടെ പങ്ക് അദ്വിതീയമാണ്. മനഃശാസ്ത്ര വിദഗ്ധരില്‍ അധികപേരും ഇന്ന് നേരിടുന്ന കേസുകളിലേറെയും സൈബറുമായി ബന്ധപ്പെട്ടതാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മക്കളോടുള്ള അമിത വാത്സല്യത്താല്‍ ചെറുപ്പത്തിലേ മൊബൈല്‍ ഫോണും ടാബ്‌ലറ്റും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍, എന്തിനെല്ലാം അത് ഉപയോഗപ്പെടുത്തുന്നുവെന്നും ആരുമായെല്ലാം ബന്ധപ്പെടുന്നുവെന്നും നിരീക്ഷിക്കുകയോ, വഴിവിട്ട ഉപയോഗത്തിനെതിരെ അവരെ ബോധവത്കരിക്കുകയോ ചെയ്യാറില്ല. സൈബര്‍ ഉപകരണങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് മകള്‍ ഒളച്ചോടുമ്പോഴാണ് അവര്‍ക്ക് ബോധമുദിക്കുന്നതും വെപ്രാളപ്പെട്ട് പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നതും. വീട്ടില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ എല്ലാവര്‍ക്കും കാണാനാകുന്ന വിധത്തില്‍ പൊതുസ്ഥലത്ത് സ്ഥാപിക്കണമെന്ന് വിദഗ്ധര്‍ അടിക്കടി മുന്നറിയിപ്പ് നല്‍കേണ്ടി വരുന്നത് അവ സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ പശ്ചാത്തലത്തിലാണ്.
ഡല്‍ഹി കോടതി നിരീക്ഷിച്ച പോലെ കുട്ടികളുടെ ഒളിച്ചോട്ടത്തിലും സമാന കേസുകളിലും ഒന്നാം പ്രതി മക്കളുടെ ധാര്‍മിക വളര്‍ച്ചയില്‍ ശ്രദ്ധിക്കാത്ത രക്ഷിതാക്കള്‍ തന്നെയാണ്. പരമ്പരാഗതമായി സമൂഹം അനുഷ്ഠിച്ചുവന്നിരുന്ന മൂല്യങ്ങളെ പടിക്കപ്പുറത്ത് നിര്‍ത്തി കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രമാണിന്ന് മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധാര്‍മിക വിദ്യാഭ്യാസത്തിന് ഇടം നല്‍കണമെന്ന, മത, സാംസ്‌കാരിക സംഘടനകളുടെയും സാമൂഹിക നേതാക്കളുടെയും ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാനാകില്ല.

Latest