കണ്ണൂരിലെ ആക്രമണം: മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കും

Posted on: November 6, 2013 12:05 am | Last updated: November 6, 2013 at 12:29 am

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരേ കണ്ണൂരില്‍ നടന്ന വധശ്രമത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയില്‍ നിന്നു മൊഴിയെടുക്കും. സംഭവസമയത്ത് കാറിലുണ്ടായിരുന്ന മന്ത്രി കെ സി ജോസഫ്, കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരില്‍ നിന്ന് ഇതിനകം തന്നെ മൊഴിയെടുത്തുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലും നെഞ്ചത്തും പതിച്ച കല്ലുകളെപ്പറ്റി ആക്ഷേപങ്ങളും വിവാദങ്ങളും ഉയരുമ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനും മുഖ്യമന്ത്രിയുടെ മൊഴിക്കും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അക്രമത്തെപ്പറ്റി വ്യക്തമായ വിലയിരുത്തല്‍ പോലീസ് നടത്തിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ അന്തിമ നിഗമനത്തില്‍ എത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. കാറിന്റെ വലത് വശത്തു നിന്ന് വന്ന കല്ല് ചില്ല് തകര്‍ത്ത് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ തട്ടിത്തെറിച്ച് ഇടത് ഭാഗത്തെ ചില്ല് തകര്‍ത്തു പുറത്തേക്ക് പോയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കൊപ്പം കാറിന്റെ മധ്യഭാഗത്തെ സീറ്റിലിരുന്ന മന്ത്രി കെ സി ജോസഫ് പറഞ്ഞത്.
എന്നാല്‍ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നെഞ്ച് ഇരുമ്പു കൊണ്ടോ റബ്ബര്‍ കൊണ്ടോ ഉണ്ടാക്കിയതാണോയെന്നു ചോദിച്ചാണ് വി എസ് അച്യുതാനന്ദനും പിണറായി വിജയനുമടക്കമുള്ള സി പി എം നേതാക്കള്‍ പരിഹാസമുതിര്‍ത്തത്. ചില്ല് തകര്‍ന്നതില്‍ കാറിലുണ്ടായിരുന്ന ടി സിദ്ദീഖിന്റെ പങ്ക് കൂടി പരിശോധിക്കണമെന്നുവരെ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലേറുണ്ടായത്. റോഡിനുവശത്തും പ്രകോപിതരായ നിലയില്‍ ഉപരോധക്കാരുണ്ടായിരുന്നു. ഇരു ഭാഗത്തു നിന്നും കല്ലും വടികളും കാറിനുമേല്‍ വന്നു പതിച്ചു. ഇതിനിടെ ഏതു ഭാഗത്തു നിന്നുവന്ന കല്ലാണ് ചില്ലുകള്‍ തകര്‍ത്തതെന്നും മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടതെന്നും വ്യക്തമായി പറയാന്‍ കാറിനകത്തും പുറത്തുമുള്ളവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. ആക്രമണത്തില്‍ അമ്പരന്നുപോയിരിക്കാമെന്നതിനാല്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ് ശാസ്ത്രീയമായ പരിശോധനയുടെ റിപ്പോര്‍ട്ടിനായി അന്വേഷണ സംഘം കാത്തിരിക്കുന്നത്. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഇടത് വശത്തെ ചില്ല് തകര്‍ത്തത് പുറത്തുനിന്നുവന്ന കല്ല് കൊണ്ടായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.