Connect with us

Kerala

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം: പ്രതിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

കളമശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച പ്രതിയെ പോലീസ് ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയില്‍ കൈപാന്‍ പ്ലാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ കുര്യനെ (21)യാണ് പോലീസ് പിടികൂടിയത്.
സംഭവം സംബന്ധിച്ച് കളമശേരി സി ഐ പറയുന്നതിങ്ങനെ: കണ്ണൂരില്‍ വെച്ച് സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആശുപത്രി മെത്തയില്‍ കിടക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കുരിശും റീത്തും മോര്‍ഫ് ചെയ്ത് കയറ്റിയാണ് വികലമാക്കിയിരുന്നത്. സംഭവം വിവാദമായതോടെ മാര്‍ട്ടിന്‍ അയാളുടെ ഫേസ് ബുക്കില്‍ നിന്ന് പ്രസ്തുത ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ മാര്‍ട്ടിന്റെ ഫേസ് ബുക്കില്‍ നിന്ന് ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍ ചിത്രം ലഭിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് എം വി രതീഷ് എറണാകുളം റേഞ്ച് ഐ ജി പത്മകുമാറിന് പരാതി നല്‍കുകയായരിന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവ ശേഷം ഗോവയിലേക്ക് കടന്ന മാര്‍ട്ടിനെ കളമശേരി പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തത്.
സി ഐ. കെ ജിനദേവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും എസ് ഐമാരായ മജീദ്, തിലകന്‍, സീനിയര്‍ സി പി ഒമാരായ വിനായകന്‍, ബോബന്‍, ഡെല്‍ഫിന്‍ എന്നിവരടങ്ങിയ സംഘം ഗോവയില്‍ എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.