ന്യൂ ജേഴ്‌സി വാണിജ്യ കേന്ദ്രത്തില്‍ വെടിവെപ്പ്: അക്രമി അത്മഹത്യ ചെയ്ത നിലയില്‍

Posted on: November 6, 2013 6:00 am | Last updated: November 5, 2013 at 11:02 pm

ന്യൂ ജേഴ്‌സി: യു എസ് സംസ്ഥാനമായ ന്യൂ ജേഴ്‌സിയിലെ വ്യാണിജ്യ കേന്ദ്രത്തില്‍ വെടിവെപ്പ് നടത്തിയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ന്യൂ ജേഴ്‌സിയിലെ ഏറ്റവും വലിയ വണിജ്യ കേന്ദ്രമായ ഗാര്‍ഡന്‍ സ്റ്റേറ്റ് പ്ലാസയില്‍ വെടിവെപ്പ് നടത്തിയ 20കാരനായ യുവാവിന്റെ മൃതദേഹം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സ്വന്തം ശരീരത്തിലേക്ക വെടിവെച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂ ജേഴ്‌സിക്കാരനായ റിച്ചാര്‍ഡ് ഷൂപ് എന്നയാളുടെ മൃതദേഹമാണിതെന്നും പോലീസ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ മന്‍ഹാട്ടനില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. വാണിജ്യ കേന്ദ്രം അടക്കുന്ന സമയം കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ അക്രമി നിരന്തരം വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അക്രമിയെ നേരിടാന്‍ കനത്ത പോലീസ് സന്നാഹം വാണിജ്യ കേന്ദ്രത്തിലെത്തിയിരുന്നു. വെടിവെപ്പ് നടന്നതോടെ വാണിജ്യ കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരും മറ്റും ഭയന്നോടുകയും സമീപത്തെ കടയിലും മറ്റും അഭയം തേടുകയും ചെയ്തു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവി കെന്നത്ത് ഇഹ്‌റെന്‍ബെര്‍ഗ് പറഞ്ഞു.