ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന്റെ കേരളപ്പതിപ്പ്: കോടിയേരി

Posted on: November 5, 2013 8:02 am | Last updated: November 5, 2013 at 8:02 am

വടകര: കേന്ദ്രത്തിന്റെ കേരളപ്പതിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡി എഫ് ഉത്തരേഖലാ ജാഥക്ക് വടകരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. അവശ്യവസ്തുക്കള്‍ക്ക് രൂക്ഷമായ വിലക്കയറ്റമുണ്ടാകുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയില്ലാത്ത അവസ്ഥയാണ്.
കുത്തക മുതലാളിമാര്‍ക്കുംകോര്‍പറേറ്റുകള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ എട്ട് ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്.
കുംഭകോണങ്ങളിലൂടെയുണ്ടാക്കിയ കോടികള്‍ ഉപയോഗിച്ച് അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാണ് യു പി എയുടെ ലക്ഷ്യം.
കണ്ണൂരിലെ സംഭവത്തില്‍ ആഭ്യന്തര വകുപ്പാണ് സമാധാനം പറയേണ്ടത്. ഇന്റലിജന്‍സിന്റെയും പോലീസിന്റെയും വീഴ്ചയാണത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് സംരക്ഷിക്കാനാകാത്ത പോലീസ് എന്തിനാണ് ഗണ്‍മാന്റെ സീറ്റില്‍ കെ പി സി സി സെക്രട്ടറിയെ ഇരുത്തിയത്.
സ്ത്രീസംരക്ഷണ നിയമം കൊണ്ടുവന്ന ലോക്‌സഭയിലെ അംഗമാണ് നിയമം ലംഘിച്ചതെന്നും കോടിയേരി പറഞ്ഞു. ടി പി മൂസ അധ്യക്ഷത വഹിച്ചു. സി എന്‍ ചന്ദ്രന്‍, മാപ്പന്‍ ഐപ്പ്, പി സുരേന്ദ്രപിള്ള, കെ ശ്രീധരന്‍ പ്രസംഗിച്ചു.