Connect with us

Kozhikode

തേങ്ങയുടെ വിലയിടിക്കാന്‍ മാഫിയ പ്രവര്‍ത്തിച്ചു: കൃഷിമന്ത്രി

Published

|

Last Updated

കോഴിക്കോട്: നാളികേര വിലനിയന്ത്രിക്കുന്ന മാഫിയകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാറിന്റെ തേങ്ങ സംഭരണം വഴി സാധിച്ചുവെന്ന് കൃഷിമന്ത്രി കെ പി മോഹനനന്‍. വിപണി വിലയേക്കാള്‍ കൂടുതല്‍ നല്‍കിയാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നാളികേരം സംഭരിച്ചത്. ഇത് തേങ്ങയുടെ വില വീണ്ടും ഉയരാന്‍ കാരണമായെന്നും മന്ത്രി പറഞ്ഞു. നീരയുത്പാദനം എങ്ങനെ പ്രായോഗികമാക്കാം എന്ന വിഷയത്തില്‍ യുനൈറ്റഡ് സ്‌മോള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കേരളാ ഘടകം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില കുത്തനെ ഇടിയുമ്പോഴും തെങ്ങിനെ ഉപേക്ഷിച്ച് ജീവിക്കാന്‍ മലയാളികള്‍ തയ്യാറായിട്ടില്ല. ചില വ്യവസായങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ തേങ്ങയുടെ വിലയിടിക്കാന്‍ മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ഇടപെടലാണ് നാളികേരത്തിന് വിലയുയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാളികേരത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ കേരസമൃദ്ധി പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഓരോ പഞ്ചായത്തിലും 100 വീതം തെങ്ങുകള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഹൈബ്രിഡ് കുറിയ ഇനം തെങ്ങുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷം തെങ്ങുകളെങ്കിലും നട്ടുവളര്‍ത്തുകയാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി വി ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് കാര്‍ഷിക കോളജിലെ ഡോ. ഗിരിധരന്‍ വിഷയം അവതരിപ്പിച്ചു. കോ -ഓഡിനേറ്റര്‍മാരായ കണ്ണയ്യന്‍, പി എം ഗോപാലന്‍, നാളികേര വികസന ബോര്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍ മൃദുല, പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഡോ. ജോര്‍ജ് വി തോമസ്, എം എം ഫിലിപ്പ്, എം ശ്രീറാം, പി കിഷന്‍ചന്ദ്, ടി പി വാസു, കെ ടി പ്രസാദ്, എന്‍ വി ബാലന്‍, കെ കെ ഭാസ്‌കരന്‍ പങ്കെടുത്തു.