സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈന്‍ വഴിവിതരണം ചെയ്യണം

Posted on: November 5, 2013 12:00 am | Last updated: November 5, 2013 at 12:00 am

ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ജനന-മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. ജനനവും വിവാഹവും ഓണ്‍ലൈനില്‍ രജിസ്ടര്‍ ചെയ്യാന്‍ സംവിധാനമുണ്ട്.
ആശുപത്രിയില്‍ വെച്ചുതന്നെ ജനനരജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവും നിലവിലുണ്ട്. അത്തരത്തില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യാനും ഓണ്‍ലൈന്‍ വഴി സാധിക്കും.
എന്നാല്‍ അത് നടപ്പിലാക്കാതെ ജനങ്ങളില്‍ നിന്ന് പ്രത്യേകം അപേക്ഷയും ഫീസും, 20 രൂപയുടെ മുദ്രപത്രവും വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തേണ്ടേ അവസ്ഥയാണ്. ജനനം പഞ്ചായത്തില്‍ രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞാല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ക്ക് അക്ഷയകേന്ദ്രങ്ങളില്‍ നിന്നോ ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നോ സര്‍ട്ടിഫിക്കേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതേയുള്ളു.
ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈന്‍വഴി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പാലിക്കപ്പെടുന്നില്ല എന്നആരോപണവുമുണ്ട്.