രക്ഷിക്കാനും ശിക്ഷിക്കാനും വിരുന്നെത്തുന്ന ഫത്‌വകള്‍

Posted on: November 5, 2013 6:00 am | Last updated: November 4, 2013 at 10:20 pm

ബനൂ ഇസ്‌റാഈലികളുടെ സ്വഭാവസവിശേഷതകള്‍ വിശുദ്ധ ഖുര്‍ആന്‍ വിവിധ അധ്യായങ്ങളിലായി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ബനൂഇസ്‌റാഈലുകാരായ പുരോഹിതന്മാര്‍ വിശ്വാസികളോട് സ്വീകരിച്ച, പരസ്പരവിരുദ്ധമായ നയനിലപാടുകളെ കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. വ്യക്തികളെയും സൗകര്യങ്ങളെയും അടിസ്ഥാനമാക്കി മത കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന മതപണ്ഡിതന്മാരെ കുറിച്ച് വിശ്വാസി സമൂഹത്തെ ജാഗ്രത്താക്കാന്‍ കൂടി വേണ്ടിയാണ് ഖുര്‍ആന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സമൂഹത്തിലെ വരേണ്യ വിഭാഗങ്ങളും പുരോഹിതന്മാരും പുലര്‍ത്തുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെയും അവര്‍ക്ക് വേണ്ടി സൗകര്യപൂര്‍വം മതവിധികള്‍ തയ്യാറാക്കുകയും ചെയ്യുന്നവരെയും പ്രസ്തുത സൂക്തങ്ങളില്‍ ഖുര്‍ആന്‍ വിചാരണ ചെയ്യുന്നുണ്ട്. സ്വന്തം കാര്യം വിട്ടുകളയുകയും സാധാരണക്കാരായ ജനങ്ങളെ ശാസിക്കാന്‍ വേണ്ടി ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍ എന്നാണ് ആ വിഭാഗം പണ്ഡിതന്മാരെ വിശുദ്ധ ഗ്രന്ഥം തന്നെ പരിചയപ്പെടുത്തുന്നത്.
ഖുര്‍ആനിന്റെ ഈ വിശുദ്ധ ഉദ്‌ബോധനം പൊടുന്നനെ ഓര്‍ക്കാനുണ്ടായ കാരണം തിരുവനന്തപുരത്തു നിന്ന് ഈയിടെ ഉണ്ടായ ഫത്‌വാ തേട്ടമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ നടക്കുന്ന പാളയം പള്ളി ജമാഅത്ത് കമ്മിറ്റിയാണ് തിരുവനന്തപുരത്തെ രണ്ട് മതപണ്ഡിതന്മാരോട് ഫത്‌വ തേടാന്‍ തീരുമാനിച്ചത്. അതിന് കാരണമായ സംഭവമാണ് അതിലേറെ വിശേഷം. ഖുര്‍ആന്‍ സൂചിപ്പിച്ചതു പോലെ, ജനങ്ങളെ ഉപദേശിക്കാന്‍ നിരന്തരം ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്ന, തലസ്ഥാനത്തെ തലയെടുപ്പുള്ള ഒരു മതപണ്ഡിതന്‍, അദ്ദേഹം ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരന്യ സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടാകുകയും ആ ബന്ധം ആ സ്ത്രീയെ വിവാഹം ചെയ്യേണ്ട നിര്‍ബന്ധിത സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പ്രസ്തുത പശ്ചാത്തലത്തില്‍ ഇമാമിനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം എന്ന് മഹല്ലിലെ ഒരു വിഭാഗം ജനങ്ങള്‍ ആവശ്യമുന്നയിക്കുന്നു. പക്ഷേ, തങ്ങളുടെ പരമോന്നത പണ്ഡിതസഭയായ ശൂറയിലെ അംഗവും തലസ്ഥാനത്തെ മതേതര പരിപാടികളിലെ തങ്ങളുടെ മതകീയ പ്രതിനിധിയും സര്‍വോപരി തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പള്ളിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടയാളുമായ മതപുരോഹിതനെ കൈയൊഴിയുക എന്നത് ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന ഒരു തീരുമാനമായിരുന്നില്ല. അതുകൊണ്ടാണ് ഇമാമിനെ പാളയത്ത് തന്നെ നിര്‍ത്താന്‍ വല്ല വകുപ്പുമുണ്ടോ എന്ന് കോര്‍പ്പറേഷന്‍ പരിധിയിലെ തന്നെ ജമാഅത്തെ ഇസ്‌ലാമിക്കാരായ പണ്ഡിതന്മാരോട് മതവിധി തേടാന്‍ ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുന്ന മഹല്ല് ജമാഅത്ത് തീരുമാനമെടുത്തതും അതിന് ശൂറ പച്ചക്കൊടി കാട്ടിയതും.
വിവാഹത്തിനു പുറത്ത് അന്യ സ്ത്രീയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇസ്‌ലാം പറയുന്ന ശിക്ഷ എന്താണെന്നത് നാട്ടിന്‍പുറത്തെ മത പാഠശാലയില്‍ പഠിക്കുന്ന കുട്ടിക്ക് പോലും മനഃപാഠമാണ്. അങ്ങനെയൊരാളെ ഇമാമും ഖതീബുമായി നിയമിക്കാമോ എന്ന ചോദ്യം ഇസ്‌ലാമിക വീക്ഷണം അനുസരിച്ച് ആലോചിക്കുക പോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. ഇസ്‌ലാമിക ഭരണവും ശരീഅത്തും നിലവിലുള്ള ഇടങ്ങളില്‍ ഇതാണ് നിയമം.
പക്ഷേ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന അനുസരിച്ചു ‘ദാറുല്‍ ഹര്‍ബി’ന്റെ പരിധിയിലാണ് വരുന്നത്. അവിടെ ഇസ്‌ലാമിക നിയമങ്ങള്‍ കുഞ്ഞാടുകള്‍ക്ക് പോയിട്ട്, പുരോഹിതന്മാര്‍ക്ക് പോലും ബാധകമല്ല. അതുകൊണ്ട് കൂടിയായിരിക്കണം ഇമാമിന്റെ സ്വഭാവദൂഷ്യങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് വല്ല പരിഹാരവും കണ്ടെത്താനാകുമോ എന്ന് ജമാഅത്തെ ഇസ്‌ലാമി ഭാരവാഹികള്‍ ആലോചിച്ചത്. മാത്രവുമല്ല, മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായ പരിധി കുറക്കാന്‍ ശൂറാ അംഗങ്ങളായ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തലങ്ങനെയും വിലങ്ങനെയും മാനദണ്ഡമായി ഉയര്‍ത്തിക്കാണിക്കുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഇന്ത്യന്‍ നിയമം അനുവദിച്ച പ്രായപരിധിയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ അംഗീകരിക്കുന്നവര്‍ക്കേ അതിനെ ഇസ്‌ലാമികമായ ഒരു വാദം ഉന്നയിക്കാനുള്ള ന്യായമായി മാനദണ്ഡമാക്കാന്‍ പറ്റുകയുള്ളൂ. ഹറാമിനെ ഹലാലായ കാര്യങ്ങള്‍ ചെയ്യാനുള്ള മാനദണ്ഡമാക്കാന്‍ വിശ്വാസികള്‍ക്ക് ഇസ്‌ലാമില്‍ വകുപ്പില്ലല്ലോ? പക്ഷേ, അതല്ലല്ലോ സമഗ്ര ഇസ്‌ലാമിന്റെ വകുപ്പും ഉപവകുപ്പുകളും. അപ്പോള്‍ പിന്നെ ഇന്ത്യന്‍ നിയമമനുസരിച്ചു പള്ളിയിലെ ഇമാമിന്റെ സ്വഭാവദൂഷ്യം കൈകാര്യം ചെയ്യാനാകുമോ എന്നായി അന്വേഷണം. അങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പാച്ചല്ലൂരിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചു സ്വഭാവദൂഷ്യം നന്നാക്കിയെടുക്കനാകുമോ എന്ന് കിതാബുകള്‍ പരതി നോക്കിയതും ബന്ധപ്പെട്ട കക്ഷികളോട് കച്ചവടമുറപ്പിക്കാന്‍ ശ്രമിച്ചു നോക്കിയതും. പക്ഷേ, മുസ്‌ലിം സ്ത്രീകള്‍ പണ്ടേ പോലെ ശൗര്യമില്ലാത്തവരല്ലാത്തതു കൊണ്ട് ഇമാമിനും ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കും കൊണ്ടുപോയ പെട്ടിയും തൂക്കി തിരിച്ചുപോരേണ്ടി വന്നു. അങ്ങനെ മുസ്‌ലിംകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവാഹധൂര്‍ത്തുകളെ എങ്ങനെ ഫലപ്രദമായി ചെറുക്കാം എന്ന് മലയാളി മുസ്‌ലിംകളെ ദിവസങ്ങള്‍ക്ക് മുന്‍പ്, തന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിലൂടെ പഠിപ്പിച്ച മത പുരോഹിതന്‍ (ഈ മാതൃകയെ പ്രശംസിച്ച് കാരക്കുന്ന് മാധ്യമത്തില്‍ ലേഖനം എഴുതിയിരുന്നു) കല്യാണ ക്ഷണക്കത്തിനോ ചായ സല്‍ക്കാരത്തിനോ നയാ പൈസ ചെലവാക്കാതെ, അര്‍ധരാത്രി തീര്‍ത്തും ലളിതമായ ചടങ്ങില്‍ വെച്ചു രണ്ടാം വിവാഹം കഴിച്ചു. ഇത്തരം ചെലവ് കുറഞ്ഞ വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി താത്വികാചാര്യന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് രംഗത്തെത്തുമോ ആവോ?
ഒരാള്‍ രണ്ടാം വിവാഹം കഴിക്കുന്നത് ഇസ്‌ലാമികമായി തെറ്റായ കാര്യമൊന്നുമല്ല. പക്ഷേ, തെറ്റായ സാഹചര്യങ്ങളിലൂടെ വളര്‍ന്നു വലുതായ ഒരു ബന്ധവും, ആ ബന്ധം വിവാഹം കഴിച്ചേ മതിയാകൂ എന്ന തരത്തിലുള്ള നിര്‍ബന്ധിത സാഹചര്യത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചതും ഇസ്‌ലാമികമായി ന്യായീകരിക്കാന്‍ ഒരു പഴുതും നല്‍കുന്നില്ല. മാത്രവുമല്ല, വൈകി സംഭവിക്കുന്ന വിവാഹം, മുസ്‌ലിം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന് മുന്‍പ് സംഭവിച്ച തെറ്റുകളെ ന്യായീകരിക്കാനുള്ള മാര്‍ഗമല്ല താനും. പക്ഷേ, പ്രേമബന്ധങ്ങളില്‍ കുടുങ്ങുന്ന മുസ്‌ലിം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ എം കെ മുഹമ്മദലിയും അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടിയും കൂടി പങ്കെടുത്ത കോഴിക്കോട്ട് ചേര്‍ന്ന ‘മുസ്‌ലിം വ്യക്തിനിയമ സംരക്ഷണ സമിതി’ ഫത്‌വ ഇറക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണല്ലോ. ഏതായാലും ആ ഫത്‌വ പാളയത്ത് നിന്ന് ജൈത്ര യാത്ര തുടങ്ങി എന്നു വേണം മനസ്സിലാക്കാന്‍.
കെനിയയിലെ പ്രാദേശിക ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിതനില്‍ നിന്ന് ‘പദവിക്ക് അനുയോജ്യമല്ലാത്ത നടപടികളുണ്ടായാല്‍’ അന്തര്‍ദേശീയ പേജില്‍ വാര്‍ത്ത കൊടുക്കുന്ന മാധ്യമത്തിനു പക്ഷേ, സ്വന്തം ഇമാമിന്റെ ‘പദവിക്ക് അനുയോജ്യമല്ലാത്ത നടപടികളില്‍’ വാര്‍ത്താമൂല്യം കണ്ടെത്താന്‍ കഴിയാത്തത് വര്‍ഗസ്‌നേഹം കൊണ്ടാണെന്ന് മനസ്സിലാക്കാം. പക്ഷേ, അദ്ദേഹത്തെ ജമാഅത്തിന്റെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ഇമാമിന്റെ പദവിക്ക് യോജിക്കാത്തവയാണെന്നു മനസ്സിലാക്കാനും ശൂറക്ക് മഹല്ല് നിവാസികള്‍ ഒച്ചയെടുക്കുന്നത് വരെയും ദിനപത്രങ്ങളില്‍ വാര്‍ത്ത വരുന്നതു വരെയും കാത്തിരിക്കേണ്ടി വരുന്നതിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? പത്രങ്ങളില്‍ വാര്‍ത്ത വരുന്നു എന്നതാണോ ഒരു പ്രവൃത്തിയെ ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം? തങ്ങളുടെ മതപണ്ഡിതന്മാരുടെ തെറ്റുകളെ മറച്ചുവെക്കാനും അതിനു ന്യായീകരണം കണ്ടെത്താനുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം മതപൗരോഹിത്യത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കാണ് ഫലത്തില്‍ ശക്തി പകരുന്നത്. ഇത്തരക്കാരെ, പണ്ഡിതമാര്‍ ചെയ്ത നീച പ്രവൃത്തികളെ അവര്‍ പരസ്പരം വിരോധിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യാതെ ഒളിച്ചുവെച്ചിരുന്ന ബനൂ ഇസ്‌റാഈലികളിലെ പുരോഹിതന്മാരുടെ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് നബി വചനങ്ങള്‍ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുന്നത്.
കാര്യങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും മഹല്ല് ഭാരവാഹികളുടെയും കൈയില്‍ നിന്ന് പിടി വിട്ടതോടെ പാളയം ഇമാമിനെ പുറത്താക്കേണ്ടി വന്നു. പക്ഷേ, തലസ്ഥാനത്ത് തന്നെ അദ്ദേഹത്തെ നിലനിര്‍ത്താന്‍ പറ്റുമോ എന്ന കൂലങ്കുഷമായ അന്വേഷണങ്ങള്‍ക്കും കരുനീക്കലുകള്‍ക്കും ഫത്‌വ തേടലുകള്‍ക്കും ശേഷമാണ് പുറത്താക്കല്‍ നാടകം എന്നത് ഇത്തരം കാര്യങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ പുലര്‍ത്തുന്ന വൈരുധ്യാത്മക നിലപാടിന്റെ മികച്ച ഉദാഹരണമാണ്. സ്വന്തം കാര്യങ്ങള്‍ സ്ഥാപിക്കാന്‍ ‘കര്‍മശാസ്ത്ര വിഷയങ്ങളുടെ നൂലാമാലകളില്‍’ പിടിച്ചുതൂങ്ങി സമയം കൊല്ലുന്നവര്‍ എന്നാണ് മറ്റു മുസ്‌ലിം പ്രസ്ഥാനങ്ങളെ ജമാഅത്തെ ഇസ്‌ലാമി പലപ്പോഴും പരിഹസിക്കാറുള്ളത്. പക്ഷേ, സ്വന്തം നേതാവ് പ്രതിസന്ധിയിലായപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മത പണ്ഡിതരില്‍ നിന്ന് ഫത്‌വയും തേടി നടക്കുകയായിരുന്നു. കര്‍മശാസ്ത്ര കിതാബുകളില്‍ സ്വഭാവ ദൂഷ്യമുള്ളവരെ ഇമാം സ്ഥാനത്തു നിലനിര്‍ത്താന്‍ വല്ല വകുപ്പുമുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജമാത്തെ ഇസ്‌ലാമി കര്‍മശാസ്ത്ര കിതാബുകളില്‍ അഭയം പ്രാപിച്ചതും ഫത്‌വകളില്‍ താങ്ങ് കണ്ടെത്തിയതുമായ സന്ദര്‍ഭങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കുക. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ഇവര്‍ ‘കര്‍മശാസ്ത്രത്തിന്റെ നൂലാമാലകളെ’ ദുരുപയോഗം ചെയ്തത് എങ്ങനെയെന്ന് എളുപ്പം മനസ്സിലാകും.
‘പ്രതിസന്ധി’ ഘട്ടങ്ങളിലെ ഇത്തരം ഫത്‌വ തേട്ടങ്ങള്‍ മതവിധികളെ എങ്ങനെയാണ് ഉത്തരവാദപ്പെട്ടവര്‍ തന്നെ ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ സൂചനയാണ്. മുന്‍പൊരിക്കല്‍ കേരളത്തിലെ ഒരു മുസ്‌ലിം രാഷ്ട്രീയ നേതാവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ പ്രകാരം അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് ഒരു വിഭാഗം മുസ്‌ലിംകള്‍ അറിയിച്ചു. അപ്പോള്‍ കര്‍മശാസ്ത്ര വിധിപ്രകാരം നടപടിയെടുക്കാന്‍ പാകത്തിനുള്ള സാഹചര്യം ഉണ്ടാക്കി ആരെങ്കിലും ഇത്തരം നികൃഷ്ട പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാന്‍ പോകുമോ എന്ന് ചോദിച്ചു ‘ഫത്‌വ തേട്ടക്കാരെ’ പരിഹസിച്ചവര്‍ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ആരുടെയെങ്കിലും അടുത്തു നിന്ന് ഒരനുകൂല മതവിധി കിട്ടുമോ എന്നും അന്വേഷിച്ചു നടന്നത് എന്നത് ഒരു വൈരുധ്യമായി തോന്നാം. പക്ഷേ, അതൊരു വൈരുധ്യമല്ല, മറിച്ചു തങ്ങളുടെ യഥാര്‍ഥ രൂപമാണ് അതെന്നു കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ഫത്‌വാതേട്ടം നടത്തിയ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാകും. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞ ദിവസം ഒരു ബ്ലോഗര്‍ എഴുതിയതുപോലെ, സ്വഭാവദൂഷ്യ ആരോപണം നേരിടുന്ന മുസ്‌ലിം രാഷ്ട്രീയ നേതാക്കളോട് മാധ്യമം സ്വീകരിക്കുന്ന പൊതു നിലപാട് പോകട്ടെ, സമാനമായ ദൂഷ്യസ്വഭാവങ്ങളോട് വിശ്വാസികള്‍ സ്വീകരിക്കണമെന്ന് മത പ്രഭാഷണങ്ങളിലും വെള്ളിയാഴ്ച പ്രസംഗങ്ങളിലും മതം പറയുന്ന നിലപാടെങ്കിലും ആരോപണവിധേയരായവര്‍ക്കെതിരെ ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവും സ്വീകരിക്കുമോ? അതോ, പ്രസ്ഥാന ആചാര്യനോട് ഒരു നിലപാടും സാദാ രാഷ്ട്രീയക്കാരനോട് മറ്റൊരു നിലപാടും എന്നാകുമോ മൗദൂദിയന്‍ കാഴ്ചപ്പാട്? ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്ന നേതാക്കളെ കിട്ടുമെന്നാണല്ലോ പ്രമാണം.
‘ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ത്തന്നെയുളള ഒരുപിടി ആളുകളാകുന്നു. ഈ സംഭവത്തെ നിങ്ങള്‍ക്കു ദോഷമായി കരുതേണ്ടതില്ല. പ്രത്യുത, ഇത് ഗുണം തന്നെയാകുന്നു. അതില്‍ ആര്‍ എത്രത്തോളം പങ്ക് കൊണ്ടുവോ, അയാള്‍ അത്രത്തോളം പാപം പേറിയിരിക്കുന്നു. അതില്‍ മുഖ്യ പങ്കിന് ഉത്തരവാദിയായവന് കൊടൂരമായ ശിക്ഷയാണുള്ളത്’ എന്ന് ആശയം വരുന്ന ഖുര്‍ആന്‍ സൂക്തമാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഇപ്പോള്‍ വ്യാപകമായി ഓതിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെയൊരു സൂക്തമുണ്ടെന്ന് മനസ്സിലാക്കാന്‍ ജമാഅത്ത ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കും മാധ്യമത്തിനും തലസ്ഥാനത്തെ തലമുതിര്‍ന്ന മങ്കടക്കാരന്‍ ശൂറാ അംഗം പാച്ചല്ലൂര്‍ സ്വദേശിനിയെ തന്റെ രണ്ടാം മങ്കയാക്കി വിവാഹം കഴിക്കുന്നതു വരെ കാത്തിരിക്കേണ്ടിവന്നു!. അപവാദ പ്രചാരണങ്ങള്‍ നടത്തി മാധ്യമം ജീവിതം തകര്‍ത്തവര്‍ക്കും ജോലി നഷ്ടപ്പെടുത്തിയവര്‍ക്കും വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ക്കും പക്ഷേ, ഈ ഖുര്‍ആനിക സൂക്തം ജമാത്തെ ഇസ്‌ലാമി നേതൃത്വം ഇനിയും ബാധകമാക്കിയിട്ടില്ല. സ്വന്തം നേതാക്കളുടെയും പണ്ഡിതന്മാരുടെയും ദുരൂഹമായ ജീവിതത്തിനു മറയിടാന്‍ സര്‍വശക്തന്റെ തിരുവചനങ്ങളെ പരിചയാക്കുന്നവര്‍ക്ക് യോജിച്ച പര്യായപദം ഖുര്‍ആന്‍ തന്നെ കണ്ടുവെച്ചതു ബനൂ ഇസ്‌റാഈലിലാണ്. ഇവര്‍ക്ക് ഖുര്‍ആനിലെ മറ്റു ഉണര്‍ത്തലുകളും മുന്നറിയിപ്പുകളും ഓര്‍ത്തെടുക്കാനും നിത്യവും പാരായണം ചെയ്യാനും വേണ്ടി സമുദായം ഇനി എന്തെല്ലാം പിത്തലാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കണമാവോ? ഈ സമുദായ സ്‌നേഹികളില്‍ നിന്ന് ഖുര്‍ആനിനെയും മുസ്‌ലിം വിശ്വാസികളെയും ഉടയ തമ്പുരാന്‍ കത്ത് രക്ഷിക്കട്ടെ!
ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് എമ്പാടും സൗകര്യങ്ങള്‍ യഥേഷ്ടം ഒരുക്കിക്കൊടുത്ത, ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പരികല്‍പ്പനയായി ആധുനിക കാലത്തെ പല ഫത്‌വകളും മാറുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്താനും മതത്തിനകത്തെ വ്യത്യസ്ത അഭിപ്രായങ്ങളെ കേള്‍പ്പിക്കാതിരിക്കാനും മത പൗരോഹിത്യം ശരീഅത്തിനെ കൂട്ട് പിടിച്ചു നടത്തുന്ന അധികാരപ്രയോഗമായാണ് ഇത്തരം വിമര്‍ശകരില്‍ പലരും ഫത്‌വകളെ കാണുന്നത്. ആണുങ്ങള്‍ പ്രതികളാകുന്ന സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പ്രതിസ്ഥാനത്തെത്തുന്ന സന്ദര്‍ഭങ്ങളിലും ഒരു വിഭാഗം പണ്ഡിതന്മാര്‍ സ്വീകരിക്കുന്ന വ്യത്യസ്തമായ കര്‍മശാസ്ത്ര കീഴ്‌വഴക്കങ്ങളെ ആധാരമാക്കിയാണ് വിമര്‍ശകര്‍ ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും ഉന്നയിക്കാറുള്ളത്. ഇവിടെ, ഒരു പുരോഹിതനായ, മുസ്‌ലിം പുരുഷന്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ട സാഹചര്യത്തില്‍ അതിനെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ്, പ്രതിയും പദവിക്ക് ചേരാത്ത നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിക്ക് സൗകര്യം ചെയ്തുകൊടുത്തവരും ഫത്‌വയും തേടി അലഞ്ഞു നടന്നത് ഇത്തരം ആരോപണങ്ങളെ ബലപ്പെടുത്താനുള്ള തെളിവുകളായി എക്കാലത്തും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടും. ഇവ്വിധം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പൊതു സമൂഹത്തില്‍ മുഖം കെടുത്താന്‍ മെനക്കെടുന്നവര്‍, ദീനീ പ്രവര്‍ത്തനം എന്ന വിലാസം മാറ്റി മറ്റെന്തെങ്കിലും തൊഴില്‍ സ്വീകരിക്കുന്നതായിരിക്കും മുസ്‌ലിംകളുടെ സാമൂഹിക ജീവിതം കൂടുതല്‍ കാര്യക്ഷമതയുള്ളതാകാന്‍ സഹായിക്കുക.
പിന്‍കുറിപ്പ്: സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ നിന്ന് ഒരാളെ പുറത്താക്കിയാല്‍ ഇസ്‌ലാമില്‍ നിന്നും പുറത്താകുമോ?