ദേശീയദിനം സമുചിതമായി ആഘോഷിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

Posted on: November 4, 2013 6:54 pm | Last updated: November 4, 2013 at 6:54 pm

ദുബൈ: യു എ ഇയുടെ ദേശീയ ദിനം സമുചിതമായി ആഘോഷിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ എമിറേറ്റുകളും രാജ്യത്തിന്റെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കണം.
യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അടുത്ത മാസം രണ്ടിനുള്ള ദേശീയ ദിനം രാജ്യവും ജനങ്ങളും ഓര്‍മിക്കത്തക്ക വിധത്തില്‍ ആഘോഷിക്കാന്‍ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഭരണാധികാരിയായ ശൈഖ് ഖലീഫക്ക് കീഴില്‍ നാം ഒറ്റക്കെട്ടാണെന്നത് വിളംബരം ചെയ്യുകയാണ് ദേശീയ പതാക ഉയര്‍ത്തുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഓരോ ദേശീയ ദിനവും നമ്മുടെ പ്രസിഡന്റിനോടുള്ള നമ്മുടെ കൂറും സ്‌നേഹവും ഊട്ടിയുറപ്പിക്കാനുള്ളതാണ്. ഇതിന്റെ ഭാഗമായി ആറിന് രാത്രി 12 മണിക്ക് എമിറേറ്റുകള്‍ക്കൊപ്പം വിവിധ ഫെഡറല്‍ വകുപ്പുകളും മന്ത്രാലയങ്ങളും കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും ദേശീയ പതാക ഉയര്‍ത്തേണ്ടതാണ്.
ദേശീയ പതാക രാജ്യത്തിന്റെ ദൃഢനിശ്ചയത്തെയും സന്നദ്ധതതയെയും രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ വീക്ഷണത്തെയും പ്രതിനിധീകിരിക്കുന്നു. വിഭവങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഐക്യത്തോടെയുള്ള മുന്നേറ്റത്തിനായാണ് രാജ്യം നിലകൊള്ളുന്നത്. രാജ്യത്തിന്റെ പതാക ജനങ്ങളുടെ സന്നദ്ധതയാണ് പ്രകടമാക്കുന്നത്. രാജ്യത്തിന്റെ ആത്മാഭിമാനം കാക്കാന്‍ നാം എന്നുമുണ്ടാവുമെന്നും രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ സമ്മതിക്കില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ദേശീയ പതാക ഉയര്‍ത്തല്‍ ഐക്യത്തിന്റെ പ്രതീകമാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. പതാക ഉയര്‍ത്തലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ക്യാബിനറ്റ് സമഗ്രമായ നിര്‍ദ്ദേശങ്ങളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കി. ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍, എങ്ങിനെ പതാകയെ ബഹുമാത്തോടെ സമീപിക്കണം. ദേശീയപതാകയുടെ പരമാധികാരം ഏതുവിധത്തിലാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്യാബിനറ്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ദേശീയ പതാക യു എ ഇ ജനതയുടെ പ്രതീകമാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.