Connect with us

Editorial

ഡ്രോണ്‍ ആക്രമണം

Published

|

Last Updated

പാക് തെഹ്‌രികെ താലിബാന്‍ മേധാവി ഹക്കീമുല്ല മഹ്‌സൂദ് യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിറകേ പാക്കിസ്ഥാനില്‍ അസാധാരണമായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതിനകം ശക്തമായിത്തീര്‍ന്നിരിക്കുന്ന ജനവികാരത്തെ ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യാന്‍ നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പി എം എല്‍ -എന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്തു. രാജ്യത്തെ യു എസ് സ്ഥാനപതിയെ വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ ആരാഞ്ഞു.
അമേരിക്കന്‍ സേന നിരന്തരം ഡ്രോണ്‍ ആക്രമണം നടത്തി വരുന്ന വടക്കന്‍ വസീറിസ്ഥാനിലാണ് ഹക്കീമുല്ല മഹ്‌സൂദ് കൊല്ലപ്പെട്ടത്. ഇക്കാര്യം താലിബാന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തെക്കന്‍ വസീറിസ്ഥാനില്‍ നിന്നുള്ള ഖാലിദ് എന്ന ഖാന്‍ സെയ്ദ് സജ്‌നയെ പുതിയ മേധാവിയായി അവര്‍ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹക്കീമുല്ല മഹ്‌സൂദ് സഞ്ചരിച്ച വാഹനത്തിനു നേരെ വെള്ളിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
ഒരു വ്യക്തിയുടെ മരണമായി മാത്രം ഇതിനെ കാണാനാകില്ലെന്നും സമാധാന ശ്രമങ്ങളുടെയെല്ലാം മരണമാണ് സംഭവിച്ചിരിക്കുന്നതെന്നുമാണ് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പ്രതികരിച്ചത്. താലിബാന്റെ പാക് പതിപ്പായ തഹ്‌രീകെ താലിബാന്‍ അഴിച്ചുവിടുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും സ്‌ഫോടനങ്ങളും രാജ്യത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് എത്രമാത്രം ഭീഷണിയാണെന്ന് തികഞ്ഞ ബോധ്യമുള്ളയാള്‍ തന്നെയാണ് പാക് ആഭ്യന്തര മന്ത്രി. അദ്ദേഹം, സംഘര്‍ഭരിതമായ പാക്കിസ്ഥാനില്‍ യഥാര്‍ഥ ജനാധിപത്യ സ്ഥാപനങ്ങള്‍ വളര്‍ന്നു വരുന്നതിനെ താലിബാനെ പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാത്ത ആളല്ല താനും. എന്നിട്ടും മഹ്‌സൂദിന്റെ മരണത്തെ സമാധാനശ്രമങ്ങളുടെ മരണമായി അദ്ദേഹം കാണുന്നുണ്ടെങ്കില്‍ അത് പാക്കിസ്ഥാനില്‍ ക്രൂരമായ ഇടപെടല്‍ നടത്തുന്ന മുഴുവന്‍ രാജ്യങ്ങള്‍ക്കുമുള്ള വ്യക്തമായ സന്ദേശമാണ്. താലിബാനുമായി പല തലങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ക്ക് പുതിയ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന നവാസ് ശരീഫ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്. സ്വയംനിര്‍ണയത്തിന്റെ ഭാഗമായാണ് ഇത്തരം ചര്‍ച്ചകള്‍. പുറത്ത് നിന്ന് നിര്‍ണയിക്കപ്പെടുന്ന വഴികളിലൂടെ സഞ്ചരിച്ചാല്‍ സാധ്യമാകുന്ന സമാധാനം സ്ഥായിയായിരിക്കില്ലെന്നു തന്നെയാണ് പാക് സര്‍ക്കാറിന്റെ വിലയിരുത്തല്‍. കൊന്നൊടുക്കി നേടാവുന്ന ഒന്നല്ല സമാധാനമെന്നും അവര്‍ തിരിച്ചറിയുന്നു.
ആധുനിക കാലത്തെ ഏറ്റവും ക്രൂരമായ അധിനിവേശമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍. വിദൂര കേന്ദ്രങ്ങളില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന പൈലറ്റില്ലാ വിമാനങ്ങള്‍ മിസൈലുകള്‍ തൊടുത്തുവിട്ട് മരണം വിതക്കുന്നു. തീവ്രവാദികള്‍ ഒളിച്ച് കഴിയുന്നുവെന്ന് വിധിക്കപ്പെടുന്ന എവിടെയും ഇത്തരം ആക്രമണങ്ങള്‍ നടക്കാം. അത് സ്‌കൂളിലാകാം. കല്യാണപ്പന്തലിലാകാം. ഖബര്‍സ്ഥാനിലാകാം. തെരുവിലാകാം. ആയിരക്കണക്കിന് നിരപരാധികളാണ് ഇങ്ങനെ മരിച്ചുവീഴുന്നത്. യമനില്‍ ഇത്തരം ആദ്യത്തെ ആക്രമണം നടക്കുന്നത് 2002ലാണ്. അന്ന് കൊല്ലപ്പെട്ട അല്‍ ഖാഇദയുടെ ബുദ്ധികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ടയാള്‍ ഒരു കാറില്‍ സഞ്ചരിക്കുകയായിരുന്നു. മഹ്‌സൂദിന്റെ കാര്യത്തിലും അത് തന്നെയാണുണ്ടായത്.
തങ്ങള്‍ക്കും ലോകത്തിനും ഭീഷണിയാണെന്ന് അമേരിക്ക വിധിക്കുന്ന ഒരാളെയോ ഒരു കൂട്ടം ആളുകളേയോ ഏത് രാജ്യത്തും കടന്നു കയറി വകവരുത്താനുള്ള അധികാരം അവര്‍ക്കുണ്ടെന്നാണ് യു എസ് സൈനിക, സിവിലിയന്‍ നേതൃത്വം പറയുന്നത്. മാറ്റം മുഴക്കി അധികാരത്തിലെത്തിയ ബരാക് ഒബാമ രണ്ടാമൂഴത്തിലും പ്രസിഡന്റ്പദത്തിലിരിക്കുമ്പോഴും ഈ ധാര്‍ഷ്ട്യത്തിന് ഒരു ശമനവുമില്ല. കൊളോണിയല്‍ കാലത്ത് നിരവധി രാജ്യങ്ങളുടെ രാഷ്ട്രീയ അധികാരം കൈയാളിയാണ് സാമ്രാജ്യത്വം അതിര്‍ത്തികള്‍ അപ്രസക്തമാക്കിയത്. ഡ്രോണ്‍ ആക്രമണങ്ങള്‍ സമാനമായ അധിനിവേശം തന്നെയാണ്. അത് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബന്ദിയാക്കുന്നു. ഉസാമ ബിന്‍ ലാദനെ അബത്താബാദില്‍ കടന്നു കയറി വകവരുത്തിയപ്പോള്‍ അന്നത്തെ പാക് പാര്‍ലിമെന്റ് പാസ്സാക്കിയ പ്രമേയത്തിലെ വരികള്‍ ഒരിക്കല്‍ കൂടി പ്രസക്തമാകുകയാണ്. “പാക്കിസ്ഥാന്‍ ഒരു പരമാധികാര രാഷ്ട്രമാണ്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഇവിടുത്തെ പാര്‍ലിമെന്റാണ്” യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സമിതികള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.