നഗര വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായി ‘ഗ്രീന്‍ വ്യൂ’

Posted on: November 3, 2013 8:11 am | Last updated: November 3, 2013 at 8:11 am

കോഴിക്കോട്:നഗരത്തിലെ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കാന്‍ കുറഞ്ഞ നിരക്കില്‍ പച്ചക്കറി തൈകളുടെ പാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഗ്രീന്‍ വ്യൂവിന്റെ പദ്ധതി. നഗരത്തിലും പരിസരപ്രദേശങ്ങളിലും കീടനാശിനി -രാസവള മുക്ത പച്ചക്കറികള്‍ വിതരണം ചെയ്യുന്ന ശ്രദ്ധേയമായ കര്‍ഷകരുടെ കൂട്ടായ്മയാണ് ഗ്രീന്‍ വ്യൂ.
പോഷക സമൃദ്ധമായ പച്ചക്കറികളായ വാളങ്ങ, ചതുപ്പയര്‍, അമര, നാടന്‍ കറിവേപ്പ്, കാന്താരി മുളക്, കടച്ചക്ക, മുള്ളാത്ത എന്നിവയും പപ്പായ, മത്തന്‍, എളവന്‍, വെള്ളരി, പാവക്ക തുടങ്ങിയവയുടെ തൈകളും പ്രത്യേക പാക്കറ്റുകളിലാക്കി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നാളെ മുതല്‍ ഒന്‍പത് വരെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ചാണ് ചുരുങ്ങിയ നിരക്കില്‍ തൈകള്‍ വിതരണം ചെയ്യുക. നാളെ ഉച്ചക്ക് 12.30ന് കൃഷിമന്ത്രി പി കെ മോഹനന്‍ ഉദ്ഘാടനം ചെയ്യും.
ഗ്രീന്‍ വ്യൂ , കാരന്തൂര്‍ വനിതാസഹകരണ സംഘവുമായി ചേര്‍ന്ന് ഈ മാസം പത്ത് മുതല്‍ 15 വരെ കാരന്തൂര്‍ വനിതാസഹകരണ സംഘത്തില്‍ അടുക്കളത്തോട്ട പച്ചക്കറി തൈകളുടെ വില്‍പ്പനമേള സംഘടിപ്പിക്കും.
അടുക്കളത്തോട്ടം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഓരോ വീടുകളെയും പച്ചക്കറി ഉത്പാദനത്തിലൂടെ സ്വയം പര്യപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. പച്ചക്കറികള്‍ക്ക് പുറമെ ശീതകാല വിളകളായ ക്വാളി ഫഌവര്‍, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മുള്ളങ്കി, വിദേശ പഴങ്ങളായ റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയവയും അടുക്കളത്തോട്ടത്തെ വിപുലീകരിക്കാനെത്തിക്കും.
ഫഌറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് ടെറസുകളില്‍ കൃഷി ചെയ്യുന്നതിനായി വിത്തും ജൈവ വളവും ഗ്രോ ബാഗുകളും വില്‍പ്പനക്കുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9037400391 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഗ്രീന്‍വ്യൂ പ്രസിഡന്റ് പി രജുല്‍കുമാര്‍, സെക്രട്ടറി മുല്ലേരി ചന്ദ്രശേഖരന്‍ നായര്‍, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, എം എ ജോണ്‍സണ്‍, അരീക്കല്‍ മുരളീധരന്‍, ദീപ രഞ്ജിത്ത് ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.