Connect with us

Palakkad

പ്ലാച്ചിമട: നഷ്ടപരിഹാരം വൈകിയാല്‍ ശക്തമായ സമരം

Published

|

Last Updated

പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി ഉണ്ടാക്കിയ നഷ്ടം പരിഹരിക്കുന്നതിന് കാലതാമസം വരുത്തിയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്ലാച്ചിമട കോളാവിരുദ്ധ സമര ഐക്യദാര്‍ഢ്യസമിതി ജില്ലാകമ്മിറ്റിയോഗം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്ന നിയമ ലംഘനസമരം ആരംഭിക്കുന്നതിന് മുമ്പായി നടത്തുന്ന പ്ലാച്ചിമട ജനാധികാരയാത്രയുടെ രണ്ട് ദിവസത്തെ ജില്ലാ തല പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.
കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, കേരള നിയമസഭയെ അവഹേളിക്കുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള നിയമസഭ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളുടെ ജീര്‍ണ്ണതയെയാണ് തുറന്ന് കാണിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഐക്യദാര്‍ഢ്യ സമിതി പുതിയ ഭാരവാഹികളായി പുതുശ്ശേരി ശ്രീനിവാസന്‍(ചെയര്‍മാന്‍), മുരളി വള്ളത്തോള്‍, കെ എ രാമകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കൃഷ്ണന്‍കുട്ടി തോട്ടിങ്കല്‍ (കണ്‍വീനര്‍), സാദിഖ് കൊല്ലങ്കോട്, എ ആര്‍ സനോജ് (ജോ. കണ്‍വീനര്‍മാര്‍), ആര്‍ സുരേന്ദ്രന്‍ (ഖജാന്‍ജി) തെരഞ്ഞെടുത്തു.
സംസ്ഥാന ചെയര്‍മാന്‍ മുതലാംതോട് മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍ കെ വി ബിജു, അസീസ്, മേജര്‍ രവീന്ദ്രന്‍, വി സുബ്രഹ്മണ്യന്‍, എസ്. വിശ്വകുമാരന്‍ നായര്‍, ഡോ. മാനാര്‍ജി രാധാകൃഷ്ണന്‍ സംസാരിച്ചു.