Connect with us

Malappuram

നിതാഖാത്തിന്റെ ഭാരവും പേറി അബ്ദുല്ല വെറുംകൈയോടെ നാടണഞ്ഞു

Published

|

Last Updated

കാളികാവ്: പ്രവാസം സമ്മാനിച്ച വേദനകള്‍ക്കൊപ്പം നിതാഖാതിന്റെ ഭാരവും പേറി നാടണഞ്ഞിരിക്കുകയാണ് അഞ്ചച്ചവിടി മൂച്ചിക്കലിലെ മാവുങ്ങല്‍ അബ്ദുല്ല. എട്ടുവര്‍ഷം മരുഭൂമിയില്‍ കഠിനമായി ജോലി ചെയ്ത് വെറുംകൈയോടെ തിരിച്ചെത്തിയ അബ്ദുല്ലക്ക് പ്രവാസ ജീവിതം നല്‍കിയത് ദുരനുഭവങ്ങള്‍ മാത്രം. സ്വദേശി വത്കരണം വന്നതോടെ മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു ഇയാള്‍ക്ക് മുന്നില്‍.
2005ലാണ് കുടുംബ പ്രാരാബ്ധം കാരണം സഊദി അറേബ്യയിലെ റിയാദിലേക്ക് വിമാനം കയറിയത്. ഫര്‍ണിച്ചര്‍ കടയിലായിരുന്നു ജോലി. രണ്ടു വര്‍ഷം ജോലി ചെയ്‌തെങ്കിലും സ്‌പോണ്‍സര്‍ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2007ല്‍ ഒന്നരവര്‍ഷത്തെ ശമ്പളം സ്‌പോണ്‍സറില്‍നിന്നും വാങ്ങിക്കൊടുത്തു.
ഇതിനിടെ സ്‌പോണ്‍സര്‍ മരണപ്പെടുകയും ചെയ്തു. അതോടെ സ്ഥാപനത്തിന്റെ ഉത്തരവദിത്വം അദ്ദേഹത്തിന്റെ മക്കളുടെ നിയന്ത്രണത്തിലായി. വിസയും ഇഖാമയും പുതുക്കി നല്‍കാതെ നിലവിലെ സ്‌പോണ്‍സര്‍മാര്‍ അബ്ദുല്ലയോട് പ്രതികാരം ചെയ്തു. ഇതോടെ അബ്ദുല്ലയുടെ പ്രവാസ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയായിരുന്നു. അതിനിടയില്‍ മരണപ്പെട്ട സ്‌പോണ്‍സര്‍ സര്‍ക്കാറിലേക്ക് വന്‍ സംഖ്യ അടക്കാത്തതിനാല്‍ വ്യാപാര സ്ഥാപനവും സ്വത്ത് വകകളും കോടതി ജപ്തി ചെയ്യുകയും ചെയ്തു. പിന്നീടുള്ള അഞ്ച് വര്‍ഷം അബ്ദുല്ലക്ക് പുറത്തിങ്ങാന്‍ പറ്റാതായി. വിസ മാറ്റി നല്‍കാന്‍ പരാതി നല്‍കാന്‍ കാത്തിരിക്കുന്നതിനിടയിലാണ് സഊദി സര്‍ക്കാരിന്റെ നിതാഖാത് നിയമം നിരവധി പ്രവാസികളെ പോലെ അബ്ദുല്ലക്കും ഇരുട്ടടിയാകുന്നത്.
പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈയിലായിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനും നിവൃത്തിയല്ലാതായി. പരിശോധകരുടെ കണ്ണില്‍പെടാതെ ഇടക്കിടെ പുറത്തിറങ്ങി കിട്ടുന്ന ചില്ലറ ജോലികൊണ്ടാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്. വിസ മാറ്റിത്തരാന്‍ പിന്നീട് സ്‌പോണ്‍സര്‍ തയ്യാറായെങ്കിലും അയ്യായിരം റിയാല്‍ ആവശ്യപ്പെട്ടതിനാല്‍ നിവൃത്തില്ലാതെ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി. മരുഭൂമിയില്‍ കഴിയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിച്ചറിഞ്ഞ് അബ്ദുല്ല കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. എട്ടു കൊല്ലത്തെ പ്രവാസ ജീവിതം കൊണ്ട് കുറേ കടങ്ങള്‍ മാത്രമാണ് അബ്ദുല്ലയുടെ ഇപ്പോഴത്തെ സമ്പാദ്യം.