വന്‍കിട കൈയേറ്റക്കാരുടെ ഭൂമികള്‍ തിരിച്ചുപിടിക്കും: മന്ത്രി അടൂര്‍ പ്രകാശ്

Posted on: November 3, 2013 7:57 am | Last updated: November 3, 2013 at 7:57 am

മലപ്പുറം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി വന്‍കിട കൈയേറ്റക്കാരുടെ ഭൂമികള്‍ തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതുവഴി സംസ്ഥാനത്ത് ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. 243,928 പേരാണ് ഭൂമിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. 2015 ഓടെ എല്ലാവര്‍ക്കും ഭൂമി നല്‍കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഒരുലക്ഷം പേര്‍ക്ക് ഭൂമി നല്‍കും. നിലവിലുള്ള കണക്കില്‍പ്പെടാത്തവരും ഭൂരഹിതരായി സംസ്ഥാനത്തുണ്ട്. അടുത്തുതന്നെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രിസഭ കൂടിയാലോചനക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ പി അനില്‍ കുമാര്‍, പി കെ അബ്ദുര്‍റബ്ബ്, എം എല്‍ എമാരായ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, സി മമ്മുട്ടി, മുഹമ്മദുണ്ണി ഹാജി, പി കെ ബശീര്‍, ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ എം സി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്ലകുട്ടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
23,968 അപേക്ഷകരാണ് ജില്ലയിലുള്ളത്. ആദ്യഘട്ടത്തില്‍ 843 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ഇതിനായി 30 ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയത്. തിരൂര്‍ താലൂക്കില്‍ മംഗലം, ചെറിയമുണ്ടം, എടയൂര്‍, കുറ്റിപ്പുറം, കാട്ടിപ്പരുത്തി വില്ലേജുകളിലായി 284 പേര്‍ക്കും തിരൂരങ്ങാടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ അഞ്ച് പേര്‍ക്കും പട്ടയം നല്‍കി. പെരിന്തല്‍മണ്ണ താലൂക്കിലെ പാതാക്കര, മേലാറ്റൂര്‍, ഏലംകുളം, ആനമങ്ങാട് വില്ലേജുകളിലെ 87 പേര്‍ക്കും ഏറനാട് താലൂക്കില്‍ പയ്യനാട്, എടവണ്ണ, പേരകമന്ന, എലങ്കൂര്‍, അരീക്കോട്, മൊറയൂര്‍, പാണക്കാട്, കൊണ്ടോട്ടി, വാഴക്കാട്, ചെറുകാവ് വില്ലേജുകളിലായി 143 പേര്‍ക്ക് പട്ടയം നല്‍കി. പൊന്നാനി താലൂക്കില്‍ എടപ്പാള്‍ വില്ലേജില്‍ ഏഴ് പേര്‍ക്കും പട്ടയം ലഭിച്ചു. ചോക്കാട്, കരുളായി, അകമ്പാടം, കേരള എസ്റ്റേറ്റ്, അമരമ്പലം, മമ്പാട്, പോരൂര്‍, തുവ്വൂര്‍, വണ്ടൂര്‍, വെള്ളയൂര്‍, കാളികാവ്, തിരുവാലി വില്ലേജുകളിലായി 317 പേര്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ട്.