Connect with us

Kozhikode

സി ഐ ടി യു നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

താമരശ്ശേരി: റബ്ബര്‍ തോട്ടത്തിലെ പുകപ്പുരയില്‍ നിന്ന് ഒട്ടുപാല്‍ മോഷ്ടിക്കുന്നതിനിടെ സി ഐ ടി യു നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി കോരങ്ങാട് പി കെ എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിയും പി കെ എസ്റ്റേറ്റിലെ സി ഐ ടി യു യൂനിറ്റ് സെക്രട്ടറിയുമായ പി കെ രാജന്‍ (35), അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന കേശവന്‍ (55), അമ്പായത്തോട് കുളങ്ങര ഹനീഫ (38) എന്നിവരെയാണ് തോട്ടം ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. പുകപ്പുരയില്‍ നിന്ന് ഒട്ടുപാല്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാവല്‍ നില്‍ക്കുകയായിരുന്നവര്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ശബ്ദം കേട്ടെത്തി മോഷണം നേരില്‍ കാണുകയായിരുന്നു. രാജനെയും കേശവനെയും കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. എസ്റ്റേറ്റിനുള്ളില്‍ താമസിക്കുന്ന രാജന്‍ ഓടിരക്ഷപ്പെട്ടതായും ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നുമാണ് പിടിയിലായവര്‍ പറഞ്ഞത്. രാജനെ പിന്നീട് താമരശ്ശേരി പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം മോഷ്ടിച്ച ഒട്ടുപാല്‍ 19000 രൂപക്ക് താമരശ്ശേരിയില്‍ വില്‍പ്പന നടത്തിയതായും ഇവര്‍ സമ്മതിച്ചു. പിടിയിലായ ഹനീഫ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നും കേശവനെതിരെയും കേസ് നിലവിലുണ്ടെന്നും താമരശ്ശേരി സി ഐ. പി ബിജുരാജ് പറഞ്ഞു. ചാക്കിലാക്കി കടത്താന്‍ ശ്രമിച്ച ഒട്ടുപാലും മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും പിടിച്ചെടുത്തു. നേരത്തെ മോഷ്ടിച്ച ഒട്ടുപാല്‍ കടത്തിയ ജീപ്പ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തോട്ടത്തിലെ ഒരു വനിതാ തൊഴിലാളിയുടെ തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് എസ്റ്റേറ്റില്‍ നാല് മാസത്തോളമായി സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളി സമരം നടന്നുവരികയാണ്. ഇതിനിടെയാണ് സമരത്തിന് നേതൃത്വം നല്‍കുന്ന രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ മോഷണത്തിന് പിടിയിലായത്.