Connect with us

Kozhikode

മലയോരത്ത് ജനകീയ പ്രതിഷേധങ്ങള്‍

Published

|

Last Updated

താമരശ്ശേരി: പരസ്ഥിതിയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാനാണ് ശ്രമമെങ്കില്‍ മരണം വരെ സമരമെന്ന സന്ദേശവുമായി മലയോരത്ത് കര്‍ഷക പ്രതിഷേധം ഇരമ്പി. കര്‍ഷകരെ ദ്രോഹിക്കുന്നപക്ഷം തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്ന് അവര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. താമരശ്ശേരി രൂപതക്കുകീഴില്‍ മലയോര പഞ്ചായത്തുകളില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ ജനവാസ കേന്ദ്രങ്ങള്‍ വനപ്രദേശമായി മാറുമെന്നും ഇതോടെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വമേധയാ കൃഷിഭൂമി വിട്ടൊഴിഞ്ഞ് പോകേണ്ടി വരും. പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെട്ട നീലഗിരി ജില്ല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതിരുന്നത് ദുരൂഹമാണെന്നും ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ ഇടപെടലാണ്. എന്‍ ജി ഒ കള്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന കോടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെന്നും പരിസ്ഥിതിയുടെ പേരില്‍ വിദേശ ഫണ്ട് കൈക്കലാക്കലാണ് ലക്ഷ്യമെന്നും പ്രതിഷേധ സംഗമങ്ങളില്‍ പ്രസംഗിച്ചവര്‍ ആരോപിച്ചു.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ താമരശ്ശേരി രൂപത പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രൂപതയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല്‍പതോളം കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച പ്രതിഷേധ സംഗമം നടന്നത്. കോടഞ്ചേരി ഫോറോനയുടെ നേതൃത്വത്തില്‍ നടന്ന റാലിയിലും ധര്‍ണയിലും വൈദികരും പൊതുജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, എം ഐ ഷാനവാസ് എം പി, സി മോയിന്‍കുട്ടി എം എല്‍ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ സംസാരിച്ചു. പുതുപ്പാടിയില്‍ നടന്ന പ്രതിഷേധ റാലി ഈങ്ങാപ്പുഴയില്‍ നിന്ന് ആരംഭിച്ച് ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാദര്‍ ആന്റണി കൊഴുവനാല്‍ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ മഠത്തില്‍, ബേബി മാത്യു, കൃഷ്ണന്‍കുട്ടി, ടി പി ഹുസ്സൈന്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.
മുക്കം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരുടെ ജീവിതം വഴിയാധാരമാക്കുന്ന മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മലയോര മേഖലയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ നടന്നു. സംയുക്ത കര്‍ഷക സമരസമിതി, മലബാര്‍ വികസന മുന്നണി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. തിരുവമ്പാടിയില്‍ രാവിലെ നടന്ന വില്ലേജ് ഓഫീസ് ധര്‍ണ ഫാദര്‍ ഷെറിന്‍ പുത്തന്‍ പുരക്കല്‍ ഉദ്ഘാടനം ചെയ്തു. ബേബി പെരുമാലി അധ്യക്ഷത വഹിച്ചു.
ബഹുജനറാലിയില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ അബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാദര്‍ ആന്റണി കൊഴുവനാല്‍, സി മോയിന്‍കുട്ടി എം എല്‍ എ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, എസ് മൂസ മാസ്റ്റര്‍, തോമസ് വലിയപറമ്പന്‍, ജോസ് ഇടവഴി പ്രസംഗിച്ചു.
കൂടരഞ്ഞിയില്‍ നടന്ന പഞ്ചായത്ത് ഓഫീസ് ധര്‍ണയില്‍ ഫാദര്‍ ജെയിംസ് വാമറ്റം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ സെബാസ്റ്റ്യന്‍, അഗസ്റ്റ്യന്‍ മഠത്തിപ്പറമ്പില്‍, സി കെ കാസിം, പി എന്‍ തങ്കപ്പന്‍, ജോസ് പള്ളിക്കുന്നേല്‍, പി കെ ജോര്‍ജ്, കെ ജെ ആന്റണി പ്രസംഗിച്ചു.
മലബാര്‍ വികസന മുന്നണിയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിയില്‍ നടന്ന പ്രതിഷേധ സംഗമം ചെയര്‍മാന്‍ സൈമണ്‍ തോണക്കര ഉദ്ഘാടനം ചെയ്തു. ഗ്ലോറിന്‍ മണക്കാട്ട് അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----