Connect with us

Malappuram

ഒന്നര മാസത്തിനുള്ളില്‍ റവന്യൂ സ്‌ക്വാഡ് വേങ്ങരയില്‍ നിന്ന് പിടികൂടിയത് ഡസനിലധികം ലോറികള്‍

Published

|

Last Updated

വേങ്ങര: ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ റെയ്ഡില്‍ ഒന്നര മാസത്തിനകം വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത് ഡസനിലധികം മണല്‍ ലോറികള്‍.
കടലുണ്ടിപ്പുഴയില്‍ നിന്നും അനധികൃതമായി മണലെടുക്കുന്ന പറപ്പൂര്‍ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കല്‍, വട്ടപറമ്പ്, പുഴച്ചാല്‍, കടവത്ത്, ഇരിങ്ങല്ലൂര്‍, കല്ലക്കയം, കുഴിപ്പുറം, വേങ്ങര ഗ്രാമ പഞ്ചായത്തുകളിലെ മാഞ്ഞമാട്, കാളിക്കടവ്, തേര്‍ക്കയം, ഊരകം ഗ്രാമ പഞ്ചായത്തിലെ ചാലില്‍കുണ്ട്, മമ്പീതി, കാരാതോട്, കോട്ടുമല തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും മണലെടുത്ത് പോകുന്ന വാഹനങ്ങളാണ് പിടികൂടിയവയില്‍ മിക്കതും.
വന്‍ നെറ്റ്‌വര്‍ക്കും ഉദ്യോഗസ്ഥ ചാരന്മാരുമുള്ള മണല്‍മാഫിയ അറിയാതെ സ്വകാര്യ വാഹനങ്ങളില്‍ അര്‍ധരാത്രിയില്‍ എത്തിയാണ് മണല്‍ലോറികള്‍ പിടികൂടുന്നത്. രണ്ട് ദിവസം മുമ്പ് ഇല്ലിപ്പുലാക്കല്‍, മമ്പീതി, വലിയോറ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് മണല്‍ ലോറികള്‍ പിടിച്ചെടുത്തിരുന്നു. ലോറി പിടികൂടിയതോടെ കൊണ്ട് പോകാന്‍ കഴിയാതിരുന്ന പുഴച്ചാല്‍, കാവിന്‍ മുമ്പില്‍ കടവിലെ പത്തോളം ലോഡ് മണല്‍ പാസ് മുഖേന വിതരണം ചെയ്തു. കൂട്ടിയിട്ട മണല്‍ വേങ്ങര പോലീസില്‍ വിവരമറിയിച്ചാലും നടപടികളൊന്നും സ്വീകരിക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അതേ സമയം ലോക്കല്‍ പോലീസറിയാതെയാണ് റവന്യൂ സ്‌ക്വാഡ് റെയ്ഡ് നടത്തി വാഹനങ്ങള്‍ പിടികൂടുന്നത്. വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മുപ്പതിലധികം മണല്‍ ലോറികള്‍ ഇനിയും പിടികൂടാനുണ്ട്. ഇവയില്‍ രേഖകളില്ലാത്ത വാഹനങ്ങളും ഉള്‍പ്പെടും. റവന്യൂ സ്‌ക്വാഡിന്റെ പിടിയിലാകുമെന്ന് കാണുന്നതോടെ മിക്ക വാഹനങ്ങളും ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ രക്ഷപ്പെടുകയാണ് പതിവ്.

Latest