മോഡിയും പട്ടേലും

Posted on: November 2, 2013 6:00 am | Last updated: November 1, 2013 at 11:13 pm

സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതില്‍ വഹിച്ച സുപ്രധാനമായ പങ്ക്, വേണ്ട ഘട്ടങ്ങളില്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടി കാണിക്കാതിരുന്ന മനോദാര്‍ഢ്യം എന്നിവയാണ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠങ്ങളില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ പരിചയപ്പെടുത്തുമ്പോള്‍ ആദ്യമുണ്ടായിരുന്നത്. അത് ഇപ്പോഴും അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. ആ നടപടികള്‍ക്കിടെയുണ്ടായ വലിയ വംശഹത്യയെക്കുറിച്ച് സാമൂഹികശാസ്ത്ര പാഠങ്ങളിലുണ്ടാകില്ല. അത്തരത്തിലൊന്ന് നടന്നുവെന്ന് ഇന്ത്യന്‍ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സമ്മതിച്ചിട്ടുമില്ല, അതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. ഹൈദരാബാദിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ നൈസാം ശ്രമിച്ചപ്പോള്‍, സൈനിക ഇടപെടലിലൂടെ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു – ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയും സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയുമായ സര്‍ക്കാര്‍.
സൈനിക നടപടിക്ക് ശേഷം നടന്ന ആക്രമണങ്ങളില്‍ 40,000 മുസ്‌ലിംകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. അന്വേഷണത്തിന് നിയോഗിക്കപ്പെട്ട രണ്ടംഗ കമ്മീഷനില്‍ ഒരാള്‍ പ്രൊഫസര്‍ സുന്ദര്‍ലാലായിരുന്നുവെന്നും അദ്ദേഹം ഹിന്ദുമത വിശ്വാസത്തില്‍ അടിയുറച്ചുനിന്ന ആളായിരുന്നുവെന്നും എ ജി നൂറാനി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. സ്വാതന്ത്ര്യത്തിന് ശേഷം സൈനിക ഇടപെടലുണ്ടാകുന്നതിന് മുമ്പ്, നൈസാം സര്‍ക്കാറും അതിന്റെ അര്‍ധസൈനിക വിഭാഗവുമായ റസാക്കര്‍മാരും ഹൈന്ദവരെ വലിയ തോതില്‍ ദ്രോഹിച്ചുവെന്നും അതിന്റെ പ്രതികാരമായിരുന്നു സൈനിക ഇടപെടലിന് ശേഷമുണ്ടായ വംശഹത്യയെന്നും പറയപ്പെടുന്നുണ്ട്. കാരണമെന്തായാലും ഇന്ത്യന്‍ യൂനിയന്റെ ഭാഗമായതിന് പിറകെ, ആയിരക്കണക്കിന് ജീവനുകള്‍ ഹൈദരാബാദിലെ തെരുവുകളില്‍ പൊലിഞ്ഞു. ആ വംശഹത്യക്ക് സൈന്യത്തിന്റെതടക്കം പിന്തുണയുണ്ടായിരുന്നുവെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും ഭരണത്തിന്‍കീഴില്‍ ഇത്തരത്തിലൊന്ന് സംഭവിച്ചുവെന്ന് സമ്മതിക്കാന്‍ ആ പാര്‍ട്ടി ആഗ്രഹിക്കാതിരിക്കുക സ്വാഭാവികം.
ഇതോടൊപ്പം രാഷ്ട്രീയ സ്വയം സേവക് സംഘിനോട് (ആര്‍ എസ് എസ്) സര്‍ദാര്‍ പട്ടേല്‍ സ്വീകരിച്ചിരുന്ന നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നിരോധിക്കപ്പെട്ടിരുന്നു ആര്‍ എസ് എസ്. ഇനി മേലാല്‍ നല്ല നടപ്പായിരിക്കുമെന്ന് സംഘ നേതൃത്വം ഉറപ്പ് നല്‍കുകയും ആ ഉറപ്പിനെ വിശ്വസിക്കാമെന്ന് സര്‍ദാര്‍ പട്ടേല്‍ നിലപാടെടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരോധം നീക്കിയത്. മഹാത്മാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്ത നേതാക്കള്‍ തന്നെയാണ്, സംഘടന നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റ്റൊഴിവാക്കാന്‍ ഗാന്ധി വധത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി നെഹ്‌റുവിനും പട്ടേലിനും ടെലഗ്രാമടിച്ചത്. അവര്‍ തന്നെയാണ് ഇനി നല്ല നടപ്പായിരിക്കുമെന്ന ഉറപ്പും നല്‍കിയത്. ഗാന്ധി വധത്തില്‍ ആര്‍ എസ് എസ്സിനുള്ള പങ്ക് പുറത്തുവന്നതോടെ ഈ സംഘടനയെ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നിലപാടെടുത്തു. ആര്‍ എസ് എസ്സിന്റെ പങ്ക് സംബന്ധിച്ച് നിയമപ്രകാരമുള്ള തെളിവ് ലഭിക്കാതെ നിരോധിക്കാനാകില്ലെന്നായിരുന്നു സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്. നിയമ വ്യവസ്ഥകളുടെ കണ്ണിലൂടെ നോക്കിയാല്‍ പട്ടേലിന്റെ നിലപാടില്‍ തെറ്റില്ല. പക്ഷേ, ഇതേ പട്ടേലാണ്, ആര്‍ എസ് എസ്സിന്റെ പങ്ക് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുകയോ ഗാന്ധി വധത്തിലെ വിചാരണ തീരുകയോ ചെയ്യുന്നതിന് മുമ്പ് സംഘ് നേതൃത്വത്തിന്റെ ഉറപ്പ് പരിഗണിച്ച് നിരോധം നീക്കാന്‍ ശിപാര്‍ശ ചെയ്തത്. ദണ്ഡനം കൊണ്ട് ഒരു സംഘടനയെയും തകര്‍ക്കാനാകില്ലെന്ന് പട്ടേല്‍ വാദിച്ചു. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമുള്ളതാണ് ദണ്ഡനം. ആര്‍ എസ് എസ്സുകാര്‍ കള്ളന്‍മാരോ കൊള്ളക്കാരോ അല്ല. രാജ്യത്തെ സ്‌നേഹിക്കുന്നവരാണെന്നും പട്ടേല്‍ വാദിച്ചു.
സാമൂഹികശാസ്ത്ര പാഠങ്ങളിലില്ലാത്ത ഈ സംഭവം കൂടി ഓര്‍ത്തുകൊണ്ടുവേണം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പാരമ്പര്യത്തെച്ചൊല്ലി ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുയര്‍ന്ന തര്‍ക്കത്തിലേക്ക് കടക്കാന്‍. ആദ്യ പ്രധാനമന്ത്രി പട്ടേലായിരുന്നുവെങ്കില്‍ രാജ്യം ഇപ്പോഴിങ്ങനെയാകില്ലായിരുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനെയെ വിലയിരുത്താന്‍. സര്‍ദാര്‍ പട്ടേല്‍ മതനിരപേക്ഷ നിലപാടിലുറച്ചുനിന്ന നേതാവായിരുന്നുവെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളോട് പ്രതികരിക്കവെ, സര്‍ദാറിന്റെ മതനിരപക്ഷതയാണ്, വോട്ട് ബേങ്ക് മതനിരപേക്ഷതയല്ല ആവശ്യമെന്ന നരേന്ദ്ര മോഡിയുടെ നിലപാടിനെ പരിശോധിക്കാന്‍. രാജ്യത്തിന്റെ അഖണ്ഡത ഉറപ്പാക്കിയ, മതേതര നിലപാടുകാരനായ സമുന്നത നേതാവ് കോണ്‍ഗ്രസ്സുകാരനായിരുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളെ വായിക്കാന്‍. (സര്‍ദാര്‍ പട്ടേലുണ്ടായിരുന്ന കോണ്‍ഗ്രസും ഇന്നുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്ര (ഇന്ദിര) സും ഒന്നാണോ ആവോ).
പട്ടേല്‍ വിശേഷിപ്പിക്കപ്പെടുന്നത് ഉരുക്കുമനുഷ്യനായാണ്. ഇതിന്റെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമം ബി ജെ പി ഏറെക്കാലം മുമ്പേ തുടങ്ങിയിട്ടുണ്ട്. എല്‍ കെ അഡ്വാനിയെ ലോഹ പുരുഷ്, അടല്‍ ബിഹാരി വാജ്പയിയെ വികാസ് പുരുഷ് എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചതിന് പിറകിലെ ചേതോവികാരം മറ്റൊന്നായിരുന്നില്ല. ഇനി നരേന്ദ്ര മോഡിയെ ഏത് വിധത്തിലാകും വിശേഷിപ്പിക്കുക എന്നത് മാത്രമേ ഈ ശ്രേണിയില്‍ സംശയഹേതുവായുള്ളൂ. രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയും അത് സൈനികേതരവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ നടപ്പാക്കുകയും ചെയ്ത നേതാവിന്റെ പാരമ്പര്യം ഏറ്റെടുക്കാന്‍ പൂര്‍വാധികം ആവേശത്തോടെ ഇപ്പോള്‍ ശ്രമിക്കുമ്പോള്‍, അതിന്റെ രാജ്യം വിഭാഗീയ ശ്രമങ്ങള്‍ക്കിയിലൂടെ കടന്നു പോകുകയാണെന്നും അതിനെ ഇല്ലാതാക്കാന്‍ ഉരുക്കുമനുഷ്യന്റെ പുനരവതാരം ആവശ്യമാണെന്നും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
പൊട്ടിത്തറികള്‍ സൃഷ്ടിക്കുന്ന ഭീകരവാദികള്‍ (എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ് എന്ന മോഡി വാക്യം ഓര്‍ക്കാം), നിലവിലുള്ള ഭരണകൂടത്തെ സായുധ കലാപത്തിലൂടെ അട്ടിമറിക്കാന്‍ പദ്ധതിയിടുന്ന മാവോയിസ്റ്റുകള്‍ (അവര്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന പ്രദേശത്തില്‍ വലിയൊരു ഭാഗം ദശകത്തോളമായി ബി ജെ പി ഭരിക്കുന്ന ഛത്തിസ്ഗഢാണ്), ന്യായമായ കാരണങ്ങളാല്‍ ഭരണകൂടത്തിനെതിരെ സമരം ചെയ്യാനിറങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ എന്ന് തുടങ്ങി പലതിനെയും ചൂണ്ടിക്കാട്ടാനാകും. അതൊക്കെ അഖണ്ഡതക്കുള്ള വെല്ലുവിളിയാണെന്ന് രാജ്യസ്‌നേഹവും ദേശീയബോധവും (ആര്‍ എസ് എസ്സിന്റെ കാര്യത്തില്‍ പട്ടേല്‍ കണ്ട ഗുണങ്ങളായി വായിക്കുക) ഉള്ളവര്‍ക്കൊക്കെ തോന്നും. അവകളെ നേരിടുന്നതില്‍, ദീര്‍ഘകാലമായി ഭരണകൂടം പരാജയപ്പെട്ടുപോകുമ്പോള്‍ ഒരു ഉരുക്കുമനുഷ്യനുണ്ടാകാതെ തരമില്ല. അടിച്ചമര്‍ത്താനുള്ള തീരുമാനമെടുക്കാനും അത് നടപ്പാക്കാനും ദൃഢതയുള്ള ഒരാള്‍. അതു തന്നെയാണ് മോഡി ഉദ്ദേശിക്കുന്നതും ബി ജെ പി ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.
ആര്‍ എസ് എസ്സിനെയും ആശയപരമായി അതിന്റെ ആദ്യ രാഷ്ട്രീയ രൂപമായിരുന്ന ഹിന്ദു മഹാസഭയെയും നേരിട്ട് കുറ്റപ്പെടുത്താന്‍ സര്‍ദാര്‍ പട്ടേല്‍ തയ്യാറായിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്. മഹാത്മാ ഗാന്ധിയുടെ വധത്തിന് ശേഷം, ആര്‍ എസ് എസിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ, ഗാന്ധി വധത്തിലേക്ക് നയിച്ച അന്തരീക്ഷത്തിന്റെ സൃഷ്ടിയില്‍ ആര്‍ എസ് എസ്സും ഹിന്ദുമഹാസഭയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പട്ടേല്‍ പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം പാര്‍ലിമെന്റിലും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, ആര്‍ എസ് എസ്സിനെ നിരോധിക്കുക എന്ന നിര്‍ദേശത്തെ എതിര്‍ക്കുകയും ചെയ്തു. നെഹ്‌റുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആര്‍ എസ് എസ്സിനെ നിരോധിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ സന്നദ്ധനായത് എന്ന എല്‍ കെ അഡ്വാനിയുടെ അഭിപ്രായത്തെ, നിരോധം പിന്‍വലിക്കുന്നതിന് പട്ടേല്‍ കാണിച്ച താത്പര്യം കണക്കിലെടുക്കുമ്പോള്‍ ശരിവെക്കേണ്ടിവരും.
ചുരുക്കത്തില്‍ മന്‍മോഹന്‍ സിംഗ് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്ന, നെഹ്‌റുവും അബുല്‍ കലാം ആസാദുമൊക്കെ പിന്തുടര്‍ന്ന മതനിരപേക്ഷ പാരമ്പര്യത്തിന്റെ അതേ അര്‍ഥത്തിലുള്ള വക്താവായിരുന്നോ പട്ടേല്‍ എന്നതില്‍ സംശയമുയരുക സ്വാഭാവികം. രാജ്യം മതേതരമാകുമ്പോഴും അത് ഭൂരിപക്ഷമതത്തിന്റെ ഇംഗിതത്തിനൊപ്പമാകണമെന്ന വിചാരം പട്ടേലിനുണ്ടായിരുന്നുവെന്ന് കരുതണം. ഹിന്ദു മഹാസഭയല്ല, കോണ്‍ഗ്രസാണ് ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാടുകളുടെ നടത്തിപ്പ് മാര്‍ഗമായി മാറേണ്ടത് എന്ന തോന്നല്‍ പട്ടേലിനുണ്ടായിരുന്നുവെന്ന വിമര്‍ശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കുക എന്ന ലക്ഷ്യത്തോടെ, ആചാരങ്ങളെ ഉപയോഗിച്ചതിലൂടെ കോണ്‍ഗ്രസിനെ ഹിന്ദു മതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമമുണ്ടായെന്ന ആക്ഷേപം ബാലഗംഗാധര തിലകന്റെ രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിലപാടുകള്‍ ഉയര്‍ത്തിവിട്ട ഭീതി, വിഭജനത്തിന് കാരണമായെന്നും വിലയിരുത്തലുകളുണ്ട്. ആ പാരമ്പര്യമാണ് പിന്തുടരേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയും അതില്‍ നിന്ന് വ്യതിചലിച്ച കോണ്‍ഗ്രസിനെ (മൃദു ഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തരം പലപ്പോഴും സ്വീകരിച്ചത് മറക്കുന്നില്ല) തള്ളി ബി ജെ പിയെ ഭൂരിപക്ഷ മത വിഭാഗം സ്വീകരിക്കുകയും വേണമെന്ന് പരോക്ഷമായി പറയുകയാണ് മോഡിയും ബി ജെ പിയും ചെയ്യുന്നത്. അതുകൊണ്ടാണ് ആദ്യത്തെ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ ചിത്രം ഇങ്ങനെയായിരിക്കില്ല എന്ന് മോഡി ആവര്‍ത്തിക്കുന്നത്.
സര്‍ദാറായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുണ്ടാകുമായിരുന്നില്ല എന്ന നേരിട്ടുള്ള അര്‍ഥവും കൂടിയുണ്ട് മോഡിയുടെ വാക്കുകള്‍ക്ക്. അതൊരു സാധ്യതയായി കാണാം. നെഹ്‌റുവിനെ മാറ്റിനിര്‍ത്താന്‍ സാധിക്കുമായിരുന്നു, പക്ഷേ, ഇന്ദിരാ പ്രിയദര്‍ശിനിയുടെ വഴി മുടക്കാന്‍ അത് മതിയാകുമായിരുന്നോ എന്ന് പിന്നീടുള്ള രാഷ്ട്രീയ പ്രയോഗങ്ങള്‍ കണ്ടറിഞ്ഞവര്‍ക്ക് സംശയം തോന്നാന്‍ ഇടയുണ്ട്.
600 അടി ഉയരമുള്ള സര്‍ദാറിന്റെ പ്രതിമ, ഗുജറാത്തില്‍ ഉയരുകയാണ്. 18,000 കോടിയിലേറെ കമ്മി കാണിക്കുന്ന ബജറ്റുള്ള സര്‍ക്കാര്‍ 2,500 കോടി രൂപ ഇതിനായി ചെലവിടുന്നു. പ്രതിമയുടെ ഉയരം, സര്‍ദാറിന്റെ ഉയരം കൂട്ടുമെന്നും അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തണലേകുമെന്നുമുള്ള പ്രതീക്ഷയില്‍.