Connect with us

Kannur

തില്ലങ്കേരിയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ച സംഭവം: പിതാവ് അറസ്റ്റില്‍

Published

|

Last Updated

ഇരിട്ടി: തില്ലങ്കേരിയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ ഇരിട്ടി എസ് ഐ. വി വി മനോജ് അറസ്റ്റ് ചെയ്തു. ഉളിയില്‍ ടൗണില്‍ ഓട്ടോ ഡ്രൈവറായ തില്ലങ്കേരി കാരക്കുന്നിലെ ശ്രീജിത്ത് (29) ആണ അറസ്റ്റിലായത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി പതിയെ റിമാന്‍ഡ് ചെയ്തു.
പിഞ്ച് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീജിത്ത് ഒളിവില്‍ പോവുകയും അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ലഭിക്കാതെ വന്നപ്പോള്‍ കോടതിയില്‍ നേരിട്ട് കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. സംഭവം അപകടമരണമല്ലെന്നും കുഞ്ഞിനേയും ഭാര്യ മഹിഷയേയും കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറായ ശ്രീജിത്ത് മനഃപൂര്‍വം പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ അപകടമായിരുന്നു ഇതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മഹിഷയുടെ മാതാവ് പാലോട്ടുപള്ളിയിലെ ഏച്ചൂര്‍കരിയില്‍ ഓമന ഇരിട്ടി ഡി വൈ എസ് പിക്കും മറ്റും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ഇരിട്ടി അഡീഷണല്‍ എസ് ഐ. കെ പ്രേംകുമാറാണ് അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ആരോപണവും പരാതിയില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ ലഭിച്ചിരുന്നു. ഇതനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഇരിട്ടി സി ഐ ക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 25ന് മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തില്ലങ്കേരി കുന്നുമ്മല്‍ താഴെ പാലത്തില്‍ നിന്ന് ഇവര്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ശ്രീജിത്ത് -മഹിഷ ദമ്പതികളുടെ മകന്‍ ശിവനന്ദു മരണപ്പെട്ടത്.
കാരക്കുന്നിലേക്കുള്ള എളുപ്പ വഴി ഒഴിവാക്കി ഇരിട്ടിയിലൂടെയാണ് ഓട്ടോ പോയത്. രാത്രി എട്ട് മണിയോടെ ഓട്ടോറിക്ഷ കുന്നുമ്മല്‍ താഴെ പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. തോട്ടില്‍ വീണ മഹിഷയെയും കുഞ്ഞിനെയും നീന്തലറിയാവുന്ന ശ്രീജിത്ത് രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇതാണ് സംശയം ഉയര്‍ത്തിയത്.
വനിത എസ് ഐ ബ്രിജിത്ത് ഫ്രാന്‍സിസും അഡീഷണല്‍ എസ് ഐ പ്രേംപ്രകാശും നടത്തിയ ഒന്നാംഘട്ട അന്വേഷണത്തില്‍ മഹിഷയുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയുള്‍പ്പടെ പരിശോധിക്കുകയും സാഹചര്യതെളിവുള്‍പ്പടെ പരിശോധിക്കുകയും ചെയ്തതില്‍ നിന്നാണ് അന്വേഷണത്തിന്റെ കുന്തമുന ശ്രീജിത്തിലേക്ക് നീണ്ടത്. ഇതിനിടയില്‍ ശ്രീജിത്ത് ഒളിവില്‍ പോയി. പിഞ്ചുകുഞ്ഞിന്റെ മരണത്തിനുത്തരവാദികളായ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഇത് സ്വാഭാവിക അപകടമല്ലെന്നും മനപൂര്‍വമുണ്ടാക്കിയ അപകടമാണെന്നും ആദ്യഘട്ട അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ പേരില്‍ നരഹത്യക്ക് കേസെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest