സോളാര്‍: എല്‍ ഡി എഫിന്റെ മേഖലാജാഥകള്‍ക്ക് ഇന്ന് തുടക്കം

Posted on: November 1, 2013 9:50 am | Last updated: November 1, 2013 at 11:59 pm

ldfതിരുവനന്തപുരം: എല്‍ ഡി എഫിന്റെ സോളാര്‍ സമരം പുതിയ ഘട്ടത്തിലേക്ക്. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള എല്‍ ഡി എഫിന്റെ മേഖലാ ജാഥകള്‍ ഇന്ന് ആരംഭിക്കും. സര്‍ക്കാറിനെതിരെ ശക്തമായ പ്രചാരണമാണ് ലക്ഷ്യം.

കാസര്‍കോട് ഉപ്പളയില്‍ നിന്ന് ആരംഭിക്കുന്ന വടക്കന്‍ മേഖലാ ജാഥ സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ നയിക്കും. ജാഥ ഇന്ന് വൈകീട്ട് മൂന്നിന് സി പി ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

തെക്കന്‍ മേഖലാ ജാഥ എറണാകുളം തൃക്കാക്കരയില്‍ നിന്നാണ് തുടങ്ങുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനാണ് ജാഥാ ക്യാപ്റ്റന്‍. ഈ മാസം 13ന് വടക്കന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും സമാപിക്കും.