Connect with us

Editorial

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുമ്പോള്‍

Published

|

Last Updated

സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നു. 2003ലെ വൈദ്യുതി നിയമപ്രകാരം ഉത്പാദനം, പ്രസരണം, വിതരണം എന്നിവക്കായി ബോര്‍ഡിനെ മുന്ന് കമ്പനികളായി വിഭജിക്കണമെന്ന കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസൃതമാണ് തീരുമാനം. വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം നികത്താനായി പ്രഖ്യാപിച്ച സബ്‌സിഡി ലഭിക്കണമെങ്കില്‍, വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടെയുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുകയും അതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. മിക്ക സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചു നടപ്പാക്കിയെങ്കിലും തൊഴിലാളികളുടെ എതിര്‍പ്പ് മൂലം കേരളം ഇക്കാര്യത്തില്‍ വൈമുഖ്യം കാണിക്കുകയും കെ എസ് ഇ ബിയെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിര്‍ത്താന്‍ അനുമതി നല്‍കണമെന്ന് ഊര്‍ജ മന്ത്രാലയത്തോട് ആവശ്യപ്പെടുകയുമാണുണ്ടായത്. കേന്ദ്രം വിട്ടുവീഴ്ചക്ക് സന്നദ്ധമല്ലാത്ത സാഹചര്യത്തില്‍ കേന്ദ്രം നിര്‍ദേശിച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ കമ്പനിവത്കരണത്തിന് കെ എസ് ഇ ബി സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 27ന് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഊര്‍ജ സെക്രട്ടറി എം ശിവശങ്കറാണ് ഇതു സംബന്ധിച്ചു കേന്ദ്രത്തിന് കത്ത് നല്‍കിയത്. കമ്പനിവത്കരണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടതനുസരിച്ചു മൂന്ന് തവണ സമയ പരിധി നീട്ടിക്കൊടുക്കുകയുമുണ്ടായി. മൂന്നാമത്തെ സമയപരിധി അടുത്ത ഡിസംബറോടെ അവസാനിക്കുകയും സ്വകാര്യവത്കരണം പൂര്‍ത്തിയാക്കിയ ശേഷമേ ഉത്പാദന, പ്രസരണ മേഖലകള്‍ക്കുള്ള കേന്ദ്രം സഹായം ലഭിക്കുകയുള്ളുവെന്ന് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ബോര്‍ഡ് വിഭജനത്തിന് കേരളം നിര്‍ബന്ധിതമായത്.
വര്‍ഷങ്ങളായി വന്‍ കടത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. കഴിഞ്ഞ ദിവസം റഗൂലേറ്ററി കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം ബോര്‍ഡിന്റെ ഇപ്പോഴത്തെ കടം 3450 കോടി രൂപ വരും. ഇതില്‍ 1826 കോടി രൂപ ഹ്രസ്വകാല വായ്പയും 1624 കോടി ഓവര്‍ഡ്രാഫ്റ്റുമാണ്. ഈ വര്‍ഷത്തെ കനത്ത മഴ മൂലം ഡാമുകള്‍ നിറയുകയും സംസ്ഥാനത്തെ ജലവൈദ്യുത ഉത്പാദന കേന്ദ്രങ്ങളില്‍ റിക്കാര്‍ഡ് ഉത്പാദനമുണ്ടാകുകയും ചെയ്തതു കൊണ്ടാണ് കടം ഈ സംഖ്യയില്‍ ഒതുങ്ങിയത്. ബാധ്യതകള്‍ ക്രമാതീതമായി വര്‍ധിക്കവെ ബോര്‍ഡിനെ രക്ഷിക്കാന്‍ സ്വകാര്യവത്കരണമല്ലാതെ സംസ്ഥാന സര്‍ക്കാറിന്റെ മുമ്പില്‍ മറ്റു വഴികളില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തോടെയാണ് വൈദ്യുത ബോര്‍ഡുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വേഗം കൈവന്നത്. മുന്‍ സി എ ജി. വി കെ ശുക്ല ചെയര്‍മാനായ ഉന്നതാധികാര സമിതിയും ആസൂത്രണ കമ്മിഷന്‍ അംഗം ബി കെ ചതുര്‍വേദി ചെയര്‍മാനായ ടാസ്‌ക് ഫോഴ്‌സും സമര്‍പ്പിച്ച ശിപാര്‍ശകളാണ് പ്രസ്തുത യോഗം പരിഗണിച്ചത്. ഫ്രാഞ്ചൈസി മോഡലാണ് ആദ്യ സമിതി ശുപാര്‍ശ ചെയ്തതെങ്കില്‍ പൊതു സ്വകാര്യ സംയുക്ത പങ്കാളിത്തമായിരുന്നു രണ്ടാമത്തെ സമിതിയുടെ ശിപാര്‍ശ. സ്വകാര്യവത്കരണമാണ് രണ്ടിന്റെയും ആത്യന്തിക ഫലം.
കമ്പനിവത്കരണത്തോടെ തൊഴിലാളികളുടെ അധ്വാനം വര്‍ധിക്കുകയും വേതനവും ആനുകൂല്യങ്ങളും കുറയുകയും ചെയ്യുമെന്നതാണ് യൂനിയനുകളുടെ ആശങ്ക. പെന്‍ഷന്‍ അവതാളത്തിലാകുമെന്നാണ് അവരുടെ പ്രധാന വേവലാതി. ഈ ആശങ്ക ദൂരീകരിക്കാന്‍ നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും വിരമിക്കുന്നവര്‍ക്കും പ്രത്യേക പെന്‍ഷന്‍ ട്രസ്റ്റ് രൂപവത്കരിക്കുമെന്നാണ് സര്‍ക്കാറന്റെ വാഗ്ദാനം. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും. ശേഷിക്കുന്ന 4000 കോടിക്ക് കടപ്പത്രമി റക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
കമ്പനിവത്കരണം തൊഴിലാളികളെ മാത്രമല്ല, ഉപഭോക്താക്കളെയും വിശിഷ്യാ ചെറുകിട ഉപഭോക്താക്കളെ സാരമായി ബാധിച്ചേക്കും. നിലവില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു താഴ്ന്ന നിരക്കാണ് ബോര്‍ഡ് ഈടാക്കി വരുന്നത്. കമ്പനിയാകുന്നതോടെ അവരും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. മാത്രമല്ല വര്‍ഷം തോറുമുള്ള നിരക്ക് പരിഷ്‌കരണമാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ നിര്‍ദേശമെന്നതിനാല്‍ മൊത്തത്തിലും വൈദ്യുതി ചാര്‍ജ് അസഹ്യമായി ഉയരും. ഉപഭോക്താക്കളെ അമിത ഭാരത്തില്‍ നിന്ന് രക്ഷിക്കാനും സര്‍ക്കാര്‍ വഴി കണ്ടെത്തേണ്ടതുണ്ട്.