Connect with us

Articles

പനിമരുന്നുകളുടെ കൊലവിളികള്‍

Published

|

Last Updated

പനി മരുന്നുകളെന്ന് പറഞ്ഞ് വിഴുങ്ങുന്ന ആന്റിബയോട്ടിക്കുകളുടെയും മറ്റു മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളെക്കുറിച്ച് എത്രകണ്ട് മനസ്സിലാക്കിയിട്ടുണ്ട് നമ്മള്‍? അതിന്റെ ഭീകരതയെക്കുറിച്ച് ബോധവാന്‍മാരാണോ?
പനി വന്നാല്‍ കൊച്ചുകുട്ടികള്‍ പോലും വാങ്ങിക്കഴിക്കുന്ന ഗുളികയാണ് പാരസെറ്റാമോള്‍. ബെപ്പാസില്‍, ഫെപ്പാനില്‍, ക്രോസിന്‍, ഡോളോ തുടങ്ങി നൂറോളം പേരുകളിലായാണ് പാരസെറ്റാമോള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നത്. ഈ ഗുളിക കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടി പോലും വേണ്ട. കരളിനെയും കിഡ്‌നിയെയും നശിപ്പിക്കാന്‍ കരുത്തുണ്ട് പാരസെറ്റാമോളിന്. അത് ആരോഗ്യ വകുപ്പിന് തന്നെ ബോധ്യപ്പെട്ട കാര്യമാണ്. പാരസെറ്റാമോളിന്റെ ഉപഭോഗം ഗണ്യമായി കുറക്കണമെന്ന ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ ഉത്തരവ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അട്ടിമറിച്ചത് 2011 ഒക്‌ടോബറിലായിരുന്നു. 2011 നവംബര്‍ 23 നാണ് ഡി സി ജി ഐ സുരേന്ദ്രസിംഗ് സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കത്തയച്ചത്. പാരസെറ്റാമോള്‍ ഉപഭോഗം കുറക്കണമെന്നും ഈ ഗുളികയുടെ പുറത്ത് അമിത ഉപയോഗം കരളിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നിര്‍ബന്ധമായി പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കത്തില്‍. ആ ഉത്തരവാണ് മരുന്നു കമ്പനികളുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ ഫലമായി അട്ടിമറിക്കപ്പെട്ടത്. അതിനിന്നും മാറ്റം വന്നിട്ടില്ല.
ബ്രിട്ടനിലെ ഡോക്ടര്‍മാരുടെ സംഘടന പ്രസിദ്ധീകരിച്ച “ദ ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി”യില്‍ ഇത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: പാരസെറ്റാമോളിന്റെ ചെറിയ അളവായ പത്ത് മുതല്‍ പതിനഞ്ച് വരെ ഗ്രാം (20 മുതല്‍ 30 വരെ ഗുളികകള്‍) 24 മണിക്കൂറിനുള്ളില്‍ അകത്ത് ചെന്നാല്‍ കരളിലെ കോശങ്ങള്‍ കരിഞ്ഞും അപൂര്‍വമായി വൃക്കകള്‍ കരിഞ്ഞും മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാം. എന്‍സഫലോപ്പതി എന്ന തലച്ചോര്‍ നാശം വന്നും തലച്ചോറിലെ ഞരമ്പ് പൊട്ടിയും നീര്‍ക്കെട്ട് വന്നും രക്തത്തിലെ പഞ്ചസാര തീരെ താഴ്ന്നുമൊക്കെയാണ് പാരസെറ്റാമോള്‍ മൂലമുള്ള മരണങ്ങള്‍ ഉണ്ടാകുന്നത്. (ദ ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറിയിലെ എമര്‍ജന്‍സി ട്രീറ്റ്‌മെന്റ് ഓഫ് പോയിസണിംഗ്. പേജ് 23)
എന്നാല്‍ ചിലപ്പോള്‍ രണ്ട് പാരസെറ്റാമോള്‍ കൊണ്ടും മരണം സംഭവിക്കുന്ന അവസ്ഥയുണ്ടാകാം. ഇടക്കിടെ പാരസറ്റാമോള്‍ കഴിക്കുന്നവരില്‍ അക്യുമലേറ്റഡ് ടോക്‌സിസിറ്റി എന്ന വിഷസംഭരണ സ്വഭാവം കരളിനുണ്ടാകും. മദ്യം, മയക്കുമരുന്ന്, പുകവലി, പാന്‍പരാഗ് എന്നിവ ഉപയോഗിക്കുന്നവര്‍ പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ അപകടമാണ്. പ്രഷര്‍, കൊളസ്റ്ററോള്‍, ഹൃദ്രോഗം, കരള്‍, കിഡ്‌നി രോഗ മരുന്നുകളുമായി ചേര്‍ന്ന് ഡ്രഗ് ഇന്റര്‍ ആക്ഷന്‍ ഉണ്ടാകുമ്പോഴും രണ്ട് പാരസറ്റാമോളിന് തന്നെ മനുഷ്യനെ കൊല്ലാന്‍ സാധിക്കും. ഈ മരണങ്ങളൊന്നും പനി മൂലമല്ല, പനി മരുന്നുകള്‍ കൊണ്ടുണ്ടാകുന്നതാണെന്ന് ചുരുക്കും. മറ്റു ആന്റിബയോട്ടിക്കുകള്‍ കൂടി ചേരുകയും വിശ്രമം നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ എല്ലാം കൂടെ താങ്ങാനുള്ള കരുത്ത് ശരീരത്തിന് നഷ്ടപ്പെടുന്നു. ഇതുമൂലമെല്ലാമാണ് പനിമരണങ്ങള്‍ സംഭവിക്കുന്നത്. പക്ഷേ, എന്നിട്ടും നമ്മള്‍ ആന്റിബയോട്ടിക്കുകളെ മാന്ത്രിക ഔഷധങ്ങളായി കാണുന്നു. അതിന്റെ ദിവ്യശക്തികൊണ്ടും ഡോക്ടര്‍മാരുടെ യന്ത്രങ്ങളുടെ സിദ്ധികൊണ്ടുമാണെന്ന് തെറ്റിദ്ധരിക്കുന്നു. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പാരസെറ്റാമോള്‍ ഗുളികകള്‍ നല്‍കാന്‍ പാടില്ലെന്ന നിയമമുണ്ട്. അതുപോലും ലംഘിക്കുകയാണ് നമ്മുടെ ആശുപത്രികളില്‍. -ഡോ എം സി സൗമ്യ പറയുന്നു. പനി മൂലം മരിക്കുന്ന പുരുഷന്‍മാര്‍ മദ്യപിക്കുന്നവരാണെങ്കില്‍ ആല്‍ക്കഹോളും പനിമരുന്നുകളും ചേരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും അവരുടെ മരണത്തിന് കാരണമാകുന്നുണ്ട്. ചായയും കാപ്പിയും പനി മരുന്നുകളും തമ്മിലും ചേരാന്‍ പാടില്ല. എന്നാല്‍ ഇതൊന്നും മിക്ക ഡോക്ടര്‍മാരും രോഗികള്‍ക്ക് പറഞ്ഞു കൊടുക്കാത്തതും പ്രശ്‌നം വഷളാക്കുന്നുണ്ട്. -അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പനിക്കായി ഇന്ത്യയില്‍ ഇന്നും വിറ്റുവരുന്ന മറ്റൊരു മരുന്നാണ് നിമുസുലൈഡ്. അമേരിക്കന്‍ കമ്പനിയുടെ ഈ മരുന്ന് 1994ല്‍ വിപണിയിലെത്തിയതാണ്. സിംഗപ്പൂരില്‍ പനി മൂലം മരിച്ച 16 കുട്ടികളുടെ മരണത്തിന് കാരണമായത് ഈ മരുന്നിന്റെ ഉപയോഗമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കരള്‍ കരിഞ്ഞുപോയാണ് കുട്ടികള്‍ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. അതിന് വഴിവെച്ചത് ഈ മരുന്നാണെന്നും കണ്ടെത്തി. ആ മരുന്ന് സിംഗപ്പൂരില്‍ നിരോധിച്ചു. ലോകമെമ്പാടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോകാരോഗ്യ സംഘടനയും നിമുസുലൈഡ് നിരോധിച്ചു. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പേ 180 രാജ്യങ്ങളില്‍ നിരോധിച്ച ഈ മരുന്ന് ഇന്നും ഇന്ത്യയില്‍ വില്‍ക്കുന്നു. പനി രോഗികള്‍ക്കതും നല്‍കുന്നു. എന്നിട്ട് കൊതുകും എലിയുമാണ് മരണത്തിനുത്തരവാദികളെന്ന് പറഞ്ഞ് അപ്പോഴും ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും കൈകഴുകുകയാണ് ചെയ്യുന്നത്.
നൈസ്, നിമെജ്‌സിക്, നിമുലിഡ്, നൈസിപ്പ് തുടങ്ങിയ നൂറോളം പേരുകളില്‍ ഈ മരുന്ന് വിപണിയില്‍ ലഭ്യമാണ്. ലോകാരോഗ്യ സംഘടന നിരോധിച്ച നിമുസുലൈഡ് ഉള്‍പ്പടെയുള്ള 15 ഓളം മരുന്നുകളും ആയിരത്തി എഴുപത്തിനാല് കോമ്പിനേഷന്‍ മരുന്നുകളും ഇന്നും കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നുണ്ട്. ഇതിന് ഇവരുടെ സംഘടനയായ ഐ എം എയുടെ ആശീര്‍വാദവുമുണ്ടെന്ന് തൃശൂര്‍ ഒല്ലൂരിലെ ഹോമിയോ ഡോക്ടര്‍ ജെ. കാട്ടൂക്കാരന്‍ പറയുന്നു. 2013 ജൂണ്‍ 29നാണ് കേരള വിപണിയിലെ 300 ബ്രാന്‍ഡ് മരുന്നുകള്‍ പിന്‍വലിക്കാന്‍ നടപടി തുടങ്ങിയ പത്ര വാര്‍ത്ത വന്നത്. ഇവയില്‍ വേദന സംഹാരിയായി ഉപയോഗിച്ചിരുന്ന അനാല്‍ജിന്റെ വിവിധ ബ്രാന്‍ഡുകളും പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന പയോഗ്ലിറ്റസോണിന്റെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ടെക്‌നിക്കല്‍ ഉപദേശക ബോര്‍ഡ് ഇവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് ജൂണ്‍ 18നായിരുന്നു. എന്നാല്‍ പിന്നീട് ഈ രണ്ട് മരുന്നുകളുടെയും നിരോധം പിന്‍വലിച്ച നടപടിയാണുണ്ടായത്. ഫ്രാന്‍സില്‍ മൂന്ന് വര്‍ഷം മുമ്പേ നിരോധിച്ച പയോഗ്ലിറ്റാസോണ്‍ ഇന്ത്യയില്‍ നിരോധിച്ചതിനോട് ഡോക്ടര്‍മാര്‍ക്ക് പോലും അമര്‍ഷമുണ്ടായിരുന്നുവത്രെ. ഈ മരുന്നിന് അമേരിക്കയിലും കരിമ്പട്ടികയിലാണ് സ്ഥാനം. എന്നിട്ടും ഇവിടെ നിരോധനം നീക്കികിട്ടാന്‍ മരുന്നുനിര്‍മാതാക്കളും ഡോക്ടര്‍മാര്‍ പോലും രംഗത്തെത്തി. നിരോധം നീക്കിയ അനാല്‍ജിന്‍ പനി മരുന്നുകൂടിയായിരുന്നു. കൂടിയ പനി, പല്ലുവേദന, തലവേദന, സന്ധിവേദന, ഞരമ്പു വലിഞ്ഞു മുറുകുന്ന വേദന തുടങ്ങിയവക്കെല്ലാം വ്യാപകമായി നല്‍കിവന്നിരുന്ന വേദനാസംഹാരിയായിരുന്നു ഇത്. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ദിവ്യ ഔഷധമെന്ന പേരില്‍ നല്‍കിയിരുന്ന അനാല്‍ജിന്‍, നോവല്‍ജിന്‍, ബറാള്‍ജന്‍, ഡി ബുഫൈറോണ്‍, തുടങ്ങിയ ബ്രാന്‍ഡുകളില്‍ ലഭിക്കുന്ന ഈ മരുന്ന് നിരോധിക്കാനുണ്ടായ കാരണം മൂത്രാശയാര്‍ബുദത്തിന് കാരണമായേക്കാവുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒപ്പം ഹൃദ്രോഗവും ഉണ്ടാക്കുന്നു എന്നതുകൊണ്ടായിരുന്നു. ഔഷധ മാഫിയകളുടെ കടുത്ത സമ്മര്‍ദം മാത്രമായിരുന്നു ഈ രണ്ട് മരുന്നുകളുടെയും നിരോധം പിന്‍വലിക്കാന്‍ ഔഷധ സാങ്കേതിക ഉപദേശക സമിതിയെ നിര്‍ബന്ധിതമാക്കിയത്.
ഇവിടെ മരുന്ന് കമ്പനികള്‍ തന്നെയാണ് മരുന്ന് കണ്ടുപിടിക്കുന്നത്. പിന്നെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തി ലൈസന്‍സ് നേടുന്നു. വിറ്റ് കോടികള്‍ സമ്പാദിക്കുന്നു. അല്ലാതെ മരുന്നുകളെക്കുറിച്ച് വിശദമായി പഠിക്കാനും ദോഷഫലങ്ങള്‍ മനസ്സിലാക്കാനും ലോകത്ത് ഒരു സ്വതന്ത്ര ശാസ്ത്ര സ്ഥാപനവും ഇന്നില്ല. ഇത് തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ അപകടവും. -ഡോ. ജേക്കബ് വടക്കന്‍ചേരി ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ മരുന്നുകള്‍ നാളെ നിരോധിച്ചേക്കാം. പിന്നെയും വിപണിയില്‍ കിരീടം വെക്കാത്ത രാജാവായി വാഴാം. പക്ഷേ, എല്ലാ മരുന്നുകളും പാര്‍ശ്വഫലങ്ങളും മറ്റു അസുഖങ്ങളും കൂടി തരുന്നവയാണെന്ന് വൈദ്യശാസ്ത്രം തന്നെ സമ്മതിക്കുന്നു. എന്നിട്ടും അതേ മരുന്ന് തിന്നാനും അത് കഴിച്ച് മരണത്തിന് തല വെച്ചു കൊടുക്കാനോ അംഗവൈകല്യം ചോദിച്ച് വാങ്ങാനോ തന്നെ നമ്മുടെ വിധി.

ചില ഇരകളുടെ ദുരനുഭവങ്ങള്‍ നാളെ

hamzaalungal07@gmail.com

---- facebook comment plugin here -----

Latest