Connect with us

Gulf

പ്രവാസി പെന്‍ഷന്‍: യു എ ഇയിലെ ആറു ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന്‌

Published

|

Last Updated

ദുബൈ: പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം യു എ ഇയില്‍ താമസിക്കുന്ന ആറു ലക്ഷം പ്രവാസികള്‍ക്ക് ലഭിക്കുമെന്ന് സൂചന. 17 രാജ്യങ്ങളിലായി തൊഴിലെടുക്കുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 50 ലക്ഷം തൊഴിലാളികള്‍ക്കാവും ഇതിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുക.

വിദേശ രാജ്യങ്ങളില്‍ കുടുംബം പുലര്‍ത്താന്‍ പാടുപെടുന്ന തൊഴിലാളികള്‍ക്ക് സമൂഹിക സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട്് 2012 ജൂലൈ മാസത്തില്‍ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷ യോജന എന്ന പേരില്‍ പ്രവാസികള്‍ക്ക് പെന്‍ഷനും ഇന്‍ഷൂറന്‍സും ഉള്‍പ്പെട്ട പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുങ്ങിയ പെന്‍ഷന്‍ പദ്ധതി അനന്തമായി നീളുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്ക് പുറത്ത് നടപ്പാക്കുന്ന പ്രഥമ പ്രവാസി പെന്‍ഷന്‍ പദ്ധതിയാണ് ഇതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള സെന്റര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്നാവും പ്രവര്‍ത്തിക്കുക. കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. യു എ ഇയില്‍ നേരത്തെ തന്നെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിരവധി പ്രവാസികള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. ബറോഡ ബേങ്കിലും എസ് ബി ടിയിലും പണം നിക്ഷേപിച്ച് പെന്‍ഷന്‍ പദ്ധതിയിലും ഇന്‍ഷൂറന്‍സ് പോളിസിയിലും അംഗമാവാന്‍ പ്രവാസികള്‍ക്ക് സാധിക്കും.
18നും 50നും ഇടയില്‍ പ്രായമുള്ളവരും താഴ്ന്ന വരുമാനക്കാരും പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വേണമെന്ന്(ഇ സി ആര്‍) രേഖപ്പെടുത്തുകയും ചെയ്ത വിഭാഗത്തിനാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.
യു എ ഇ യില്‍ 20 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
പദ്ധതി പരമാവധി അഞ്ചു വര്‍ഷമായി ചുരുക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് ഒരു തുടക്കം മാത്രമാണെന്നും വൈകാതെ ആവശ്യമായ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി മറുപടി നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ തൊഴിലാളികള്‍ക്ക് തിരിച്ചുപോരേണ്ടി വരുമ്പോള്‍ സമ്പാദ്യമായി ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.