Connect with us

Kozhikode

അന്ന് മുഴുക്കുടിയന്‍; ഇന്ന് മദ്യവിരുദ്ധ പോരാളി

Published

|

Last Updated

താമരശ്ശേരി: കാരാടി ബാര്‍ വിരുദ്ധ സമരപന്തലില്‍ മദ്യപാനത്തിലൂടെയുണ്ടായ സ്വന്തം ദുരനുഭവങ്ങള്‍ വിവരിച്ച് പരപ്പന്‍പൊയില്‍ സ്വദേശി പപ്പന്‍. നാട്ടുകാര്‍ പപ്പേട്ടനെന്ന് വിളിക്കുന്ന പപ്പന്‍ കഴിഞ്ഞുപോയ കാലമോര്‍ത്ത് ഖേദിക്കുകയാണ്. തന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയുമായി ഇപ്പോള്‍ ബാറിനെതിരായ രാപ്പകല്‍ സമരത്തില്‍ പപ്പേട്ടന്‍ സജീവമാകുകയാണ്. മദ്യപിക്കാനെത്തിയ ബാറില്‍ നിന്ന് പോക്കറ്റടിക്കപ്പെട്ട പപ്പേട്ടന്‍ കുടി നിര്‍ത്തി മദ്യവിരുദ്ധ പോരാട്ടത്തിനിറങ്ങിയ സ്വന്തം അനുഭവമാണ് സമരപന്തലിലിരുന്ന് ഓര്‍ത്തെടുത്തത്. അടിവാരത്ത് സ്വന്തമായി ബേക്കറി നടത്തിയിരുന്ന പപ്പേട്ടന്‍ 32ാം വയസ്സില്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുടി തുടങ്ങിയത്. ബേക്കറിയില്‍ നിന്നുള്ള വരുമാനം മദ്യപാനത്തിനായി ചെലവഴിച്ച പപ്പേട്ടന്‍ കാരാടി ബാറിലെ നിത്യ സന്ദര്‍ശകനായിരുന്നു. ലോട്ടറിയടിച്ച അയ്യായിരം രൂപ പോലും കൂട്ടുകാര്‍പ്പം ബാറിലിരുന്നു മദ്യപിച്ചു തീര്‍ത്തിട്ടുണ്ട്.
ഒരിക്കല്‍ മൂക്കറ്റം മദ്യപിച്ച് ബാറില്‍ ഉറങ്ങിപ്പോയെന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപയും മൊബൈലും മറ്റും നഷ്ടപ്പെട്ടിരുന്നുവെന്നും പപ്പേട്ടന്‍ പറയുന്നു. മാനേജരോട് പരാതി പറഞ്ഞപ്പോള്‍ പരിഹാസവും ഭീഷണിയും. പണം നഷ്ടപ്പെടുകയും അപമാനിതനാകുകയും ചെയ്തതിന്റെ ദുഃഖം മാറ്റാന്‍ അല്‍പം കൂടി മദ്യപിക്കാന്‍ നൂറു രൂപ കടം ചോദിച്ചപ്പോള്‍ വീണ്ടും അപമാനിക്കുകയും പുറത്താക്കുകയും ചെയ്തു. സ്ഥിരമായി ബാറിലെത്തി മദ്യപിച്ചിരുന്ന തന്നോട് അപരിചിതനെ പോലെ പെരുമാറിയതാണ് മദ്യത്തോട് വിട ചൊല്ലാന്‍ പ്രേരിപ്പിച്ചത്. മദ്യപാനി എത്ര ഉന്നതനായാലും സമൂഹത്തിന്റെയും കുടുംബത്തിന്റെയും വെറുപ്പും പരിഹാസവും മാത്രമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് താന്‍ തിരിച്ചറിഞ്ഞതായി പപ്പേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും ഒരുമകനുമാണ് പപ്പേട്ടനുള്ളത്. മദ്യപാനിയുടെ മക്കളെന്ന വിളി പോലും തന്റെ കുട്ടികള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മകള്‍ക്കൊരു കുട്ടി ജനിച്ചപ്പോള്‍ കുഞ്ഞിനെ എടുക്കാന്‍ പോലും ബന്ധുക്കള്‍ അനുവദിച്ചില്ല.
മദ്യം നിരവധി മാന്യന്‍മാരെ അപമാനിച്ചതായും നിരവധി കുടുംബ ബന്ധങ്ങള്‍ തകര്‍ത്തതായും അറിയാം. ഇനിയുള്ള കാലം മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും പപ്പേട്ടന്‍ വേദനയോടെ പറയുന്നു. മദ്യനിരോധന സമിതിയുടെ രാപ്പകല്‍ സമരം വിജയം കാണുംവരെ സമരരംഗത്ത് തുടരാനാണ് തീരുമാനം. കുടി നിര്‍ത്തിയതും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും തന്റെ കുടുംബത്തെ സന്തോഷിപ്പിക്കുന്നതാണ് പപ്പേട്ടന് കരുത്തേകുന്നത്.