Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ നിന്ന് നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ക്കായി പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ഐ ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ എസ് ഐ ഗിരീഷ്‌കുമാറും അഡീഷണല്‍ എസ് ഐ രാമചന്ദ്രനും 50ലധികം കടകളില്‍ റെയ്ഡ് നടത്തിയാണ് നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് പെരിന്തല്‍മണ്ണയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 25 ലക്ഷം രൂപ വില വരുന്ന പാന്‍ ഉത്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. മൊത്തവിതരണക്കാരനായ അയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നിരവധി ചെറുസംഘങ്ങളായി തിരിഞ്ഞ് ആവശ്യക്കാരെന്ന വ്യാജേന നിരവധി കടകളില്‍ ഒരേ സമയം റെയ്ഡ് നടത്താന്‍ സാധിച്ചതാണ് ഇത്രയധികം ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുള്ള കടകള്‍ ഏതാനും ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്രാമ്പിക്കല്‍ വിനോദ്, സ്രാമ്പിക്കല്‍ അനില്‍കുമാര്‍, ഇരട്ടപ്പിലാക്കല്‍ ഫൈസല്‍, മാറുകര നിസാര്‍, കല്ലിങ്ങല്‍ ഇല്യാസ്, പറക്കാട്ടുതൊടി ഷഫീഖ്, കിളിയേങ്ങല്‍ ഉമ്മര്‍, തൈക്കോട്ടില്‍ അബ്ദുര്‍റസാഖ്, പാറങ്ങാടന്‍ ഹംസ, പുളിക്കല്‍ യൂസുഫ്, മാളിയേക്കല്‍തൊടി അബ്ദുല്‍കരീം എന്നിവരെ അറസ്റ്റു ചെയ്തു. നിരോധിത ഉത്പന്നങ്ങള്‍ക്കായി റെയ്ഡ് കൂടുതല്‍ ശക്തമാക്കുമെന്ന് ഡി വൈ എസ് പി കെ പി വിജയകുമാര്‍ അറിയിച്ചു. റെയ്ഡില്‍ അഡീഷണല്‍ എസ് ഐ ശ്രീധരന്‍, പ്രശാന്ത്, കൃഷ്ണകുമാര്‍, രാജേഷ്, ഷബീര്‍, അഷ്‌റഫ്, ഉദയന്‍, അഷ്‌റഫലി എന്നിവരും പങ്കെടുത്തു.