Connect with us

International

ഫോണ്‍ ചോര്‍ത്തല്‍ അമേരിക്ക പരിശോധിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: സഖ്യരാഷ്ട്രങ്ങളിലെ നേതാക്കളുടെയും പൗരന്‍മാരുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്ന യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് യു എസ് സെനറ്റിലെ രഹസ്യാന്വേഷണ കമ്മിറ്റി. സഖ്യ രാഷ്ട്രങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് തെറ്റാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും കമ്മിറ്റി ചെയര്‍മാന്‍ ഡെയിന്‍ ഫെയിന്‍സ്റ്റെയിന്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ വൈറ്റ് ഹൗസ് വക്താക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെയിന്‍സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു. സഖ്യ രാഷ്ട്രങ്ങളുടെ നേതാക്കളുടെയും പൗരന്‍മാരുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നത് നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ ഭരണ കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.
ചോര്‍ത്തിയ വിവരങ്ങളും മറ്റും പരിശോധിച്ച ശേഷം പ്രസിഡന്റ് ബരാക് ഒബാമ ഇത്തരത്തിലുള്ള ചാരപ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടുമെന്ന് യു എസ് ഭരണകൂട വക്താവ് അറിയിച്ചു. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഫ്രാന്‍സ്, ജര്‍മന്‍, സ്‌പെയിന്‍ എന്നി രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുടെയും പൗരന്‍മാരുടെയും കോടിക്കണക്കിന് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ നടപടി. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
അമേരിക്കയുടെ ചാരപ്രവൃത്തികള്‍ക്കെതിരെ യൂറോപ്യന്‍ യൂനിയനും രംഗത്തെത്തി. ഫ്രാന്‍സിലെയും സ്‌പെയിനിലെയും കോടിക്കണക്കിന് ഫോണ്‍ വിവരങ്ങള്‍ എന്‍ എസ് എ ചോര്‍ത്തിയിട്ടുണ്ടെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ വെളിപ്പെടുത്തിയത് പ്രതിഷേധത്തെ കൂടുതല്‍ ശക്തമാക്കി. മൂന്ന് രാജ്യങ്ങളിലെയും യു എസ് അംബാസഡര്‍മാരെ വിളിച്ചുവരുത്തി അതത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുനയ ശ്രമത്തിന്റെ ഭാഗമായി അമേരിക്ക പുതിയ നിലാപാടുകള്‍ സ്വീകരിച്ചത്. 2002 മുതല്‍ ചാന്‍സലറുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുണ്ടെന്നും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചോര്‍ത്തല്‍ പ്രക്രിയ അവസാനിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
അതിനിടെ, എന്‍ എസ് എയുടെ ഫോണ്‍ ചോര്‍ത്തല്‍ പദ്ധതികള്‍ നിയന്ത്രണ വിധേയമാക്കുമെന്നും ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നയരേഖ നല്‍കുമെന്നും ബരാക് ഒബാമ വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സലറുടെ ഫോണ്‍ ചോര്‍ത്തിയതിനെ കുറിച്ച് ഒബാമക്ക് അറിയുമായിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് ഒബാമക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ചോര്‍ത്തല്‍ തുടരാന്‍ അനുമതി നല്‍കിയിരുന്നതായും എന്‍ എസ് എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്‍കാന്‍ അമേരിക്ക ഇതുവരെയും തയ്യാറായിട്ടില്ല. സഖ്യ രാഷ്ട്രങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിക്കുമെന്ന് പറയുമ്പോഴും ഇതേകുറിച്ച് യു എസ് നേതൃത്വം മൗനം പാലിക്കുകയാണ്.
ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഫോണ്‍ ചോര്‍ത്തല്‍ വിവാദമാകുന്നതിന് മുമ്പേ സഖ്യ രാഷ്ട്രങ്ങളല്ലാത്ത രാജ്യങ്ങളിലെ പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടായത് പോലുള്ള ഒരു പ്രതികരണം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.

Latest