Connect with us

Kerala

ദ്രുത പ്രതികരണ സേനക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ സംരക്ഷണ വലയം തീര്‍ക്കുന്നതില്‍ സംസ്ഥാന പോലീസിന്റെ ദ്രുത പ്രതികരണ സേന (ക്വിക്ക് റസ്‌പോണ്‍സ് ടീം) പരാജയപ്പെട്ടതായി വിലയിരുത്തല്‍. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ് നടക്കാന്‍ സാഹചര്യമുണ്ടായത് ക്യൂ ആര്‍ ടിയുടെ വീഴ്ച കാരണമാണെന്നും രഹസ്യാന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. കല്ലേറ് നടക്കുന്നതിന് തൊട്ടുമുമ്പ് വീറ്റ് ഹൗസിന് മുന്നിലും പോലീസ് ക്ലബ്ബിന് സമീപത്തെ സര്‍ക്കിളിലും മുഖ്യമന്ത്രിയുടെ കാര്‍ നിര്‍ത്തേണ്ടി വന്നിരുന്നു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പോലീസ് കായികമേള യുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനം കടന്നുവരുമ്പോള്‍ തൊട്ടു പിന്നില്‍ ദ്രുത പ്രതികരണ സേനയുടെ വാഹനവുമുണ്ടായിരുന്നു.
പോലീസ് ക്ലബ്ബിന് സമീപത്തേക്കുള്ള റോഡില്‍ കടന്നുവരുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ വാഹനം പെട്ടെന്ന് നിര്‍ത്തിയിരുന്നു. ഒരു ബസ് ഇടക്ക് കയറ്റിയതായിരുന്നു കാരണം. വാഹനം നിര്‍ത്തിയപ്പോള്‍ തൊട്ടുപിന്നിലുള്ള വാഹനത്തില്‍ നിന്ന് ക്യൂ ആര്‍ ടി സേനാംഗങ്ങള്‍ ഇറങ്ങാനോ അദ്ദേഹത്തിന് സംരക്ഷണ വലയമൊരുക്കാനോ തയ്യാറായില്ല.
സാധാരണഗതിയില്‍ സഞ്ചരിക്കുന്ന വി ഐ പി വാഹനം അവിചാരിതമായി ചവിട്ടി നിര്‍ത്തിയാല്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ നിന്ന് ഉടന്‍ ചാടിയിറങ്ങി വി ഐ പി ക്ക് സംരക്ഷണ വലയം തീര്‍ക്കുകയാണ് ക്യൂ ആര്‍ ടി ചെയ്യേണ്ടത്. എന്നാല്‍ ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല സി ഐ നിര്‍ദേശം നല്‍കിയിട്ടും അവഗണിച്ചുവെന്നും പറയപ്പെടുന്നു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്നത്. ദ്രുത പ്രതികരണ സേനയുടെ നിസ്സംഗത അക്രമികള്‍ മുതലെടുക്കുകയും വാഹനത്തിന് നേരെ കല്ലേറ് നടത്തുകയുമായിരുന്നു.
അതിനിടെ, മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ കെ സുധാകരന്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും എല്‍ ഡി എഫ് സമരം സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ വരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ഒരു ബ്രാഞ്ചില്‍ നിന്ന് അഞ്ച് വീതം സി പി എം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഏതൊക്കെ സ്ഥലങ്ങളില്‍ കരിങ്കൊടി കാണിക്കുമെന്നും സൂചന നല്‍കിയിരുന്നു. എന്നാല്‍ നാലായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമരത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ചതന്നെ സംഭവിച്ചതായാണ് വിലയിരുത്തല്‍. അക്രമസംഭവങ്ങള്‍ക്ക് കാരണമായത് പോലീസിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിയെയടക്കം മാറ്റുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കെ സുധാകരന്റെ പോലീസ് വിമര്‍ശം. ജില്ലാ പോലീസ് മേധാവി നേരത്തെ തന്നെ കെ സുധാകരന് അനഭിമതനാണ്. നേരത്തെ കണ്ണൂരിലെ പോലീസിനെതിരെ ആഭ്യന്തരമന്ത്രിക്കും പാര്‍ട്ടിക്കും സുധാകരന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ ആവശ്യം നേടിയെടുക്കുക എന്ന ഉദ്ദേശ്യം കൂടി സുധാകരന്റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന.