Connect with us

National

ഇറോം ശര്‍മിളയെ സന്ദര്‍ശിക്കുന്നത് വിലക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെ കാണുന്നതിന് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ആശുപത്രിയിലെ തടവിനിടെ സന്ദര്‍ശകരെ വിലക്കുന്നത് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രത്യക സൈനികാധികാരങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈറോം ശര്‍മിള നടത്തുന്ന നിരാഹാര സമരം പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശര്‍മിളയെ ജെ.എന്‍ ആശുപത്രിയില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ അനുമതി നല്‍കിയാലേ സന്ദര്‍ശകര്‍ക്ക് ഇറോം ശാര്‍മ്മിളയെ കാണാനാകൂ. അനുമതി ഇല്ലെന്ന പേരില്‍ മനുഷ്യാവകാശ സമിതിയേയും നേരത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. തടവുപുള്ളികള്‍ക്ക് പോലും അവകാശം ഉള്ളപ്പോള്‍ സമരം നടത്തുന്ന ശര്‍മിളയ്ക്ക് ഇത്തരം വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമായതിനാല്‍ തന്നെ സന്ദര്‍ശകരെ അനുവദിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. ശുപാര്‍ശയുടെ കരട് തയ്യാറായതായും അടുത്ത ദിവസം തന്നെ സര്‍ക്കാറിന് ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.