Connect with us

Sports

ലോകകപ്പ് ഫുട്‌ബോള്‍: ടീമുകളുടെ എണ്ണം ഉയര്‍ത്തണം- പ്ലാറ്റിനി

Published

|

Last Updated

ന്യോന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 40ആക്കി ഉയര്‍ത്തുന്നത് ആലോചിക്കണമെന്ന് യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റിനി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ കൂടുതല്‍ ഏഷ്യന്‍- ആഫ്രിക്കന്‍ ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്ലാറ്റിനി ആവശ്യപ്പെട്ടു. നിലവില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളില്‍ 13 ടീമുകള്‍ യൂറോപില്‍ നിന്നാണ്. ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് നാലോ അഞ്ചോ ടീമുകളും പങ്കെടുക്കുമ്പോള്‍ ഏഷ്യന്‍ പങ്കാളിത്തം ഇതിലും താഴെയാണ്.
കഴിഞ്ഞയാഴ്ച്ച അവസാനം ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററും സമാനമായ അഭിപ്രായം മുന്നോട്ടുവെക്കുകയുണ്ടായി. എഷ്യന്‍- ആഫ്രിക്കന്‍ ടീമുകളുടെ കൂടുതല്‍ പ്രാതിനിധ്യം ലോകകപ്പില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ബ്ലാറ്റര്‍ എഴുതിയിരുന്നു. യൂറോപിനെയും ലാറ്റിനമേരിക്കയെയും അപേക്ഷിച്ച് കൂടുതല്‍ അംഗങ്ങളുള്ള അസോസിയേഷനുകള്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണുള്ളത്.
ബ്ലാറ്ററുടെ അഭിപ്രായത്തോടെ പ്ലാറ്റിനിയും യോജിക്കുകയായിരുന്നു. ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 40 ആക്കുമ്പോള്‍ ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകളും യൂറോപില്‍ നിന്നും ഓഷ്യാനിയയില്‍ നിന്ന് ഒരോ ടീമിനെയും അധികമായി ചേര്‍ക്കുന്നത് ആലോചിക്കാകുന്നതാണെന്നും പ്ലാറ്റിനി വ്യക്തമാക്കി.