Connect with us

Malappuram

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി: വികസന സമിതി

Published

|

Last Updated

മലപ്പുറം: ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി അവതിരിപ്പിച്ച പ്രമേയങ്ങള്‍ സര്‍ക്കാറിന്റെ പരിഗണിനക്കായി സമര്‍പ്പിക്കും. ഗ്രാമവികസന വകുപ്പില്‍ ഒഴിവുള്ള 82 വി ഇ ഒമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ യാണ് പ്രമേയം അവതരിപ്പിച്ചത്. എ ഡി എം. പി മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രമേയം അംഗീകരിച്ചു.
ജില്ലയില്‍ കെ എസ് ഇ ബി ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിലവില്‍ കാലതാസമസം വരുന്നതിനാല്‍ നിലവിലുള്ള സംവിധാനത്തിന് മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു.
സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി ആപ്റ്റ്) പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ ഓഫീസിനോടനുബന്ധിച്ച് വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും യോഗം അംഗീകരിച്ചു.
എം എല്‍ എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പൊതുമരാമത്ത് കെട്ടിടനിര്‍മാണത്തിന് അനുവദിക്കുന്ന ഫണ്ട് പ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് തുകയില്‍ ഒരു ശതമാനം വര്‍ധനവ് വന്നാല്‍ പോലും സര്‍ക്കാറിന്റെ അനുമതി വേണമെന്ന് നിലവിലുള്ള വ്യവസ്ഥ മാറ്റുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആനശല്യം മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം ഉമ്മര്‍ എം എല്‍ എ ആവശ്യപ്പെട്ടു ആനശല്യം തടയുന്നതിനായി രാത്രികാലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായി ഡി എഫ് ഒ (സൗത്ത്) അറിയിച്ചു.
ജില്ലാ പ്ലാനിങ് സമുച്ചയം നിര്‍മിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് നല്‍കി മൂന്ന് വര്‍ഷമായിട്ടും പൊതുമരാമത്ത് വകുപ്പ് നിര്‍മാണം തുടങ്ങാത്തത് ഗൗരവമായി കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പറഞ്ഞു. സാങ്കേതിക തടസങ്ങള്‍ മൂലം വിവിധ വകുപ്പുകളുടെ പ്രവൃത്തികള്‍ നീണ്ടു പോകുന്നത് സര്‍ക്കാര്‍ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗമില്ലായ്മയ്ക്ക് ഇടവരുത്തുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും വൈസ് പ്രസിഡന്റ് നിര്‍ദേശിച്ചു.
കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപറമ്പ്, വൈദ്യുതി-ഗതാഗത മന്ത്രിയുടെ പ്രതിനിധി കുഞ്ഞി മുഹമ്മദ്, നഗരകാര്യ-ന്യുനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രതിനിധി സ്രാജുട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest