Connect with us

Kozhikode

കോഴിക്കോടിന് ഇ എസ് ഐ മെഡിക്കല്‍കോളജ് ഉടന്‍: മന്ത്രി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിന്റെ ഇ എസ് ഐ മെഡിക്കല്‍കോളജ് എന്ന ആവശ്യം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ (ഇ എസ് ഐ) ഡിവിഷനല്‍ ഓഫീസ് സബ് റീജ്യനല്‍ ഓഫീസാക്കി ഉയര്‍ത്തിയ പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് റീജ്യനല്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള ഒന്നര ഏക്കര്‍ സ്ഥലം ചക്കോരത്തുകുളത്ത് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയാല്‍ 100 കിടക്കയോടു കൂടിയ ഹൈടെക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരംഭിക്കും. ഫറോക്ക് ഇ എസ് ഐ ഡിസ്പന്‍സറിയുടെ ശോചനീയാവസ്ഥ പരിഹരിക്കും. അത്യാഹിതവിഭാഗം, ശസ്ത്രക്രിയ വിഭാഗം, സിറ്റിംഗ് ഏരിയ എന്നിവ നിര്‍മിക്കാന്‍ ഉടന്‍ അനുമതി നല്‍കും കൊടികുന്നില്‍ പറഞ്ഞു.
വടകരയില്‍ ഇ എസ് ഐ ബ്രാഞ്ച് ഓഫീസ് അനുവദിച്ചു. ഭാവിയില്‍ കോഴിക്കോട് അസി. ലേബര്‍ കമീഷന്‍ ഓഫീസ് സ്ഥാപിക്കും. തൊഴിലാളികളുടെ പി എഫ് 6500ല്‍ നിന്ന് 15,000രൂപയാക്കി ഉയര്‍ത്തും. ഇതിനായി ഇ എസ് ഐ കോര്‍പറേഷനില്‍ സമ്മര്‍ദം ചെലുത്തും. കേരളത്തിലെ സിനിവര്‍ക്കേഴ്‌സ് ബോര്‍ഡിന് വേണ്ടിയുള്ള ഡിസ്പന്‍സറിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഐ ടി ഐയെ മോഡല്‍ ഐ ടി ഐ ആയി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു. ഇ എസ് ഐ റീജ്യനല്‍ ഡയറക്ടര്‍ ടി എം ജോസഫ്, അംഗങ്ങളായ വി രാധാകൃഷ്ണന്‍, എം മുരളി, സ്‌റ്റേറ്റ് മെഡിക്കല്‍ കമ്മീഷണര്‍ ഡോ. കെ സജി, കൗണ്‍സിലര്‍ കെ സിനി, എം എ അബ്ദുര്‍റഹ്മാന്‍, എം രാജന്‍, യു പോക്കര്‍, കെ ജി പങ്കജാക്ഷന്‍ പങ്കെടുത്തു.

Latest