Connect with us

Kerala

അട്ടപ്പാടിയിലെ പുനരധിവാസത്തിന് ധനസഹായം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് പുനരധിവാസത്തിന് ഒരേക്കര്‍ ഭൂമി വീതം വാങ്ങുന്നതിന് ധനസഹായം നല്‍കാനുള്ള പദ്ധതി ആരംഭിക്കുന്നു.
കൃഷിക്കും താമസത്തിനും യോഗ്യമായ ഭൂമിക്ക് പരമാവധി പത്ത് ലക്ഷം രൂപ വരെ ധനസഹായം നല്‍കും. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അട്ടപ്പാടിയിലും പദ്ധതി ആരംഭിക്കുക. പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന നടപടികള്‍ തുടങ്ങി.
പദ്ധതിയനുസരിച്ച് 25 സെന്റില്‍ കുറയാതെയും ഒരേക്കറില്‍ കവിയാതെയുമുള്ള ഭൂമിയാണ് നല്‍കുന്നത്. ഭൂമിയില്ലാത്ത കുടുംബമാണെന്ന ഗ്രാമ/ ഊരുകൂട്ടം ഉപഭോക്തൃ പട്ടികയിലോ റവന്യൂ വകുപ്പ് തയ്യാറാക്കിയ സീറോ ലാന്റ്‌ലെസ് ലിസ്റ്റിലോ പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തിയ സര്‍വേയിലോ ഉള്‍പ്പെട്ട ഭൂരഹിതരായ ആദിവാസികളെയാണ് പദ്ധതിക്കായി പരിഗണിക്കുക. ഇതിനായി ഇവരുടെ ആധാര്‍ നമ്പറുകളും ശേഖരിക്കും.
അപേക്ഷകന്‍ കണ്ടെത്തുന്ന ഭൂമിയില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരിശോധന നടത്തി കൃഷിയോഗ്യവും വാസയോഗ്യവുമാണെന്നും പരിസ്ഥിതിലോല പ്രദേശത്തെ ഭൂമിയല്ലെന്നും ഭൂമിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും സാക്ഷ്യപ്പെടുത്തിയ ശേഷമാകും ധനസഹായം അനുവദിക്കുക. ഇതോടൊപ്പം സ്ഥലമുടമ ആവശ്യപ്പെടുന്ന വില ന്യായവിലയേക്കാള്‍ കൂടുതലാണെങ്കില്‍ പ്രദേശത്തെ ശരാശരി കമ്പോള വിലയെക്കാള്‍ അധികമല്ലെന്നും ടി ഇ ഒ ഉറപ്പുവരുത്തും.
ഇതിനു ശേഷം ഭൂവുടമയില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് രജിസ്‌ട്രേഷന്‍ ഫീസ് ഇളവ് ചെയ്യുന്നതിനുള്ള കത്ത് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ക്ക് ഐ ടി ഡി പി പ്രൊജക്ട് ഓഫീസറോ ടി ഇ ഒയോ നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ഐ ടി ഡി പി ഓഫീസര്‍ എല്ലെങ്കില്‍ ടി ഇ ഒ എന്നിവരുള്‍പ്പെട്ട കമ്മിറ്റി നടത്തുന്ന പരിശോധനക്കും അംഗീകാരത്തിനും ശേഷം മാത്രമാകും ഭൂമി അനുവദിക്കുക.
പദ്ധതിയില്‍ ധനസഹായം ആവശ്യമുള്ള ഗുണഭോക്താക്കള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്ന് ഐ ടി ഡി പി പ്രാജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍ അറിയിച്ചു.