അറബിക് കോളജ്: പരിഷ്‌കരണ സമിതിയില്‍ മുജാഹിദ് ആധിപത്യം

Posted on: October 25, 2013 3:11 pm | Last updated: October 25, 2013 at 3:11 pm

education newതിരുവനന്തപുരം: മുജാഹിദ് ആശയക്കാര്‍ക്ക് പ്രാമുഖ്യം നല്‍കി സംസ്ഥാനത്തെ അറബിക് കോളജുകളിലെ സിലബസ് പരിഷ്‌കരണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ അറബിക് കോളജുകളിലെ സിലബസിലും പഠന രീതികളിലും മാറ്റങ്ങള്‍ വരുത്താന്‍ വേണ്ട പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയിലെ മൂസ്ലിം അംഗങ്ങളില്‍ ഭൂരിഭാഗം പേരും മുജാഹിദ് ആശയക്കാരാണ്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. പി അന്‍വര്‍ ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ ഡോ. സി ഐ അബ്ദുര്‍റഹ്മാന്‍ കണ്‍വീനറുമായി ഒന്‍പത് അംഗ സമിതിയെയാണ് നിയോഗിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ഡോ. ഇ അഹമ്മദ് കുട്ടി, ഡോ. എ എഫ് മാത്യു (ഐ ഐ എം കോഴിക്കോട്), പ്രൊഫ. അബ്ദുല്‍ നാസിര്‍ കൊളൊത്തുംതൊടി (അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് കുനിയില്‍), സി പി അബുബക്കര്‍ (അറബിക് വിഭാഗം മേധാവി, ഫാറൂഖ് കോളജ്) പ്രൊഫ. ഷഹാദ് ബിന്‍ അലി (റൗളത്തുല്‍ ഉലൂം അറബിക് കോളജ്, ഫറോക്ക്), ഡോ. ലിയാഖത്ത് അലി (ഗവ.കോളജ്, മൊകേരി) ഡോ. സി രാഘവന്‍ (കേരള യൂനിവേഴ്‌സിറ്റി മുന്‍ അറബിക് വിഭാഗം മേധാവി) എന്നിവരാണ് അംഗങ്ങള്‍.

ദേശീയ ആഗോള തലങ്ങളിലെ നിലവാരത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ ഘടനാ പരമായ മാറ്റങ്ങള്‍ മനസ്സിലാക്കുക, ഘടനാ പരമായ മാറ്റങ്ങള്‍ക്കനുസരിച്ച് യൂനിവേഴ്‌സിറ്റികളുടെ നിയമങ്ങളിലും വ്യവസ്ഥകളിലും ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ നിര്‍ദേശിക്കുക, അഫ്‌സലുല്‍ ഉലമ, യു ജി, പി ജി കോഴ്‌സുകളുടെ നിലവിലുള്ള കരിക്കുലം പുനക്രമീകരിക്കുക, ന്യൂജനറേഷന്‍ കോഴ്‌സുകളുടെ ഘടനയും രൂപവും നിര്‍ദേശിക്കുക, അറബിക് ഭാഷയില്‍ എം ഫില്‍, പി എച്ച് ഡി തുടങ്ങിയ നൂതന കോഴ്‌സുകളുടെ സാധ്യത പരിശോധിക്കുക, തൊഴിലധിഷ്ഠിതമായ പാര്‍ട്ട് ടൈം, ഷോര്‍ട്ട് ടേം പി ജി ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുക, ഫാക്കല്‍റ്റി വിപുലപ്പെടുത്തുക, സ്ഥാപനങ്ങളുടെ ആഭ്യന്തര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, രാജ്യത്തെയും പുറത്തുമുള്ള യൂനിവേഴ്‌സിറ്റികളിലെ സ്റ്റുഡന്റ്‌സ് ടീച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ സാധ്യത പരിശോധിക്കുക, വിദ്യാര്‍ഥികളുടെ തൊഴില്‍ മികവും പാടവവും മെച്ചപ്പെടുത്താന്‍ സ്‌കില്‍ ഡെവലപെമെന്റ് പ്രോഗ്രാമുകള്‍ ആരംഭിക്കുക, പി ജിയില്‍ ബോധനാപരമായ കഴിവുകള്‍ ഉള്‍പ്പെടുത്തി അപഗ്രഥിക്കുക, ഐ ക്യു എ സിയില്‍ മികച്ച പരിശീലനം നല്‍കുക, ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം വിജയകരമായി നടപ്പാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍.

മുമ്പ് അറബിക് കോളജിലെയും സര്‍വകലാശാലകളിലെയും സിലബസുകളില്‍ മുജാഹിദ് ആശയങ്ങള്‍ തിരുകിക്കയറ്റാനുള്ള ശ്രമം എസ് എസ് എഫ് ഉള്‍പ്പെടെയുള്ള സുന്നി സംഘടനകളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വിഫലയമായിരുന്നു. വിവാദ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കും വരെ സുന്നികള്‍ നടത്തിയ സമരം ഒടുവില്‍ വിജയം കാണുകയും ചെയ്തു.