Connect with us

National

അഗുസ്ത കരാര്‍ റദ്ദാക്കുന്നത് തക്കം പാര്‍ത്ത് അമേരിക്ക

Published

|

Last Updated

ഹൈദരാബാദ്: വിവാദമായ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് വി വി ഐ പി ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കിയാല്‍ ഇന്ത്യക്ക് അത്തരം ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് യു എസ് കമ്പനി. നേരത്തെ കരാറിന് വേണ്ടി ശ്രമം നടത്തിയ സികോര്‍സ്‌കി കമ്പനിയാണ് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. കരാര്‍ റദ്ദാക്കുന്ന സാഹചര്യം നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറാനാണ് അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് 2010ല്‍ കരാറുണ്ടാക്കിയത്. യു എസ് കമ്പനിയുടെ ഓഫര്‍ തള്ളിയാണ് ഇറ്റാലിയന്‍ കമ്പനി കരാര്‍ നേടിയത്. എന്നാല്‍ കരാറില്‍ കൈക്കൂലി ആരോപണം വന്നതോടെ ഇത് മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലും ഇറ്റലിയിലുമായി കേസ് നടക്കുന്നുണ്ട്.
ഇന്ത്യക്ക് വേണ്ടി ഇത്തരത്തിലുള്ള ഹെലികോപ്റ്ററുകള്‍ നല്‍കുന്നതില്‍ കമ്പനിക്ക് സന്തോഷമേയുള്ളൂവെന്ന് കമ്പനിയുടെ ഇന്ത്യയിലെ മേധാവി എ എസ് വാലിയ പറഞ്ഞു. നിലവിലുള്ള കരാര്‍ റദ്ദാക്കിയാലേ യു എസ് കമ്പനിക്ക് പുതിയ കരാറില്‍ ഏര്‍പ്പെടാനാകൂ. ഇപ്പോഴത്തെ കരാര്‍ റദ്ദാക്കുന്നതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സികോര്‍ക്‌സിക്ക് തന്നെയാണ് അടുത്ത കരാറിനുള്ള സാധ്യത. ടാറ്റയുമായി സഹകരിച്ച് എസ്-92 ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
12 വി വി ഐ പി ഹെലികോപ്റ്റര്‍ നല്‍കുന്നതിനുള്ള കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ 21 ദിവസമാണ് സമയം നല്‍കിയിരിക്കുന്നത്. ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് കരാറുമായി ബന്ധപ്പെട്ട സമ്മതപത്രത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഇത് ലംഘിച്ച കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കപ്പെടുമെന്നും നോട്ടീസില്‍ പറയുന്നു. അന്തിമ കാരണം കാണിക്കല്‍ നോട്ടീസാണ് ഇതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കരാര്‍ നേടിയെടുക്കാനായി മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയടക്കമുള്ളവര്‍ക്ക് അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനി കൈക്കൂലി നല്‍കിയെന്നാണ് സി ബി ഐ കേസ്. 13 പേരാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്.