Connect with us

Wayanad

സഹായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല

Published

|

Last Updated

കല്‍പറ്റ: മുമ്പെങ്ങുമില്ലാത്ത വിധം കൃഷിനാശത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടിവന്ന അടക്കാ കര്‍ഷകര്‍ക്കായി സഹായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയില്ല.
അടക്കാ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കാലവര്‍ഷത്തില്‍ കര്‍ഷകരുടെ 80 ശതമാനം വിളയും നശിച്ചു. മാസങ്ങളോളം നീണ്ടുനിന്ന മഴയില്‍ കമുകിന് മഹാളിബാധിച്ച് അടക്ക കൊഴിഞ്ഞു. വന്‍തോതിലാലിരുന്നു കൊഴിച്ചില്‍. പലര്‍ക്കും നാമമാത്ര വിളവുപോലും ലഭിച്ചില്ല. നേരത്തെതന്നെ കൂമ്പ് ചീയലും മഞ്ഞളിപ്പും അടക്കാ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. മഹാളി കൂടിയായതോടെ ഇവര്‍ തീര്‍ത്തും ദുരിതത്തിലായി. ഇത്തവണ നന്നായി കായ പിടിച്ചിരുന്നു. ഇതു പ്രതീക്ഷയും വര്‍ധിപ്പിച്ചു. ഈ പ്രതീക്ഷകള്‍ കാലവര്‍ഷം തല്ലിക്കെടുത്തി.
ഒരു ദിവസം പോലും മഴ തോരാതിരുന്നതാണ് വിനയായത്. കര്‍ഷകര്‍ക്ക് കവുങ്ങിന് മരുന്നടിക്കാനായില്ല. മഹാളിയില്‍ അടക്ക ഏതാണ്ട് പൂര്‍ണമായും കൊഴിഞ്ഞു. കവുങ്ങിനെ സര്‍ക്കാര്‍ കാര്‍ഷികവിളയായി കണക്കാക്കാത്തിനാല്‍ കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യമോ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. വിളനാശത്തിന്റെ ദുരിതം മുഴുവന്‍ കര്‍ഷകന്‍ സ്വയം വഹിക്കേണ്ട സാഹചര്യമാണ്. ജില്ലയില്‍ 7,300 ഹെക്റ്ററോളം സ്ഥലത്ത് കവുങ്ങ് കൃഷിയുണ്ട്. അഞ്ചേക്കറില്‍ താഴെ കൃഷിചെയ്യുന്നവരാണ് കൂടുതലും. കൃഷിനാശത്തില്‍ വന്‍നഷ്ടമാണ് ഇവര്‍ക്കുണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി കവുങ്ങുകള്‍ രോഗം ബാധിച്ച് നശിക്കുകയാണ്.
ഇത് ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചു. 7,062 ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ അടക്കയായിരുന്നു ജില്ലയിലെ കര്‍ഷകരുടെ പ്രധാന വരുമാനം. കര്‍ഷകര്‍ അടക്ക പാട്ടത്തിന് കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. പാട്ടത്തിനെടുത്ത തോട്ടങ്ങളില്‍ ഇത്തവണ വിളവ് തീരെ ഇല്ലാത്തതിനാല്‍ അഡ്വാന്‍സ് തുക ഒഴിവാക്കി ഇവര്‍ കച്ചവടം ഒഴിയുകയാണ്.
പൈങ്ങ വാങ്ങാനെത്തിയിരുന്ന മറുനാട്ടുകാരും എത്തിയില്ല. അടക്കപൊളി തൊഴിലെടുത്തിരുന്നവര്‍ക്ക് പണിയില്ലാതെയുമായി. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി അടക്കാ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഈ നിലയിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വരള്‍ച്ചയിലും കാലവര്‍ഷത്തിലും ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടും സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക രണ്ടുകോടിയാണ്. ഒരു കോടി വരള്‍ച്ചാ നഷ്ടത്തിനും ഒരുകോടി കാലവര്‍ഷ നഷ്ടത്തിനും.
വരള്‍ച്ചയില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മെയ് വരെ 7,93,68,925 രൂപ നഷ്ടമുണ്ടായതാണ് സര്‍ക്കാര്‍ കണക്ക്. കാലവര്‍ഷത്തിലുണ്ടായ നഷ്ടം 40 കോടിയോളം രൂപയാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം ഇത് 20 കോടിക്കടുത്താണ്. കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക 2011 മുതല്‍ കുടിശ്ശികയാണ്.