Connect with us

Articles

കോളകളല്ല, കൊല്ലുന്ന പാനീയങ്ങള്‍

Published

|

Last Updated

“ലഘുപാനീയ”മെന്ന ഓമനപ്പേരില്‍ ആകര്‍ഷണീയ നിറങ്ങളില്‍ കാണുന്ന ശീതള പാനീയങ്ങള്‍ കുടിക്കാത്തവര്‍ ഇന്ന് വിരളം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചുടിന്റെ കാഠിന്യം ശമിപ്പിക്കാനുള്ള മാര്‍ഗമാണ് ശീതള പാനീയങ്ങള്‍. എന്നാല്‍ മദ്യം പോലെ തന്നെ ഹാനികരമാണ് മധുര പാനീയങ്ങളെന്നാണ് പഠനങ്ങള്‍ പലതും കാണിക്കുന്നത്. ശീതള പാനീയങ്ങളിലെ മധുരവും കഫീനും മനുഷ്യശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുളവാക്കുമെന്ന് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി നടത്തിയ പഠനം കാണിക്കുന്നു. ദിവസം രണ്ട് ക്യാന്‍ ശീതള പാനീയം കുടിക്കുന്നത് കരളിന് ദോഷം ചെയ്യും. മദ്യം എവ്വിധമാണോ കരളിന് ദോഷം ചെയ്യുന്നത്, അതേ ഫലം തന്നെയാണ് സോഫ്റ്റ് ഡ്രിങ്കുകളും സൃഷ്ടിക്കുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വേണ്ട രീതിയില്‍ അലിയിച്ചു കളയാന്‍ കരളിനാകില്ല. ഹൃദയ പ്രശ്‌നങ്ങള്‍ക്കും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഈ പാനീയങ്ങള്‍ കാരണമാകുന്നുണ്ട്. ഇവ പൊതുവെ വിശപ്പ് കൂട്ടും. ഇതുവഴി ഭക്ഷണം കൂടുതല്‍ കഴിക്കാനും തടി കൂടാനും കാരണമാകും. ഭക്ഷണം കൂടുതല്‍ കഴിച്ചില്ലെങ്കിലും ഇവയിലെ പഞ്ചസാര തടി കൂടാന്‍ ഇട വരുത്തുന്നു. ഡയറ്റ് ഡ്രിങ്കുകള്‍ കഴിച്ചാലും വലിയ വ്യത്യാസമൊന്നുമുണ്ടാകുന്നില്ല. ഇങ്ങനെ നീളുന്നു യൂനിവേഴ്‌സിറ്റിയുടെ പഠനഫലങ്ങള്‍.
ഇവിടെയാണ് ശീതള പാനീയങ്ങള്‍ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഒാഫ് ഇന്ത്യ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്ന്, ശീതളപാനീയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കുകയുണ്ടായി.
ശീതളപാനീയങ്ങളില്‍ പരിശോധിക്കാന്‍ സ്ഥിരം സമിതിയെ നിയമിക്കണമെന്നും കോളക്കമ്പനികള്‍ പുറത്തിറക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഊര്‍ജവും ശക്തിയും പകരാനെന്ന പേരില്‍ വിപണിയില്‍ ഒട്ടേറെ പാനീയങ്ങള്‍ സുലഭമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ മാരകമാണെന്നും ഇവയുടെ നിരന്തരമായ ഉപയോഗം യുവാക്കളില്‍ പോലും പ്രമേഹവും ഉദരരോഗവുമുണ്ടാക്കുമെന്നും വൃക്കക്ക് ഏറെ ഹാനികരമാണെന്നുമാണ് കുവൈത്ത് സര്‍വകലാശാല നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2006ല്‍ സെന്റര്‍ ഫോര്‍ സയന്‍സ് അന്‍ഡ് എന്‍വയോണ്‍മെന്റ് (CSE) എന്ന പൊതുതാത്പര്യ സംഘടന നടത്തിയ പഠനത്തില്‍, ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന പത്തോളം ബ്രാന്‍ഡ് കോളകളില്‍ വന്‍തോതില്‍ കീടനാശിനികള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ കൊക്കോകോളയിലെയും പെപ്‌സിയിലെയും കീടനാശിനികളുടെ തോത് ഇവയെ കീടനാശിനിയായിത്തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാന്നെന്നും കണ്ടെത്തിയിരുന്നു.
കൊളംബിയ യുനിവേഴ്‌സിറ്റിയിലെ ഒരു പറ്റം ഗവേഷകര്‍ നടത്തിയ പഠനത്തിലും കോളയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിദിനം നാല് തവണ സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്ന കുട്ടികളിലെ അക്രമ വാസനയുടെ അളവ് മറ്റു കുട്ടികളേക്കാള്‍ ഇരട്ടിയാണെന്നാണ് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഷക്കീല സുഗിലിയ വെളിപ്പെടുത്തിയത്.
അഞ്ച് വയസ്സില്‍ താഴെയുള്ള മൂവായിരത്തില്‍പ്പരം കുട്ടികളിലാണ് ഇവര്‍ ഗവേഷണം നടത്തിയത്. കോളയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കഫീനുമാണ് കുട്ടികളുടെ പെരുമാറ്റത്തില്‍ വില്ലനായി പ്രവര്‍ത്തിക്കുന്നത്. ഒരു കോളയില്‍ ഒന്‍പത് ടീസ്പൂണ്‍ പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി ശരീരത്തില്‍ കടന്നു കൂടുമ്പോള്‍ കുട്ടികള്‍ അശ്രദ്ധരും ഉന്മേഷരഹിതരുമായിത്തീരുന്നു. ഇവരെ കോപവും അക്രമ വാസനയും പെട്ടെന്ന് പിടികൂടും. രണ്ടാമതായി പഠനം വിലയിരുത്തുന്നത് കോളയിലെ പഞ്ചസാരയുടെ ഘടനയാണ്. പഴവര്‍ഗങ്ങളിലും കരിമ്പിലുമുള്ള പ്രകൃതിദത്ത പഞ്ചസാരയല്ല കോളകളില്‍ അടങ്ങിയിരിക്കുന്നത് . ഹൈ ഫ്രൂക്‌റ്റോസ് കോണ്‍ സിറപ് (HFCS) എന്ന ചേരുവയാണ് അവയിലെ മധുരത്തിന്റെ പിന്നില്‍. ചോളത്തിന്റെ അന്നജത്തില്‍ നിന്നും എന്‍സൈം പ്രയോഗത്തിലൂടെ വേര്‍തിരിച്ചെടുക്കുന്ന ഈ ചേരുവ പൊണ്ണത്തടിക്കും കുട്ടികളില്‍ പ്രമേഹത്തിനും കാരണമാകും. ദിനംപ്രതി ആറ് മുതല്‍ എട്ട് വരെ ലിറ്റര്‍ കോള അകത്താക്കിയിരുന്ന കോള അഡിക്റ്റ് ആയ 25 വയസ്സുകാരനായ ആസ്‌ത്രേലിയന്‍ യുവാവിന് മുഴുവന്‍ പല്ലുകളും നഷ്ടപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ആസ്‌ത്രേലിയയിലെ ഒരു ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ ആയിരുന്ന വില്ലിം കെന്നെവെല്‍ ആണ് ദന്ത ഡോക്ടറുടെ തുടര്‍ച്ചയായുള്ള മുന്നറിയിപ്പ് അവഗണിച്ചു കിട്ടുന്ന കോളയെല്ലാം അകത്താക്കിയത്. എനര്‍ജി ഡ്രിങ്കുകള്‍ പതിവായി ഉപയോഗിക്കുന്നത് പല്ലുകള്‍ ആസിഡ് ഉപയോഗിച്ച് കഴുകുന്നതിന് തുല്യമാണെന്നാണ് സതേണ്‍ ഇല്ലിനോയിസ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്‍മാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോളപാനീയങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച പഠന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തു വന്നിട്ടും വിദേശ നിക്ഷേപത്തിന്റെയും വ്യവസായ വികസനത്തിന്റെയും പേരില്‍ അത്തരം കമ്പനികള്‍ക്ക് രാജ്യത്ത് യഥേഷ്ടം പ്രവര്‍ത്തിക്കാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ഇത്തരം പാനീയങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്്. യു എ ഇയില്‍ വിപണനം ചെയ്യുന്ന ഉത്തേജക പാനീയങ്ങള്‍, രാജ്യം നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മയുള്ളവയാണെന്ന് ഭക്ഷ്യ, പരിസ്ഥിതി ലാബ് വിഭാഗം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ അവിടെ വില്‍പ്പന അനുവദിക്കുകയുള്ളൂ. സാധാരണ ശീതള പാനീയങ്ങളുടെ ഗണത്തില്‍ പെടുന്ന “എനര്‍ജി ഡ്രിങ്കുകള്‍” ശുദ്ധമായ വെള്ളത്തില്‍ തയാറാക്കണമെന്നാണ് നിയമം. പഞ്ചസാര, ഗഌക്കോസ്, ഫ്രക്‌റ്റോസ്, കഫീന്‍, വിറ്റാമിനുകള്‍, അമിനോ ആസിഡ്, പഴസസ്യ സത്തുകള്‍ തുടങ്ങി ഇവയില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും യു എ ഇ സെന്‍ട്രല്‍ ലാബ് മേധാവി ഹവ ബസ്തകിയാണ് വെളിപ്പെടുത്തിയത്.
ലഘുപാനീയങ്ങളോടുള്ള ആസക്തി സമൂഹത്തില്‍ പ്രത്യേകിച്ചും കുട്ടികളില്‍ അടുത്ത കാലത്തായി വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കോള കമ്പനികള്‍ളുടെ പരസ്യ ചിത്രങ്ങളാണതിന് പ്രധാന കാരണം. ക്രിക്കറ്റ് താരങ്ങളെയും ചലച്ചിത്ര നടികളെയും ഉപയോഗിച്ചുകൊണ്ടുള്ള പരസ്യങ്ങളും ഈ ലഘുപാനീയങ്ങളോടൊപ്പം സൗജന്യമായി ലഭിക്കുന്ന ശേഖരണ കൗതുകങ്ങളും യുവമനസ്സുകളെ കീഴടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തേജക പാനീയങ്ങള്‍ നമ്മുടെ യുവതലമുറയില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാറിനും നീതിപീഠങ്ങള്‍ക്കുമുണ്ട്. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ അതിന്റെ കടമ നിര്‍വഹിച്ചിരിക്കെ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ഭരണകൂടമാണ്.

Latest