Connect with us

Kozhikode

ചെറുവണ്ണൂര്‍- നല്ലളം കൃഷിഭവന്‍ പൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധം

Published

|

Last Updated

ഫറോക്ക്: ചെറുവണ്ണൂര്‍ – നല്ലളം കൃഷിഭവന്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം. കൃഷിഭവനില്‍ നിലവിലുണ്ടായിരുന്ന ഓഫീസറെ സ്ഥലം മാറ്റിയതോടെ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്.
പുതിയ നിയമനം സാധ്യമല്ലാത്ത രീതിയിലാണ് കൃഷി ഓഫീസറെ സ്ഥലം മാറ്റിയിരിക്കുന്നത്. ഓഫീസറുടെ തസ്തിക കാലാകാലം ഒഴിഞ്ഞുകിടക്കുന്ന ലീന്‍ രീതിയിലാണ് സ്ഥലം മാറ്റം. ഇതു പ്രകാരം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഓഫീസര്‍ക്ക് ചെറുവണ്ണൂര്‍- നല്ലളം കൃഷിഭവന്‍ ഓഫീസര്‍ എന്ന രീതിയില്‍ ശമ്പളം വാങ്ങാനാകും.
മൂന്ന് കൃഷി അസിസ്റ്റന്റുമാരും കൃഷി ഓഫീസറും വേണ്ടിടത്ത് ഒരു അസിസ്റ്റന്റ് മാത്രമാണ് ഇപ്പോഴുള്ളത്. ഫീല്‍ഡ് വര്‍ക്കും ഓഫീസ് കാര്യങ്ങളുമെല്ലാം കൂടെ നോക്കി നടത്താനാകാതെ കുഴങ്ങുകയാണിവര്‍. അസിസ്റ്റന്റ് പുറത്തുപോയാല്‍ കൃഷിഭവന്‍ അടച്ചിടേണ്ട സ്ഥിതിയാണ്. രണ്ട് നാളികേര ക്ലസ്റ്ററുകള്‍ കൃഷിഭവന് കീഴിലുണ്ട്. കൃഷി ഓഫീസറുടെ സേവനം ഇല്ലാതാകുന്നതോടെ ആനുകൂല്യങ്ങള്‍ യഥാസമയത്ത് ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
തസ്തിക ഇല്ലാതാക്കുന്നതിലൂടെ കാലക്രമേണെ കൃഷിഭവന്‍ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കൃഷി ഓഫീസറുടേതടക്കമുള്ള ഒഴിവുകള്‍ നികത്തി കൃഷിഭവന്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘം ചെറുവണ്ണൂര്‍, നല്ലളം മേഖലാ കമ്മറ്റികള്‍ സംയുക്തമായി കൃഷിഭവന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി ബാബു പറശ്ശേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം ചായിച്ചുട്ടി, കൗണ്‍സിലര്‍ സി ഷെറീന, കിളിയാടി രാജന്‍, എം മമ്മദ്‌കോയ പ്രസംഗിച്ചു. കെ പി എ ഹാഷിം സ്വാഗതം പറഞ്ഞു. റഹ്മാന്‍ ബസാര്‍ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് എം മുഹമ്മദ്‌കോയ, പി എം ബാവ, ടി ദാസന്‍, എം ഉമ്മര്‍കോയ എന്നിവര്‍ നേതൃത്വം നല്‍കി.