Connect with us

Malappuram

പൊന്മുണ്ടം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മരുന്നിന് ക്ഷാമം

Published

|

Last Updated

കല്‍പകഞ്ചേരി: വൈലത്തൂര്‍ ബംഗ്ലാവ് കുന്നില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുണ്ടം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകളില്ലാത്തത് രോഗികളെ വലക്കുന്നു.
മരുന്ന് വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് ഗ്രാമ പഞ്ചായത്ത് അനുവദിക്കാത്തതാണ് മരുന്നിന് ക്ഷാമം നേരിടാന്‍ കാരണം. നിരവധി നിര്‍ധനരായ രോഗികളുടെ ആശ്രയ കേന്ദ്രം കൂടിയാണ് ഈ ഡിസ്‌പെന്‍സറി. ഇവിടത്തെ ഡോക്ടര്‍ അവധിയിലായതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തെ ഡോക്ടര്‍ക്കാണ് പരിശോധന ചുമതല.
ഇദ്ദേഹത്തിന്റെ സേവനം ഈ ഡിസ്‌പെന്‍സറിയില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഡോക്ടര്‍ പരിശോധനക്ക് എത്തുന്ന ദിവസങ്ങളില്‍ 80ലധികം രോഗികളാണ് ഈ ഡിസ്‌പെന്‍സറിയില്‍ ചികിത്സക്കായി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഈ ആതുരാലയത്തിന് കുടിവെള്ള സൗകര്യത്തിനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഇത് വരെ മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്കായിട്ടില്ല.
കഷായം പോലുള്ളവ നിര്‍മിക്കാന്‍ ധാരാളം വെള്ളം ആവശ്യമാണ്. സ്വന്തമായി കിണറില്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു കിണറില്‍ നിന്ന് പഞ്ചായത്ത് ഇവിടേക്ക് വെള്ളമെത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വേനല്‍ കാലമാകുന്നതോടെ ഈ കിണറില്‍ വെള്ളമില്ലാതാകുന്നതോടെ ഇതിനരികിലുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലുള്ള കിണറിനെയാണ് മുന്‍ വര്‍ഷങ്ങളില്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ കിണറില്‍ നിന്ന് ഡിസ്‌പെന്‍സറിയിലേക്ക് വെള്ളമെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് ഇതിനോടകം തന്നെ റവന്യൂ വകുപ്പ് അധികൃതര്‍ നല്‍കി കഴിഞ്ഞു.

Latest