Connect with us

Malappuram

സംസ്ഥാന സാമൂഹികനീതി ദിനാഘോഷത്തിന് നാളെ മലപ്പുറത്ത് തുടക്കം

Published

|

Last Updated

മലപ്പുറം: സംസ്ഥാന സാമൂഹികനീതി ദിനാഘോഷം ഈമാസം 24, 25, 26 തീയതികളില്‍ മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭിന്നശേഷിയുള്ളവരും അനാഥരും അശരണരും ഉള്‍പ്പെടുന്ന പാര്‍ശ്വവത്കൃതര്‍ക്കും കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉള്‍പ്പെടുന്ന ജനസമൂഹത്തിനുമായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹികനീതി വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഘോഷയാത്ര, ഡോക്യുമെന്ററി ഫെസ്റ്റ്, സെമിനാറുകള്‍, എക്‌സിബിഷന്‍, ഭിന്നശേഷി നിര്‍ണയ ക്യാമ്പുകള്‍, സഹായ ഉപകരണ വിതരണം, ഭക്ഷ്യമേള, ഓപ്പണ്‍ഫോറം, അദാലത്തുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. 24ന് രാവിലെ പത്ത് മണിക്ക് നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. ഭിന്നശേഷി നിര്‍ണയ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ഇ ടി മുഹമ്മദ് ബശീര്‍ എം പി നിര്‍വഹിക്കും. 25ന് രാവിലെ 10 മണിക്ക് വേദി ഒന്നില്‍ സാമൂഹികനീതിയും മാധ്യമങ്ങളും സെമിനാര്‍ നടക്കും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് വേദി നാലില്‍ വയോജനങ്ങളും സാമൂഹികനീതിയും വിഷയത്തില്‍ ഓപ്പണ്‍ഫോറം നടക്കും. ഉച്ചക്ക് രണ്ടിന് വേദി ഒന്നില്‍ സാമൂഹികനീതിയും മുതിര്‍ന്ന പൗരന്‍മാരും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസമദ് സമദാനി എം എല്‍ എ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് വേദി നാലില്‍ വയോജന സംരക്ഷണ അദാലത്ത് നടക്കും.
26ന് രാവിലെ പത്തിന് വേദി ഒന്നില്‍ നടക്കുന്ന ചടങ്ങില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ സിമന്റ്‌സിന്റെ വിഹിതം കൈമാറും. രാവിലെ 10.30ന് വേദി ഒന്നില്‍ സാമൂഹികനീതിയും ഭിന്നശേഷിയുള്ളവരും സെമിനാര്‍ നടക്കും. നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. വേദി നാലില്‍ രാവിലെ പത്തിന് വയോജന സംരക്ഷണ അദാലത്തും ഉച്ചക്ക് രണ്ടിന് ഭിന്നശേഷിയുള്ളവരുടെ ക്ഷേമവും സംരക്ഷണവും വിഷയത്തില്‍ ഓപ്പണ്‍ ഫോറവും നടക്കും.
വൈകീട്ട് മൂന്ന് മണിക്ക് വേദി ഒന്നില്‍ സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്, സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഉ ബൈദുല്ല എം എല്‍ എ, മലപ്പുറം എ ഡി എം. പി മുരളീധരന്‍, സാമൂഹികനീതി വകുപ്പ് റീജിനല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ മുകുന്ദന്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജിനല്‍ ഡയറക്ടര്‍ ടി കെ മുഹമ്മദ് യൂനസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ സുബ്രഹ്മണ്യന്‍ പങ്കെടുത്തു.

 

Latest