Connect with us

Malappuram

എടപ്പാളിലെ ലോഡ്ജ് ഉടമയുടെ മരണത്തില്‍ ദുരൂഹത

Published

|

Last Updated

എടപ്പാള്‍: മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോഡ്ജ് ഉടമ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. എടപ്പാള്‍ ജംഗ്ഷനിലെ തൃശൂര്‍ റോഡിലുള്ള സ്വകാര്യ ലോഡ്ജിന്റെ പാര്‍ട്ണര്‍ വെങ്ങിനിക്കര പുത്തന്‍വീട്ടില്‍ മൊയ്തീന്‍ (58) വെള്ളിയാഴ്ച രാത്രി 10.30നാണ് എടപ്പാള്‍ ഹോസ്പിറ്റലില്‍ വെച്ച് മരിക്കുന്നത്. വെള്ളിയാഴ്ച ലോഡ്ജിന്റെ റിസപ്ഷനില്‍ ഇദ്ദേഹമാണ് ഉണ്ടായിരുന്നത്. രാത്രി 8.30ഓടെയാണ് തടിച്ച് കറുത്ത നിറമുള്ള നീളം കുറവുള്ള യുവാവ് മുറിയെടുക്കാനായി എത്തിയത്.
മുറി നല്‍കിയപ്പോള്‍ തന്റെ കൂടെ രണ്ട് സ്ത്രീകള്‍ കൂടിയുണ്ടെന്ന് യുവാവ് പറഞ്ഞതോടെ മുറി നല്‍കാന്‍ കഴിയില്ലെന്ന് ഉടമ അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് മൊയ്തീനെ ക്രൂരമായി മര്‍ദിച്ചു. ഈ സമയത്ത് മൊയ്തീന്‍ മാത്രമാണ് റിസപ്ഷനില്‍ ഉണ്ടായിരുന്നത്. മര്‍ദനത്തിനു ശേഷം യുവാവ് ഒരു നീല ഇന്നോവ കാറില്‍ പോയതായാണ് സൂചന. പരുക്കേറ്റ മൊയ്തീന്‍ തന്റെ ബന്ധുക്കളെയും മറ്റൊരു പാര്‍ട്ണറെയും വിവരം അറിയിച്ചു. രണ്ട് ബന്ധുക്കള്‍ എത്തി മൊയ്തീനെ പിന്നീട് എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചികിത്സകള്‍ നടന്നുകൊണ്ടിരിക്കെ രാത്രി 10.30ഓടെ മരണം സംഭവിക്കുകയുമായിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം എസ് ഐ. ടി മനോഹരന്‍ ലോഡ്ജിന്റെ മറ്റൊരു പാര്‍ട്ണറെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ ഇവരാണ് മര്‍ദനം നടത്തിയതെന്ന് പ്രചരണം വ്യാപകമായി.
ശനിയാഴ്ച രാവിലെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ പൊന്നാനി സി ഐ. പി അബ്ദുല്‍മുനീര്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിയെങ്കിലും ഡി വൈ എസ് പി, ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരൂര്‍ ഡി വൈ എസ് പി സൈതാലി സ്ഥലത്തെത്തി വീട്ടുകാരുടെ അനുവാദത്തോടെ ഇന്‍ക്വസ്റ്റ് നടത്തി. അപ്പോഴേക്കും സ്ഥലത്ത് തിരൂര്‍ ആര്‍ ഡി ഒ ഗോപാലന്‍, മലപ്പുറം എസ് പി മഞ്ജുനാഥ്, ഡോ. കെ ടി ജലീല്‍ എം എല്‍ എ എന്നിവരും എത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിനിടയില്‍ അന്വേഷണം പൊന്നാനി സി ഐയെ ഏല്‍പ്പിക്കരുതെന്ന് സി പി എം നേതാക്കള്‍ എസ് പിയോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് അന്വേഷണ ചുമതല വളാഞ്ചേരി സി ഐ അബ്ദുല്‍ ബങീറിന് എസ് പി കൈമാറി.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് ലഭ്യമായ പ്രാഥമിക വിവരത്തില്‍ മര്‍ദനത്തിനിടയാക്കുന്ന ക്ഷതം ശരീരത്തിനേറ്റിട്ടില്ലെന്നാണ്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ചയേ ലഭിക്കൂ. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം എടപ്പാള്‍ ചുങ്കം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

 

Latest