Connect with us

Eranakulam

സ്വര്‍ണക്കടത്ത്: കസ്റ്റംസ് കമ്മീഷണറുടെ ഡ്രൈവര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനില്‍കുമാറിന്റെ ഡ്രൈവറെ സി ബി ഐ അറസ്റ്റ് ചെയ്തു. ഫയാസ് അനില്‍കുാമറിന് നല്‍കിയ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ ഡ്രൈവറുടെ വീട്ടില്‍ നിന്ന് സി ബി ഐ പിടിച്ചെടുത്തു.
അനില്‍കുമാറിന്റെ വിശ്വസ്തനായ പേഴ്‌സനല്‍ ഡ്രൈവര്‍ കൊടുങ്ങല്ലൂരിലെ ജിത്തു എന്ന രജിത്തിനെയാണ് ആലുവ അത്താണിയിലെ ഭാര്യവീട്ടില്‍ നിന്ന് സി ബി ഐ സംഘം അറസ്റ്റ്് ചെയ്തത്. ഫയാസ് അനില്‍കുമാറിന് സമ്മാനിച്ച 42 ഇഞ്ചിന്റെ എല്‍ ഇ ഡി ടെലിവിഷന്‍, ലാപ്‌ടോപ്, ട്രെഡ് മില്‍ തുടങ്ങി പത്തോളം സാധനങ്ങളാണ് ഇന്നലെ രാത്രി രജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ് ഇവയെന്ന് രജിത്ത് സി ബി ഐയോട് സമ്മതിച്ചു. അനില്‍കുമാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഡ്രൈവര്‍ ഫയാസുമായും സഹോദരന്‍ ഫൈസലുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇടപാടില്‍ ഭാഗഭാക്കായിരുന്നുവെന്നും സി ബി ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
രജിത്തിന്റെ ഭാര്യയുടെ തറവാട്ടു വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഗോപി എന്ന ഡ്രൈവറുടെ പക്കല്‍ നിന്നാണ് അനില്‍കുമാറിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തത്. രജിത്തിന്റെ ഭാര്യയാണ് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് ഗോപിയുടെ വീട്ടില്‍ സൂക്ഷിക്കാനായി നല്‍കിയത്.
വീട്ടില്‍ നിന്ന് പല സാധനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് സൂചന. സി ബി ഐ റെയ്ഡ് ഉണ്ടായാല്‍ ഒരു കാരണവശാലും പിടിക്കപ്പെടാതിരിക്കുന്നതിനാണ് ലാപ്‌ടോപ് അടക്കമുള്ള സാധനങ്ങള്‍ മാറ്റിയത്. ലാപ്‌ടോപ്പില്‍ നിന്ന് ഫയാസുമായുള്ള അനില്‍കുമാറിന്റെ ബന്ധം തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി ബി ഐ.
അതേസമയം അനില്‍കുമാറിന്റെ ആലപ്പുഴയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സി ബി ഐ നടപടി മുന്‍കൂട്ടി കണ്ട് ഫയാസില്‍ നിന്ന് ലഭിച്ച സാധനങ്ങളെല്ലാം വീട്ടില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് സി ബി ഐ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എക്‌സ്‌റേ സ്‌കാനിംഗ് പോലും നടത്താതെ ഫയാസ് കടത്തിക്കൊണ്ടുവന്ന 65 ഇഞ്ചിന്റെ എല്‍ ഇ ഡി ടെലിവിഷന്‍ ഇരുവരുടെയും വീട്ടില്‍ നിന്ന് കണ്ടെടുക്കാനായിട്ടില്ല. ഇതിനു വേണ്ടിയുള്ള പരിശോധന തുടരുകയാണ്.

 

---- facebook comment plugin here -----