ബാലവേല ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍പ്രദേശില്‍

Posted on: October 18, 2013 11:30 pm | Last updated: October 18, 2013 at 11:30 pm

balavelaവരാണസി: രാജ്യത്ത് ബാലവേലയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് ഒന്നാം സ്ഥാനം. ഇന്ത്യയിലെ 20 ശതമാനം ബാലവേലയും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് ബാലവേലക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന സി എ സി എല്ലിന്റെ ഭാരവാഹികള്‍ അറിയിച്ചു. സി എ സി എല്ലിന്റെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 1,26, 66,377 കുട്ടിത്തൊഴിലാളികളാണുള്ളത്. ഇവരില്‍ 19,27,997 പേരും ഉത്തര്‍പ്രദേശിലാണ്.
എന്നാല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ റെക്കോര്‍ഡുകള്‍ പ്രകാരം വെറും 1,750 കുട്ടികളെ മാത്രമേ 1996 ന് ശേഷം ഉത്തര്‍പ്രദേശിലെ തൊഴിലിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ചേരികളും അവിടുത്തെ ജീവിത പശ്ചാത്തലവുമാണ് കുട്ടികളെ തൊഴിലിടങ്ങളിലേക്ക് തള്ളിവിടുന്നതിന് കാരണമാകുന്നത്. കണക്കുകള്‍ പ്രകാരം വരാണസിയില്‍ മാത്രം 227 ചേരികളാണുള്ളത്. ഇവയില്‍ 210 ഉം വരാണസി നഗരസഭാ പരിധിയിലാണ്.
ഈ ചേരികളില്‍ മാത്രമായി ഏകദേശം 4,53,22 പേരാണ് താമസിക്കുന്നത്. ഇത് നഗരത്തിന്റെ മൊത്തം ജനസംഖ്യയുടെ 37.69 ശതമാനം വരും. ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിനീവല്‍ മിഷന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇവിടെയുള്ള ഒരു കുടംബത്തിന്റെ ശരാശരി പ്രതിദിന വരുമാനം 100 മുതല്‍ 150 വരെ രൂപയാണ്. ഒരു കുടുംബത്തില്‍ എട്ട് അംഗങ്ങള്‍ വരെയുണ്ടാകും. ഇതൊക്കെ കുട്ടികളെ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണ് വിലയിരുത്തല്‍.