Connect with us

Kerala

പ്രതിപക്ഷം ഉപരോധം അവസാനിപ്പിച്ചു; ജനസമ്പര്‍ക്ക പരിപാടി തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം പിന്‍വലിച്ചു. അതേസമയം ജനസമ്പര്‍ക്ക പരിപാടി തുടരുകയാണ്.

ഉപരോധസമരം നടത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്‌റ്റേഡിയത്തിനുമുന്നിലും സെക്രട്ടേറിയേറ്റിന് മുന്നിലുമാണ് പ്രതിപക്ഷം സമരം നടത്തിയത്. ഉപരോധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി ശിവന്‍ കുട്ടി എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉപരോധത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തകരും പോലീസും നേരിയ വാക്കേറ്റം ഉണ്ടായിരുന്നു എങ്കിലും നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് വലിയ പ്രശ്‌നങ്ങലില്ലാതെയാണ് ഉപരോധം മുന്നോട്ട് പോയത്.

നേരത്തെ 9 മണിക്കുതന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടി സ്ഥലത്ത് എത്തി. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, കെ മുരളീധരന്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രിയോടൊപ്പം വേദിയില്‍ ഉണ്ട്.

14,957 പരാതികളാണ് തിരുവനന്തപുരത്തുനിന്ന് ലഭിച്ചത്. മുമ്പ് പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് ഉച്ചക്കുശേഷവും പരാതി നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.