Connect with us

Kozhikode

ടി പി വധം: നടപടികള്‍ 26ലേക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്തിമവാദം അടക്കമുള്ള തുടര്‍ നടപടികള്‍ ഈ മാസം 26ലേക്ക് മാറ്റി. 31ാം പ്രതി ലംബു പ്രദീപന്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ വിചാരണ കോടതിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കേസ് വിളിച്ച ശേഷം 26ലേക്ക് മാറ്റിക്കൊണ്ട് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എ പി ഷൗക്കത്തലിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ലംബു പ്രദീപന്‍ നേരത്തെ ഹരജി നല്‍കിയിരുന്നത്.
ലംബു പ്രദീപനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ 9497990138 നമ്പര്‍ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മറ്റൊരിടത്താണെന്നും ബി എസ് എന്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കണമെന്ന് ലംബു പ്രദീപന്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അത് അന്വേഷണ സംഘത്തിന്റെ രഹസ്യങ്ങള്‍ പലതും വെളിപ്പെടുമെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.